Connect with us

International

ആഭ്യന്തര വിമാന സര്‍വീസുകള്‍ 25 മുതല്‍

Varthamanam Bureau

Published

on


ന്യൂദല്‍ഹി: കൊറോണയുടെ പശ്ചാത്തലത്തില്‍ അടച്ചിട്ട രാജ്യത്തെ വ്യോമയാന മേഖലയുടെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു. മെയ് 25 മുതല്‍ രാജ്യത്ത് ആഭ്യന്തര വിമാന സര്‍വീസ് നടത്തും. കൃത്യമായ മനദണ്ഡങ്ങളോടെയാകും സര്‍വീസ് പുനരാരംഭിക്കുന്നത്. കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരിയാണ് ഇക്കാര്യം ട്വിറ്ററിലിടെ അറിയിച്ചത്. കൊറോണ വൈറസ് വ്യാപനം കണക്കിലെടുത്ത് രണ്ട് മാസത്തോളം നിര്‍ത്തിവച്ചിരുന്ന വിമാന സര്‍വീസുകളാണ് പുനരാരംഭിക്കാന്‍ ഒരുങ്ങുന്നത്. മെയ് 25 മുതല്‍ പ്രവര്‍ത്തനം തുടങ്ങാന്‍ സജ്ജമാകാന്‍ വിമാന കമ്പനികളെയും എയര്‍ പോര്‍ട്ടുകളെയും അറിയിച്ചിട്ടുണ്ട്. നാലാംഘട്ട അടച്ചുപൂട്ടല്‍ ആരംഭിക്കുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാന മുഖ്യമന്ത്രിമാരുമായിനടത്തിയ വിഡിയോ കോണ്‍ഫറന്‍സില്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ ആരംഭിക്കരുതെന്നാണ് തിമിഴ്‌നാടും ബംഗാളുമുള്‍പ്പടെയുള്ള ചില സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നത്. നാലാംഘട്ട അടച്ചുപൂട്ടലിന്റെ മാര്‍ഗനിര്‍ദ്ദേശത്തില്‍ 31വരെ ആഭ്യന്തര വിമാന സര്‍വിസുകള്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും പിന്നിട് സര്‍വീസ് ആരംഭിക്കുന്നകാര്യത്തില്‍ തീരുമാനമുണ്ടാവുകയായിരുന്നു.യാത്രക്കാര്‍ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങള്‍ സംബന്ധിച്ച വിശദമായ ഉത്തരവ് വ്യോമയാന മന്ത്രാലയം പുറത്തിറക്കും. കൊവിഡ് 19 പശ്ചാത്തലത്തില്‍ കഴിഞ്ഞ മാര്‍ച്ച് 25നാണ് ആഭ്യന്തര – അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തിവച്ചത്. ശാരിരിക അകലം പാലിക്കുന്നതടക്കമുള്ള സംവിധാനങ്ങള്‍ ഉറപ്പാക്കാനും യാത്രക്കാരെ പരിശോധിക്കുന്നതിനുള്ള സംവിധാനങ്ങള്‍ സജ്ജമാക്കാനും വിവിധ വിമാനതാവളങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടപടികള്‍ ആരംഭിച്ചിരുന്നു. സുരക്ഷ പരിശോധനകളടക്കമുള്ള കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിലും ശാരിരിക അകലം പാലിക്കുന്നതിനുള്ള സംവിധാനങ്ങള്‍ സജ്ജമാക്കുന്നതായിരിക്കും. അതു പോലെ വിമാനതാവളങ്ങളിലെ കൗണ്ടറുകളുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും യാത്രക്കാരുടെ ലഗേജുകള്‍ കൈകാര്യം ചെയ്യുന്നതിലും പ്രത്യേക മാര്‍ഗനിര്‍ദ്ദേശങ്ങളും സവിശേഷ സംവിധാനങ്ങളും സജ്ജമാക്കുന്നതിനുള്ള നടപടികളും വിമാനതാവളങ്ങളില്‍ ആരംഭിച്ചതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.വിമാന യാത്രികര്‍ക്കെല്ലാം ഫോണില്‍ ആരോഗ്യ സേതു ആപ് നിര്‍ബന്ധമാക്കുന്നതിനെക്കുറിച്ചും കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഈ നിര്‍ദേശം വ്യോമയാന മന്ത്രാലയം അംഗീകരിച്ചാല്‍ ഫോണില്‍ ആപ് ഇല്ലാത്തവരെ വിമാനത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞതായി വാര്‍ത്താ എജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു .ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരുന്നെങ്കിലും  കാര്‍ഗോ വിമാനങ്ങള്‍, മെഡിക്കല്‍ ഇവാക്വേഷന്‍ വിമാനങ്ങള്‍, ഏവിയേഷന്‍ റെഗുലേറ്റര്‍ ഡിജിസിഎ അംഗീകരിച്ച പ്രത്യേക വിമാനങ്ങള്‍  എന്നിവ പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിച്ചിരുന്നു. ഈ മാസമാദ്യം രാജ്യത്തുടനീളമുള്ള എയര്‍പോര്‍ട്ട് മാനേജര്‍മാരുമായുള്ള ആശയവിനിമയത്തില്‍, എല്ലാ വിമാനത്താവളങ്ങളും പ്രവര്‍ത്തനത്തിന് സജ്ജമായിരിക്കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല നാലാംഘട്ട ലോക്ക്ഡൗണ്‍ കഴിയുന്നതിനു മുന്‍പ് വിമാന സര്‍വീസുകള്‍ ആരംഭിച്ചേക്കുമെന്ന സൂചന വ്യോമയാന മന്ത്രിയും നല്കിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial