Connect with us

Kerala

ആരാധനാലയങ്ങളും മാളുകളും റസ്റ്റോറന്റുകളും 9 മുതല്‍

Varthamanam Bureau

Published

on

  • കേന്ദ്ര ഇളവുകള്‍ സംസ്ഥാനത്തും
  • 8 ന് എല്ലാ സ്ഥാപനങ്ങളും അണുവിമുക്തമാക്കണം


തിരുവനന്തപുരം: ആരാധനാലയങ്ങള്‍, ഷോപ്പിങ് മാളുകള്‍, റസ്റ്റോറന്റുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവ സംബന്ധിച്ച് കേന്ദ്രം പ്രഖ്യാപിച്ച ഇളവുകള്‍ പൊതുവായി സംസ്ഥാനത്ത് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആരാധനാലയങ്ങളും റസ്റ്റോറന്റുകളും മാളുകളും ഹോട്ടലുകളും ജൂണ്‍ 9 മുതല്‍ നിയന്ത്രണവിധേയമായി പ്രവര്‍ത്തിപ്പിക്കാം. ജൂണ്‍ 8ന് എല്ലാ സ്ഥാപനങ്ങളും അണുവിമുക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
65 വയസ്സിനു മുകളിലുള്ളവര്‍, 10 വയസ്സിനു താഴെയുള്ളവര്‍, ഗര്‍ഭിണികള്‍, മറ്റ് അസുഖമുള്ള വ്യക്തികള്‍ എന്നിവര്‍ വീട്ടില്‍ തന്നെ കഴിയണമെന്ന കേന്ദ്ര മാര്‍ഗനിര്‍ദേശം നടപ്പാക്കും. മതസ്ഥാപനങ്ങള്‍ നടത്തുന്നവര്‍ ഇത്തരത്തില്‍ അറിയിപ്പ് നല്‍കണം.

ആരാധനാലയങ്ങള്‍:
ആദ്യം വരുന്നവര്‍ ആദ്യം എന്ന നിലയില്‍ ആരാധനാലയങ്ങളില്‍ എത്തുന്നവരുടെ എണ്ണം ക്രമീകരിക്കണം.
കൂട്ടംചേരല്‍ ഉണ്ടാകരുത്.
പൊതുവായ ടാങ്കുകളിലെ വെള്ളം ശരീരം വൃത്തിയാക്കാന്‍ ഉപയോഗിക്കരുത്. ടാപ്പുകളില്‍നിന്നു മാത്രമേ ഉപയോഗിക്കാവൂ.
രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ആരാധനാലയങ്ങളില്‍ പ്രവേശിക്കരുത്.
കോവിഡ് 19 ബോധവല്‍ക്കരണ പോസ്റ്ററുകള്‍ പ്രകടമായി പ്രദര്‍ശിപ്പിക്കണം.
ചെരുപ്പുകള്‍ അകത്ത് കടത്തരുത്. നിശ്ചിത അകലത്തില്‍ പ്രത്യേകം പ്രത്യേകം സൂക്ഷിക്കണം.
ക്യൂ നില്‍ക്കേണ്ട സ്ഥലം പ്രത്യേകം അടയാളപ്പെടുത്തണം. കയറുന്നതിനും ഇറങ്ങുന്നതിനും വെവ്വേറെ പോയിന്റുകള്‍ ഉണ്ടാകണം.
കേന്ദ്രം മുമ്പോട്ടുവെച്ച ഈ നിബന്ധനകള്‍ ഇവിടെയും നടപ്പാക്കും. ആരാധനാലയങ്ങളില്‍ എത്തുന്നവരുടെ പേരുവിവരം സൂക്ഷിക്കണം.
എയര്‍കണ്ടീഷനുകള്‍ ഒഴിവാക്കുന്നതാണ് ഉചിതം. ഉപയോഗിക്കുകയാണെങ്കില്‍ കേന്ദ്ര നിബന്ധന അനുസരിച്ച് 24-30 ഡിഗ്രി സെല്‍ഷ്യസ് എന്ന ക്രമത്തില്‍ താപനില ക്രമീകരിക്കണം.
അന്നദാനവും മറ്റും ഒഴിവാക്കുന്നതാണ് നല്ലത്.
ചോറൂണ് മുതലായ ചടങ്ങുകള്‍ ഒഴിവാക്കണം.
മാമോദീസ നടത്തുന്നുണ്ടെങ്കില്‍ കരസ്പര്‍ശമില്ലാതെ ആയിരിക്കണം.
പ്രസാദവും തീര്‍ത്ഥജലം തളിക്കുന്നതും ഒഴിവാക്കണമെന്ന് കേന്ദ്ര നിര്‍ദേശത്തിലുണ്ട്.
ഖര, ദ്രാവക വസ്തുക്കള്‍ കൂട്ടായി വിതരണം ചെയ്യുന്നത് ഒഴിവാക്കണമെന്ന് തന്നെയാണ് സംസ്ഥാന സര്‍ക്കാരിന്റെയും നിലപാട്.
അസുഖമുള്ള വ്യക്തി ആരാധനാലയത്തില്‍ എത്തിച്ചേര്‍ന്നാല്‍ എങ്ങനെ ചികിത്സ ലഭ്യമാക്കണം എന്നതിനുള്ള കേന്ദ്ര മാനദണ്ഡങ്ങള്‍ അതേപടി സംസ്ഥാനത്ത് നടപ്പാക്കും.

താമസിക്കാനുള്ള ഹോട്ടലുകള്‍:
സാനിറ്റൈസര്‍, താപപരിശോധനാ സംവിധാനങ്ങള്‍ ഉണ്ടാകണം. ഹാജരാകുന്ന സ്റ്റാഫിനും ഗസ്റ്റുകള്‍ക്കും രോഗലക്ഷണങ്ങള്‍ ഉണ്ടാകരുത്. സ്റ്റാഫും ഗസ്റ്റും ഹോട്ടലില്‍ ഉള്ള മുഴുവന്‍ സമയവും മുഖാവരണം നിര്‍ബന്ധമായും ധരിച്ചിരിക്കണം. അകത്തേക്കും പുറത്തേക്കുമുള്ള പ്രവേശത്തിന് പ്രത്യേകം സംവിധാനമുണ്ടാകണം. പല ഹോട്ടലുകളിലും ഈ സംവിധാനം ഇല്ല. എന്നാലും, ആളുകള്‍ കയറുന്നതും ഇറങ്ങുന്നതും ഒരേ സമയത്താകരുതെന്ന് പ്രത്യേകം ശ്രദ്ധിക്കണം.
ലിഫ്റ്റില്‍ കയറുന്ന ആളുകളുടെ എണ്ണം പരിമിതപ്പെടുത്തണം. അകലം പാലിക്കണം. എസ്‌കലേറ്ററുകളില്‍ ഒന്നിടവിട്ട പടികളില്‍ നില്‍ക്കണം. അതിഥിയുടെ യാത്രാ ചരിത്രം, ആരോഗ്യസ്ഥിതി എന്നിവ സ്വയം സാക്ഷ്യപ്പെടുത്തി റിസപ്ഷനില്‍ നല്‍കണം.
പേമെന്റുകള്‍ ഓണ്‍ലൈന്‍ മാര്‍ഗത്തില്‍ വാങ്ങണം. സ്പര്‍ശനം ഒഴിവാക്കുന്ന രീതിയിലായിരിക്കണം.
ലഗേജ് അണുവിമുക്തമാക്കണം. കണ്ടെയ്‌മെന്റ് സോണുകള്‍ സന്ദര്‍ശിക്കരുതെന്ന് ആവശ്യപ്പെടണം.
റൂം സര്‍വ്വീസ് പരമാവധി പ്രോത്സാഹിപ്പിക്കണം. റൂമിന്റെ വാതില്‍ക്കല്‍ ആഹാരസാധനങ്ങള്‍ വയ്ക്കണം.
താമസക്കാരുടെ കൈയില്‍ നേരിട്ട് നല്‍കരുത്.
എയര്‍ കണ്ടീഷണര്‍ 24-30 ഡിഗ്രി സെല്‍ഷ്യസില്‍ പ്രവര്‍ത്തിപ്പിക്കണം. പരിസരവും ശൗചാലയങ്ങളും അണുമുക്തമാക്കണം. കുട്ടികളുടെ കളി സ്ഥലങ്ങളും ഗെയിം ആര്‍ക്കേഡുകളും അടച്ചിടണം.

റെസ്റ്റോറന്റുകള്‍:
റസ്റ്റോറന്റുകള്‍ തുറന്ന് ആളുകള്‍ക്ക് അകത്തിരുന്ന് ഭക്ഷണം കഴിക്കാം. ഹോം ഡെലിവറി പരമാവധി പ്രോത്സാഹിപ്പിക്കണം. ഹോം ഡെലിവറിക്ക് പോകുന്ന ജീവനക്കാരുടെ താപപരിശോധന നടത്തണം. ബുഫെ നടത്തുന്നുവെങ്കില്‍ സാമൂഹ്യ അകലം കൃത്യമായി പാലിക്കണം.
മെനു കാര്‍ഡുകള്‍ ഒരാള്‍ ഉപയോഗിച്ചശേഷം നശിപ്പിക്കുന്ന രീതിയില്‍ ഡിസ്പോസിബിള്‍ വസ്തുക്കള്‍ കൊണ്ട് നിര്‍മിക്കണം. തുണികൊണ്ടുള്ള നാപ്കിനുകള്‍ക്കു പകരം പേപ്പര്‍ നാപ്കിനുകള്‍ ഉപയോഗിക്കണം. റസ്റ്റോറന്റുകളില്‍ ഭക്ഷണം വിളമ്പുന്നവര്‍ മാസ്‌കും കൈയുറയും ധരിക്കണം.

ഷോപ്പിങ് മാളുകള്‍:
ഫുഡ് കോര്‍ട്ടുകളിലും റസ്റ്റാറന്റുകളിലും സീറ്റിങ് കപ്പാസിറ്റിയുടെ 50 ശതമാനം മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ.
ജീവനക്കാര്‍ മാസ്‌കും കൈയുറകളും ധരിക്കണം. ഡിജിറ്റല്‍ മോഡിലൂടെയുള്ള പണം സ്വീകരിക്കല്‍ പ്രോത്സാഹിപ്പിക്കണം. എല്ലാ ടേബിളുകളും ഉപഭോക്താവ് പോയതിനുശേഷം അണുമുക്തമാക്കണം. മാളുകള്‍ക്കുള്ളിലെ സിനിമാ ഹാളുകള്‍ അടച്ചിടണം. കുട്ടികളുടെ കളി സ്ഥലങ്ങളും ഗെയിം ആര്‍ക്കേഡുകളും തുറക്കരുത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial