Connect with us

National

ആരാധനാലയങ്ങള്‍ മാര്‍ഗരേഖയായി

Varthamanam Bureau

Published

on

  • ആരാധനാലയത്തിലെ വിഗ്രഹത്തിലോ, ഗ്രന്ഥങ്ങളിലോ തൊടാന്‍ ഭക്തരെ അനുവദിക്കില്ല
  • പ്രസാദം, തീര്‍ഥം എന്നിവ ആരാധനാലയത്തിനുള്ളില്‍ നല്‍കാന്‍ പാടില്ല
  • പള്ളികളില്‍ ഗായകസംഘത്തെ അനുവദിക്കില്ല
  • കോവിഡ് രോഗലക്ഷണം ഇല്ലാത്തവരെ മാത്രമേ ആരാധനാലയത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കൂ.

ന്യൂദല്‍ഹി: രാജ്യത്തെ ആരാധനാലയങ്ങള്‍ ജൂണ്‍ എട്ടു മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള മാര്‍ഗരേഖ കേന്ദ്ര ആഭ്യന്ത്രമന്ത്രാലയം പുറത്തിറക്കി. 65 വയസ് കഴിഞ്ഞവരും 10 വയസിന് താഴെ ഉള്ളവരും ഗര്‍ഭിണികളും മറ്റ് അസുഖങ്ങള്‍ ഉള്ളവരും വീടുകളില്‍ തന്നെ കഴിയണം. ആരാധനാലയത്തിലെ വിഗ്രഹത്തിലോ, ഗ്രന്ഥങ്ങളിലോ തൊടാന്‍ ഭക്തരെ അനുവദിക്കില്ല. പ്രസാദം, തീര്‍ഥം എന്നിവ ആരാധനാലയത്തിനുള്ളില്‍ നല്‍കാന്‍ പാടില്ലെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു. ഒരേസമയം എത്രപേര്‍ക്ക് പ്രവേശനമാകാമെന്നതിനെ സംബന്ധിച്ച് മാര്‍ഗരേഖയില്‍ നിര്‍ദേശമില്ല. പള്ളികളില്‍ ഗായകസംഘത്തെ അനുവദിക്കില്ല. പ്രാര്‍ത്ഥനയ്ക്ക് പൊതുപായ ഉപയോഗിക്കരുതെന്നും നിര്‍ദേശത്തില്‍ പറയുന്നു. ആരാധനയ്ക്കെത്തുന്നവര്‍ മാസ്‌ക് ധരിക്കണം. പ്രവേശന കവാടത്തില്‍ താപനില പരിശോധിക്കാനുള്ള സംവിധാനമുണ്ടാവണം. ഒരുമിച്ച് ആളുകളെ പ്രവേശിപ്പിക്കരുത്. പ്രവേശിക്കുന്നതിന് മുമ്പ് കൈയ്യുകാലും സോപ്പ് ഉപയോഗിച്ച് കഴുകുന്നതിനുള്ള സംവിധാനങ്ങളുണ്ടാവണം. ക്യുവില്‍ സാമുഹിക അകലം പാലിക്കണം. കണ്ടെയ്ന്‍മെന്റ് സോണില്‍ ആരാധനാലയം തുറക്കരുതെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. കോവിഡ് രോഗലക്ഷണം ഇല്ലാത്തവരെ മാത്രമേ ആരാധനാലയത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കൂ. പാദരക്ഷകള്‍ കഴിവതും വാഹനങ്ങളില്‍ തന്നെ വയ്ക്കണം. അതിന് സാധിച്ചില്ലെങ്കില്‍ പ്രത്യേകമായി വയ്ക്കണം. ഒരു കുടുംബത്തിലെ അംഗങ്ങള്‍ക്ക് ഒരുമിച്ച് പാദരക്ഷകള്‍ വയ്ക്കാം. ക്യൂവില്‍ ആറടി അകലം പാലിക്കണം. ആരാധനാലയം കൃത്യമായ ഇടവേളകളില്‍ കഴുകുകയും അണുവിമുക്തമാക്കുകയും വേണം. ആരെങ്കിലും ആരാധനാലയത്തില്‍ വച്ച് അസുഖ ബാധിതന്‍ ആയാല്‍, പെട്ടെന്ന് ഒരു മുറിയിലേക്ക് മാറ്റണം. ഡോക്ടറെ വിളിച്ച് വരുത്തി പരിശോധിപ്പിക്കണം. കോവിഡ് സ്ഥിരീകരിച്ചാല്‍ ഉടന്‍ ആരാധനാലയം അണുവിമുക്തമാക്കണം.

ഷോപ്പിങ്ങ് മാളുകള്‍ തുറക്കാനും മാര്‍ഗനിര്‍ദേശം
ഷോപ്പിങ് മാളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനും കേന്ദ്രം മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. മാളുകളില്‍ തീയറ്ററുകളും കുട്ടികളുടെ വിനോദകേന്ദ്രങ്ങളും തുറക്കരുത്. ഹോട്ടലുകളിലും റസ്റ്ററന്റുകളിലും തെര്‍മല്‍ സ്‌ക്രീനിങ് നിര്‍ബന്ധമാക്കി. സന്ദര്‍ശകര്‍ യാത്രാവിവരങ്ങളും ആരോഗ്യസ്ഥിതിയും സാക്ഷ്യപ്പെടുത്തിയിരിക്കണം. ലഗേജുകള്‍ അണുവിമുക്തമാക്കിയ ശേഷമേ മുറികളില്‍ എത്തിക്കാവൂ എന്നും കേന്ദ്രനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial