Connect with us

National

ഉംപുന്‍ ചുഴലിക്കാറ്റ്: ബംഗാളില്‍ 72 മരണം; നിരവധി വീടുകള്‍ തകര്‍ന്നു

Varthamanam Bureau

Published

on

പ്രധാനമന്ത്രി ഇന്ന് മമതക്കൊപ്പം ദുരന്തമേഖലകളില്‍ വ്യോമ നിരീക്ഷണം നടത്തും

കൊല്‍ക്കത്ത: അതിതീവ്ര ചുഴലിക്കാറ്റായ ഉംപുന്‍ വീശിയടിച്ചതിനെ തുടര്‍ന്ന് പശ്ചിമ ബംഗാളില്‍ 72 പേര്‍ മരിച്ചതായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.കൊല്‍ക്കത്തയില്‍ 15, നോര്‍ത്ത് 24 പര്‍ഗനാസില്‍ 18, സൗത്ത് 24 പര്‍ഗനാസില്‍ 17, ഹൗറയില്‍ ഏഴ്, കിഴക്കന്‍ മദിനപുരില്‍ ആറ്, ഹൂഗ്ലിയില്‍ രണ്ട് എന്നിങ്ങനെയാണ്മരണം. കൊടുങ്കാറ്റിനെ തുടര്‍ന്ന് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ടര ലക്ഷം രൂപ വീതം നഷ്ടപരിഹാരമായി നല്കുമെന്നും മമത പറഞ്ഞു. ശക്തമായ ചുഴലിക്കാറ്റില്‍ ആയിരക്കണക്കിന് വീടുകള്‍ നശിച്ചു. മണിക്കൂറില്‍ 185 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശിയടിച്ചു. ഇതിന് മുന്‍പ് ഇത്തരമൊരു ദുരന്തം കണ്ടിട്ടില്ലെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു.അതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പശ്ചിമ ബംഗാള്‍ സന്ദര്‍ശിക്കും. ഉംപുന്‍ ചുഴലിക്കാറ്റില്‍ പശ്ചിമ ബംഗാളില്‍ വ്യാപക നാശനഷ്ടമുണ്ടായ സാഹചര്യത്തിലാണ് സന്ദര്‍ശനം. മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കൊപ്പം ഹെലികോപ്റ്ററില്‍ ചുഴലിക്കാറ്റ് ബാധിത മേഖല വീക്ഷിച്ച് നാശനഷ്ടം വിലയിരുത്തും. നാശനഷ്ടം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സംസ്ഥാനം സന്ദര്‍ശിക്കാന്‍ മമത ബാനര്‍ജി ആവശ്യപ്പെട്ടിരുന്നു. ‘നിലവിലെ സ്ഥിതിഗതികള്‍ ശരിയല്ല, പ്രധാനമന്ത്രിയോട് സന്ദര്‍ശനം നടത്താന്‍ ആവശ്യപ്പെടുന്നുവെന്നും കാലാവസ്ഥ മെച്ചപ്പെട്ടാല്‍ താന്‍ ഹെലികോപ്ടറില്‍ സന്ദര്‍ശനം നടത്തി നാശനഷ്ടം വിലയിരുത്തുമെന്നും മമത വ്യക്തമാക്കിയിരുന്നു. കോവിഡ് മഹാമാരിയെക്കാള്‍ മോശമാണ് ഉംപിന്റെ ആഘാതമെന്നും ചുഴലിക്കാറ്റില്‍ ഒരു ലക്ഷം കോടി രൂപയുടെ നാശനഷ്ടമുണ്ടായതായും മമത കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു .അതിനിടെ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ കണ്ടതായും രാജ്യം മുഴുവന്‍ ബംഗാളിനൊപ്പം നില്ക്കുന്നുവെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ട്വിറ്ററിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം ബംഗാളിനെയും ഒഡീഷയെയും തകര്‍ത്തെറിഞ്ഞ ഉംപുന്‍ ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞു. കൊല്‍ക്കത്തയുടെ വടക്ക് വടക്ക് കിഴക്ക് ദിശയില്‍ നീങ്ങി ബംഗ്ലദേശില്‍ വീശാന്‍ തുടങ്ങിയ ഉംപുന്‍ തീവ്ര ന്യൂനമര്‍ദമായി മാറി. ഇന്ന് വൈകിട്ടോടെ ഉംപുന്റെ സ്വാധീനം പൂര്‍ണമായും ഇല്ലാതാകും. ചുഴലിക്കാറ്റിനെ തുടര്‍ന്ന് താറുമാറായ വാര്‍ത്താ വിനിമയ സംവിധാനങ്ങളും വൈദ്യുതി ബന്ധവും പുനശ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങള്‍അതിവേഗത്തില്‍ പുരോഗമിക്കുകയാണ്. ചുഴലിക്കാറ്റിനെതുടര്‍ന്ന് കൊല്‍ക്കത്ത വിമാനത്താവളം വെള്ളത്തിലായി. റണ്‍വേയും വിമാനങ്ങള്‍ സൂക്ഷിക്കുന്ന ഷെഡ്ഡും വെള്ളത്തില്‍ മുങ്ങിയിരുന്നു. ഇന്നലെ വൈകുന്നേരത്തോടെ വിമാന താവളം പ്രവര്‍ത്തനസജ്ജമാവുകയും കൊല്‍ക്കത്തയില്‍ അടച്ചുപൂട്ടലിനെ തുടര്‍ന്ന് കുടുങ്ങിയ റഷ്യക്കാരെ കൊണ്ടുപോകുന്നതിനുള്ള പ്രത്യേക വിമാനം ലാന്റ് ചെയ്യുകയും ചെയ്തു. അടുത്ത 24 മണിക്കൂറിനുള്ളിള്‍ ഒഡീഷയിലും സ്ഥിതിഗതികള്‍ സാധാരണ നിലയിലാവുമെന്ന് അധികൃതര്‍ ഇന്നലെ വൈകീട്ട് വ്യക്തമാക്കി. ബംഗാളിലും ഒഡീഷയിലുമായി ഏഴുലക്ഷത്തോളം പേരെയാണ് സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിപ്പാര്‍പ്പിച്ചത്. ബംഗ്ലദേശില്‍ 24 ലക്ഷം പേരെയാണ്ഒഴിപ്പിച്ചത്. ബുധനാഴ്ച്ച ഉച്ചയ്ക്കാണ് ഉംപുന്‍ കരതൊട്ടത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial