Connect with us

Kerala

എല്ലാ പ്രവാസികളെയും സ്വീകരിക്കും, മുന്‍കരുതലിന്റെ ഭാഗമായി കോവിഡ് പരിശോധന നടത്തണം: മുഖ്യമന്ത്രി

Varthamanam Bureau

Published

on

തിരുവനന്തപുരം: വിദേശത്തുനിന്നും ഇതരസംസ്ഥാനങ്ങളില്‍നിന്നും വരുന്നവരില്‍ രോഗം ബാധിച്ചവരുണ്ടെങ്കിലും എല്ലാവരെയും നാം സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.
ഇവര്‍ക്ക് ആവശ്യമായ ചികിത്സ നല്‍കും. അതേസമയം സമ്പര്‍ക്കത്തിലൂടെ രോഗം പകരുന്നത് പരമാവധി തടയാന്‍ സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തും. ഇക്കാര്യത്തില്‍ വേണ്ടത്ര മുന്‍കരുതല്‍ എടുത്തില്ലെങ്കില്‍ രോഗവ്യാപനത്തോത് നിയന്ത്രണാതീതമാകും.
ഈ ജാഗ്രതയുടെയും മുന്‍കരുതലിന്റെയും ഭാഗമായാണ് വിദേശത്തുനിന്ന് വരുന്നവര്‍ക്ക് അവര്‍ പുറപ്പെടുന്ന രാജ്യത്തുതന്നെ കോവിഡ് പരിശോധന നടത്തണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. വിദേശത്തുള്ളവര്‍ നാട്ടിലേക്ക് വരുമ്പോള്‍ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ തുടക്കം മുതലേ ആവശ്യപ്പെടുന്നുണ്ട്.
കോവിഡ് ടെസ്റ്റ് നടത്തിയ ശേഷമാകണം പ്രവാസികള്‍ നാട്ടിലേക്ക് വരേണ്ടത് എന്ന് മെയ് അഞ്ചിന് കേന്ദ്രത്തിന് നല്‍കിയ കത്തിലും സംസ്ഥാനം ആവര്‍ത്തിച്ചിരുന്നു. വന്ദേഭാരത് മിഷനിലൂടെ വരുന്നവര്‍ക്കും കോവിഡ് ടെസ്റ്റ് നടത്തണമെന്നാണ് ആവശ്യപ്പെട്ടത്.
ഈ മാസം ആദ്യം സ്പൈസ് ജെറ്റിന്റെ 300 ചാര്‍ട്ടേര്‍ഡ് ഫ്ളൈറ്റിന് കേരളം എന്‍ഒസി നല്‍കിയിരുന്നു. കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് ആകുന്നവരെയാണ് കൊണ്ടുവരിക എന്നാണ് അവര്‍ അറിയിച്ചത്. ഇത് അവര്‍ തന്നെ സംസ്ഥാന സര്‍ക്കാരിന് മുന്നില്‍ വെച്ച നിബന്ധനയാണ്. ചില സംഘടനകള്‍ ചാര്‍ട്ടര്‍ ഫ്ളൈറ്റിന് അനുമതി ആവശ്യപ്പെട്ടപ്പോള്‍ സംസ്ഥാനം അതും നല്‍കി. അവരോടും സ്പൈസ്ജെറ്റ് ചെയ്യുന്നതുപോലെ കോവിഡ് പരിശോധന വേണമെന്ന് അറിയിച്ചാണ് അനുമതി നല്‍കിയത്. എല്ലാവര്‍ക്കും കോവിഡ് പരിശോധന നിര്‍ബന്ധമാണ്. എല്ലാറ്റിനും ഒരേ മാനദണ്ഡമാകണം.
ചാര്‍ട്ടേര്‍ഡ് ഫ്ളൈറ്റുകളില്‍ സ്പൈസ് ജെറ്റ് കമ്പനി ടെസ്റ്റുകള്‍ നടത്തിയാണ് ആളുകളെ കൊണ്ടുവരുന്നതെന്ന് കമ്പനിയുടെ സിഎംഡി തന്നെ അറിയിച്ചിരുന്നു. ഇതിനകം ഇരുപതിലധികം വിമാനങ്ങള്‍ ടെസ്റ്റിംഗ് നടത്തിയ യാത്രക്കാരുമായാണ് വന്നത്. ജൂണ്‍ 30നകം 100 വിമാനങ്ങള്‍ വരുന്നുണ്ടെന്നും ജൂണ്‍ 20നു ശേഷം ഓരോ യാത്രക്കാര്‍ക്കും പ്രത്യേകമായി കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടാകുമെന്നും സിഎംഡി അറിയിച്ചിട്ടുണ്ട്.
യാത്രക്കാര്‍ക്ക് പിസിആര്‍ ടെസ്റ്റ് നടത്തുന്നതിന് പല രാജ്യങ്ങളിലും പ്രയാസം നേരിടുന്നതായി പ്രവാസികളും സംഘടനകളും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇങ്ങനെ പ്രയാസമുണ്ടെങ്കില്‍ ആന്റിബോഡി ടെസ്റ്റ് നടത്താം. ആന്റി ബോഡി ടെസ്റ്റിന്റെ ഫലം പെട്ടെന്ന് ലഭിക്കും. കുറഞ്ഞ ചെലവുളള ട്രൂ നാറ്റ് എന്ന പരിശോധനാ സമ്പ്രദായം വ്യാപകമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial