Connect with us

Kerala

കോട്ടണ്‍ഹില്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഹൈടെക് സംവിധാനത്തിലേക്ക്

Varthamanam Bureau

Published

on

തിരുവനന്തപുരം: ഏഷ്യയിലെ തന്നെ ഏറ്റവും കൂടുതല്‍ പെണ്‍കുട്ടികള്‍ പഠിക്കുന്ന കോട്ടണ്‍ഹില്‍ ഗവ.ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂള്‍ ഹൈടെക് നിലവാരത്തിലേക്ക്. 17.925 കോടി രൂപ ചെലവഴിച്ച് ആധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ച ബഹുനില മന്ദിരം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോകോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാലയങ്ങളിലെ ഭൗതിക സാഹചര്യങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി നിര്‍മ്മിച്ച ഹൈടെക് ബഹുനിലമന്ദിരം കൂടി പ്രവര്‍ത്തനക്ഷമമായതോടെ കോട്ടണ്‍ഹില്‍ സ്‌കൂളിലെ പഠനപ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെട്ട രീതിയിലാകാന്‍ സഹായിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ വിദ്യാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ ഇനിയും സമയമെടുക്കും. വിദ്യാര്‍ഥികളെ പഠനാന്തരീക്ഷത്തിലേക്ക് തിരികെയത്തിക്കാനാരംഭിച്ച ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് വലിയ അംഗീകരമാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. ടിവിയോ മൊബൈല്‍ഫോണ്‍ സൗകര്യമോ ഇല്ലാത്ത കുട്ടികള്‍ക്ക് അവ ലഭ്യമാക്കുന്നതിന് പ്രാദേശിക സര്‍ക്കാര്‍ നടപടി ആരംഭിച്ചിട്ടുണ്ട്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്‌കൂളുകളില്‍ ലഭ്യമാക്കിയ 1,20000 ലാപ്ടോപ്പുകള്‍ വിദ്യാര്‍ഥികള്‍ക്ക് ഉപയോഗിക്കാനുള്ള അനുമതി നല്‍കിയിട്ടുണ്ട്. ആര്‍ക്കും ക്ലാസുകള്‍ നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് വീഡിയോ കോണ്‍ഫറന്‍സിലൂടെ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കേരളത്തിന്റെ പൊതുവിദ്യാലയങ്ങളിലെ ഭൗതിക സാഹചര്യം ഏറെ മാറിയതായി അദ്ദേഹം പറഞ്ഞു. സ്‌കൂളിന് ലഭിച്ച പുരസ്‌കാരങ്ങളും വിദ്യാര്‍ഥിനികള്‍ വരച്ച ചിത്രങ്ങളുമടങ്ങിയ കെട്ടിടത്തിനകത്തു തന്നെയുള്ള നളന്ദ ആര്‍ട്ട് ഗ്യാലറി ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ അധികൃതര്‍, പിടിഎ, പൂര്‍വ്വവിദ്യാര്‍ഥികള്‍ എന്നിവരുള്‍പ്പെടെയുള്ളവരുടെ കൂട്ടായ പരിശ്രമ ഫലമായാണ് ഈ സര്‍ക്കാര്‍ വിദ്യാലയം ലോക പ്രശസ്തിയിലേക്ക് ഉയര്‍ന്നതെന്ന് മന്ത്രി പറഞ്ഞു. കമ്പ്യൂട്ടര്‍ ലാബിന്റെ ഉദ്ഘാടനം വിഎസ്ശിവകുമാര്‍ എംഎല്‍എ നിര്‍വഹിച്ചു.
ആധുനികരീതിയില്‍ മൂന്ന് നിലകളിലായി പണിത കെട്ടിടത്തിന് 77263 ചതുരശ്ര അടി വിസ്തീര്‍ണ്ണമാണുള്ളത്. ഒന്നാം നിലയില്‍ പ്രിന്‍സിപ്പല്‍ റൂം, ഫ്രണ്ട് ഓഫീസ്, വിശാലമായ ലോബി, ആര്‍ട്ട് ഗ്യാലറി, ഓഫീസ് റൂം കം അഡ്മിനിസ്ട്രേഷന്‍, ടീച്ചേഴ്സ് റൂം, അഞ്ച് കമ്പ്യൂട്ടര്‍ ലാബുകള്‍, സ്റ്റോര്‍ റൂം, അഞ്ച് ക്ലാസ് മുറികള്‍, ബാഡ്മിന്റണ്‍ കോര്‍ട്ട് ആയി ഉപയോഗിക്കത്തക്ക വിധത്തിലുള്ള മൂന്ന് കോര്‍ട്ട് യാര്‍ഡുകള്‍ എന്നിവയാണുള്ളത്. രണ്ടാം നിലയില്‍ വിശാലമായ ലോബി, രണ്ട് ടീച്ചേഴ്സ് റൂമുകള്‍, സ്പോര്‍ട്ട്സ് റൂം, ബയോളജി ലാബ്, 20 ക്ലാസ്മുറികള്‍, സ്റ്റോര്‍ റൂം എന്നിവ സജ്ജീകരിച്ചിരിക്കുന്നു. മൂന്നാം നിലയില്‍ ടീച്ചേഴ്സ് റൂം, സ്റ്റോര്‍ റൂം, 16 ക്ലാസ് മുറികള്‍, 150 പേര്‍ക്ക് ഇരിക്കാവുന്ന കോണ്‍ഫറന്‍സ് ഹാള്‍, പാന്‍ട്രി, ടോയ്ലറ്റ് ബ്ലോക്ക് എന്നിവയുമുണ്ട്.
വിദ്യാര്‍ത്ഥികള്‍ക്കായി 20 വീതം ശൗചാലയങ്ങളും ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക ശൗചാലയവും ഓരോ നിലയിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അധ്യാപകര്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കുമായി പ്രത്യേകം ശൗചാലയങ്ങളും നിര്‍മ്മിച്ചിട്ടുണ്ട്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial