Connect with us

Kerala

കോവിഡ് ഡാറ്റ: സ്പ്രിങ്ക്‌ളറിനെ ഒഴിവാക്കി

Varthamanam Bureau

Published

on

  • ഡാറ്റാ ശേഖരണവും വിശകലനവും സിഡിറ്റിന്
  • സ്പ്രിങ്ക്‌ളറിന്റെ കൈവശമുള്ള ഡാറ്റകള്‍ നശിപ്പിക്കുന്നതിന് നിര്‍ദേശം നല്കി

കൊച്ചി: സംസ്ഥാനത്തെ കോവിഡ്–19 രോഗികളുടെ വിവര വിശകലനത്തില്‍നിന്ന് സ്പ്രിങ്ക്‌ളറിനെ ഒഴിവാക്കിയതായി സര്‍ക്കാര്‍. ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇനി കോവിഡ് ഡാറ്റാ ശേഖരണവും വിശകലനവും നടത്തുന്നതിനുള്ള ചുമതല സിഡിറ്റിനായിരിക്കുമെന്നും സ്പ്രിങ്ക്‌ളര്‍ ആപ്പിനെ സിഡിറ്റിന്റെ ആമസോണ്‍ ക്ലൗഡുമായി ബന്ധിപ്പിച്ചതായും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.സ്പ്രിങ്ക്‌ളര്‍ ശേഖരിച്ച വിവരങ്ങള്‍ സുരക്ഷിതമായി സി ഡിറ്റിന്റെ ആമസോണ്‍ ക്ലൗഡിലേക്ക് മാറ്റി. ആമസോണ്‍ ക്ലൗഡിലെ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാന്‍ സ്പ്രിങ്ക്‌ളര്‍ ഉദ്യോഗസ്ഥര്‍ക്ക് അനുവാദം ഉണ്ടാകില്ല. സ്പ്രിങ്ക്‌ളറുമായി അവശേഷിക്കുന്നത് സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷന്‍ കരാര്‍ മാത്രമാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ആമസോണ്‍ ക്ലൗഡ് അക്കൗണ്ടിലേക്ക് ഏതെങ്കിലും കാരണവശാല്‍ പ്രവേശനം വേണ്ടി വന്നാല്‍ വ്യക്തിവിവരങ്ങള്‍ മറച്ചു വച്ചായിരിക്കും ഇതിന് അനുവദിക്കുകയെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. സ്പ്രിങ്ക്‌ളറിന്റെ കൈവശം ഉള്ള ഡാറ്റകള്‍ നശിപ്പിക്കുന്നതിന് അവര്‍ക്കു നിര്‍ദേശം നല്കിയിട്ടുണ്ട്. കോവിഡ് രോഗികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനു മുമ്പ് രോഗികളുടെ അനുമതിപത്രം വാങ്ങും. പൗരന്മാരുടെ സ്വകാര്യതയ്ക്കാണു സര്‍ക്കാര്‍ ഏറ്റവും അധികം പ്രാധാന്യം നല്‍കുന്നത്. അതു സര്‍ക്കാര്‍ ബഹുമാനിക്കുന്നുണ്ടെന്നും കോടതിയില്‍ അറിയിച്ചു.കേന്ദ്ര സര്‍ക്കാര്‍ അംഗികരിച്ച 12 വെബ് ക്ലൗഡുകളില്‍ ഒന്നാണ് ആമസോണ്‍ ക്ലൗഡ്.
കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയായ എസ്ടിക്യുസിയാണ് ക്ലൗഡ് ഓഡിറ്റ് ചെയ്യുന്നത്. ഡാറ്റ ആമസോണ്‍ ക്ലൗഡിലേക്കു മാറ്റിയതിനു ശേഷം സ്പ്രിങ്ക്‌ളര്‍ കമ്പനിയുടെ ഉദ്യോഗസ്ഥര്‍ക്ക് ഡാറ്റ കൈകാര്യം ചെയ്യാന്‍ കഴിയില്ല. കേന്ദ്രസര്‍ക്കാരും ആമസോണ്‍ കമ്പനിയും വിവരങ്ങള്‍ പുറത്താക്കില്ലന്ന കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും സര്‍ക്കാര്‍ സഥ്യവാങ്മൂലത്തില്‍ പറയുന്നു. നിലവില്‍ സോഫ്റ്റ്—വെയര്‍ പൂര്‍ണ്ണമായും സി ഡിറ്റിന്റെ അധീനതയിലാണ്. സോഫ്റ്റ്—വെയര്‍ നിര്‍മ്മിച്ച് നല്കാന്‍ കേന്ദ്ര സര്‍ക്കാരിനും നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിനും സംസ്ഥാന സര്‍ക്കാര്‍ കത്ത് നല്കിയിട്ടും ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു .കെ സുരേന്ദ്രന്റെ ഹര്‍ജി ചട്ടങ്ങള്‍ പ്രകാരമല്ല സമര്‍പ്പിച്ചിട്ടുള്ളതെന്നും രമേശ് ചെന്നിത്തല കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം സംശയകരമെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. കരാര്‍ റദ്ദാക്കിയ പശ്ചാത്തലത്തില്‍ ഹര്‍ജികള്‍ നിലനില്‍ക്കില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. ഹര്‍ജികളിലെ ആരോപണങ്ങള്‍ ഊഹാപോഹങ്ങള്‍ അടിസ്ഥാനമാക്കിയുള്ളതാണെന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞിട്ടുണ്ട്.കൊവിഡ് രോഗികളുടെ വിവര വിശകലനത്തിന് സംസ്ഥാന സര്‍ക്കാര്‍ സ്പ്രിങ്ക്‌ളറുമായി കരാറുണ്ടാക്കിയത് വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. സ്പ്രിംക്ലര്‍ ശേഖരിക്കുന്ന ഡാറ്റ സുരക്ഷിതമല്ലെന്നും കരാറില്‍ അഴിമതി നടന്നിട്ടുണ്ടെന്നുമായിരുന്നു പ്രതിപക്ഷം ആരോപിച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial