Connect with us

National

കോവിഡ് 19 നെതിരെ ജനകീയ കര്‍ഫ്യൂ 22 ന്

Varthamanam Bureau

Published

on

  • ജനങ്ങള്‍ ജനങ്ങള്‍ക്കുവേണ്ടി ഏര്‍പ്പെടുത്തുന്ന കര്‍ഫ്യൂ
  • രാവിലെ ഏഴ് മണിമുതല്‍ രാത്രി ഒന്‍പത് വരെ
  • ലോക മഹായുദ്ധത്തേക്കാള്‍ പ്രതിസന്ധിയിലൂടെയാണ് ലോകം കടന്നു പോകുന്നത്
  • അവശ്യവസ്തുക്കളെല്ലാം രാജ്യത്തുണ്ട്
  • മഹാമാരിയെ ഭയന്ന് എല്ലാം വാങ്ങിക്കൂട്ടരുത്
  • പല അവശ്യസേവനങ്ങളും കൊറോണയുടെ സാഹചര്യത്തില്‍ തടസ്സപ്പെട്ടിട്ടുണ്ട്
  • അത്യാവശ്യത്തിനല്ലാതെ ആശുപത്രികളില്‍ പോകുന്നത് ഒഴിവാക്കണം
  • സാമ്പത്തിക പ്രതിസന്ധി പരിഹാരംകാണാന്‍ ധനമന്ത്രിയുടെ നേതൃത്വത്തില്‍ പ്രത്യേക ദൗത്യസംഘം

ന്യൂദല്‍ഹി: രാജ്യത്ത് കൊറണ വൈറസ് വ്യാപനം പ്രതിരോധിക്കുന്നതിനുള്ള നടപടികളുടെഭാഗമായി 22ന് ആരും പുറത്തിറങ്ങരുതെന്ന് പ്രധാനമന്ത്രി. രാജ്യത്ത് കോവിഡ് ‘ഭീതി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ ജനങ്ങള്‍ക്കുവേണ്ടി ഏര്‍പ്പെടുത്തുന്ന കര്‍ഫ്യൂ ആണ് ഞായറാഴ്ച ഉണ്ടാകേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാവിലെ ഏഴ് മണിമുതല്‍ രാത്രി ഒന്‍പത് വരെ ആരും പുറത്തിറങ്ങരുത് ജനതാ കര്‍ഫ്യൂ നടപ്പാക്കാന്‍ സംസ്ഥാനങ്ങളും സംഘടനകളും മുന്നിട്ടിറങ്ങണം. ഫോണിലൂടെ ഈ സന്ദേശം പ്രചരിപ്പിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു . ലോക മഹായുദ്ധത്തേക്കാള്‍ പ്രതിസന്ധിയിലൂടെയാണ് ലോകം കടന്നു പോകുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. കൊറോണ വൈറസ് ബാധ രാജ്യം കരുതലോടെ നേരിടണം. കൊറോണയില്‍ നിന്നു രക്ഷനേടാന്‍ മരുന്നോ വാക്‌സിനോ കണ്ടെത്തിയിട്ടില്ല. ഈ സാഹചര്യത്തില്‍ ആശങ്ക സ്വാഭാവികമാണ്. വിവിധ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ വീട്ടിലിരുന്ന് ജോലി ചെയ്യാനാകുമെങ്കില്‍ അതു കൃത്യമായി പാലിക്കണം. 65 വയസ്സിനു മുകളിലുള്ള എല്ലാവരും വീടിനു പുറത്തിറങ്ങാതിരിക്കാനും ശ്രദ്ധിക്കണം. കൊറോണയെ പ്രതിരോധിക്കാന്‍ ജനം കരുതലോടെയിരിക്കണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു. ഞായറാഴ്ച വൈകിട്ട് 5ന് അഞ്ചുമിനിറ്റ് നേരം കൊറോണക്കാലത്തു നമ്മുടെ രാജ്യത്തിനു വേണ്ടി നിലകൊള്ളുന്നവര്‍ക്കു വേണ്ടി നന്ദി പറയാന്‍ സമയം കണ്ടെത്തണം. അഞ്ച് മണിക്ക് ഇതിനായുള്ള സൈറന്‍ ലഭിക്കും. നന്ദി പ്രകടിപ്പിക്കാന്‍ ഏതുരീതി വേണമെങ്കിലും ഉപയോഗിക്കാം.
ഭക്ഷ്യധാന്യം, പാല്‍, മരുന്ന് തുടങ്ങിയ അവശ്യവസ്തുക്കളെല്ലാം രാജ്യത്തുണ്ട്. എന്നാല്‍ മഹാമാരിയെ ‘ഭയന്ന് എല്ലാം വാങ്ങിക്കൂട്ടരുത്. വരുംനാളുകളില്‍ രാജ്യത്തെ ജനങ്ങളെല്ലാം തങ്ങളുടെ കര്‍ത്തവ്യങ്ങളെല്ലാം കൃത്യമായി പാലിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. പല പ്രശ്‌നങ്ങളും ഇക്കാലത്തുണ്ടാകാം. പക്ഷേ പൗരനെന്ന നിലയില്‍ ഉത്തരവാദിത്തങ്ങള്‍ പാലിക്കാന്‍ തയാറാകണം. നമുക്ക് നേരത്തേ ല’ഭിച്ചിരുന്ന പല അവശ്യസേവനങ്ങളും കൊറോണയുടെ സാഹചര്യത്തില്‍ തടസ്സപ്പെട്ടിട്ടുണ്ട്. ആശുപത്രികളിലും ആരോഗ്യപ്രവര്‍ത്തകരിലും സമ്മര്‍ദമേറെയാണ്. വളരെ അത്യാവശ്യത്തിനല്ലാതെ ആശുപത്രികളില്‍ പോകുന്നത് ഒഴിവാക്കണമെന്നു പ്രധാനമന്ത്രി ആവശ്യപ്പെട്ടു. കൊറോണയെത്തുടര്‍ന്നു രാജ്യത്തുണ്ടാകുന്ന പ്രതിസന്ധി മറികടക്കാന്‍ ധനമന്ത്രി നിര്‍മല സീതാരാമന്റെ നേതൃത്വത്തില്‍ പ്രത്യേക ടാസ്‌ക് ഫോഴ്‌സിനു രൂപം നല്‍കിയിട്ടുണ്ട്. രാജ്യത്തു വന്നിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള നടപടികളും ഈ ടാസ്‌ക് ഫോഴ്‌സ് സ്വീകരിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു ഒരാള്‍ക്ക് രോഗമില്ലെങ്കില്‍ അയാള്‍ക്ക് എവിടേക്കു വേണമെങ്കിലും സഞ്ചരിക്കാമെന്ന തോന്നല്‍ തെറ്റാണ്. അത് വേണ്ടപ്പെട്ടവരോട് ചെയ്യുന്ന ദ്രോഹമാണ്. ഈ സാഹചര്യത്തില്‍ അധികൃതരുടെ നിര്‍ദേശപ്രകാരം വീട്ടില്‍ തുടരുക. വീട്ടില്‍ നിന്ന് ഔദ്യോഗിക ജോലികള്‍ നിര്‍വഹിക്കാനും ശ്രദ്ധിക്കണം. ഇതെല്ലാം കൃത്യമായി പാലിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial