Connect with us

Kerala

ജാഗ്രത എന്നത്തേക്കാളും വേണം; ക്വാറന്റ്റൈന്‍കാരെ ഒറ്റപ്പെടുത്തരുതെന്ന് മുഖ്യമന്ത്രി

Varthamanam Bureau

Published

on

  • തിരുവനന്തപുരം, എറണാകുളം നഗരങ്ങളിലും  പൊന്നാന്നി താലൂക്കിലും ഗുരുതരമായ സാഹചര്യം
  • ക്വാറന്റ്റൈനിലുള്ളവരെ ശല്യപ്പെടുത്തിയാല്‍ കര്‍ശന നടപടി

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തില്‍ നമ്മുടെ ജാഗ്രത എന്നത്തേക്കാളും കൂടുതല്‍ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രോഗവ്യാപന തോത് വലുതാവുകയും ഒരു ദിവസം 200 ആദ്യമായി കടക്കുകയും ചെയ്തു. 14 ജില്ലകളിലും രോഗബാധിതര്‍ വര്‍ധിച്ചു. നേരത്തേയുള്ളതില്‍നിന്ന് വ്യത്യസ്തമായി നമ്മുടെ നഗരങ്ങളിലും ഗ്രാമങ്ങളിലും കോവിഡ് ബാധിതരുണ്ട്. തിരുവനന്തപുരം, എറണാകുളം നഗരങ്ങളിലും മലപ്പുറം ജില്ലയിലെ പൊന്നാന്നി താലൂക്കിലും ഗുരുതരമായ സാഹചര്യമാണുള്ളത്. എല്ലാവരും ഒത്തൊരുമിച്ച് പോരാടുന്നതിന്റെ ഫലമായാണ്, ലോകത്തിനു തന്നെ മാതൃകയാകുംവിധം ഇതുവരെ മഹാമാരിയെ പിടിച്ചുനിര്‍ത്താന്‍ സാധിച്ചത്. എന്നാല്‍, ഈ യശസ്സിന് കളങ്കമുണ്ടാക്കുന്ന ചില വാര്‍ത്തകള്‍ വരുന്ന സാഹചര്യം ഒഴിവാക്കണം. ക്വാറന്റീനില്‍ കഴിയുന്നവര്‍ക്ക് ദുരനുഭവങ്ങളുണ്ടാകരുത്. അന്യദേശങ്ങളില്‍ നിന്നും അനവധി കഷ്ടപ്പാടുകള്‍ താണ്ടി കേരളത്തിലെത്തിയ നമ്മുടെ സഹോദരങ്ങളില്‍ ചിലര്‍ നേരിടേണ്ടി വന്ന ദുരനുഭവങ്ങളാണത്. ക്വാറന്റൈനില്‍ കഴിയുന്നവരുടെ വീട് ആക്രമിക്കുക, ബന്ധുക്കളെ ഒറ്റപ്പെടുത്തുക, ഊരുവിലക്ക് മാതൃകയില്‍ അവരെ അകറ്റിനിര്‍ത്തുക തുടങ്ങിയ സംഭവങ്ങളുണ്ടാകരുത്. ബംഗളൂരുവില്‍നിന്ന് എത്തി 14 ദിവസം ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയ യുവതിയും ഏഴും നാലും വയസ്സുള്ള മക്കളും കോട്ടയത്ത് വീട്ടില്‍ കയറാനാകാതെ തെരുവില്‍ എട്ടുമണിക്കൂറോളം കഴിയേണ്ടിവന്നു. ഒടുവില്‍ അവര്‍ കളക്ടറേറ്റില്‍ അഭയം തേടി. സ്വന്തം വീട്ടുകാരും ഭര്‍തൃവീട്ടുകാരും ഇവരെ സ്വീകരിക്കാന്‍ തയ്യാറായില്ല എന്നാണ് വാര്‍ത്ത. ഇത്തരം അനുഭവങ്ങള്‍ നമ്മെ എവിടെയാണ് എത്തിക്കുന്നത് എന്ന് ഓര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.ക്വാറന്റൈനില്‍ കഴിയുന്നവര്‍ വിലക്ക് ലംഘിച്ച് പുറത്തുപോകാന്‍ പാടില്ല എന്നതുപോലെ തന്നെ അവരെ ശല്യപ്പെടുത്തുന്ന വിധം പെരുമാറുന്നതും കുറ്റകരമാണ്. അങ്ങനെയുണ്ടായാല്‍ ശക്തമായ നടപടി സ്വീകരിക്കും. അതില്‍ വിട്ടുവീഴ്ചയുണ്ടാവില്ല. ഇത് ജനങ്ങളുടെയാകെ ഉത്തരവാദിത്വമായി ഏറ്റെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം ജില്ലയില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കും. അത്യാവശ്യമല്ലാത്ത ഒരു യാത്രയും പാടില്ല. മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കില്‍ സമൂഹവ്യാപന സാധ്യത പരിശോധിക്കാനായി സെന്റിനല്‍ സര്‍വയ്ലന്‍സ് പ്രകാരം ആ പ്രദേശത്തെ 989 സാമ്പിളുകള്‍ പരിശോധിച്ചു. എടപ്പാളിലെ രണ്ടു പ്രധാന ആശുപത്രികളിലെ 681 ജീവനക്കാരുടെയും സമീപപ്രദേശങ്ങളിലെ അഞ്ചു പഞ്ചായത്തുകളിലെ 308 പേരുടെയും സാമ്പിളുകളാണ് എടുത്തത്. 505 പേരുടെ റിസള്‍ട്ടാണ് ഇതുവരെ വന്നത്. അതില്‍ 3 പേരുടെ ഫലം പോസിറ്റീവാണ്. നിലവില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണുള്ള പ്രദേശമാണ് ഇവിടം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial