Connect with us

Kerala

ഭൂരിപക്ഷം കോളേജ് വിദ്യാര്‍ഥികളും ഓണ്‍ലൈന്‍ പഠനത്തിന് സജ്ജം

Varthamanam Bureau

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഭൂരിപക്ഷം കോളെജ് വിദ്യാര്‍ഥികളും ഓണ്‍ലൈന്‍ പഠനത്തിന് സജ്ജമെന്ന് വിലയിരുത്തല്‍. കോവിഡ് പശ്ചാത്തലത്തില്‍ ഉന്നതവിദ്യാഭ്യാസ രംഗത്ത് വരുത്തേണ്ട ക്രമീകരണങ്ങളെ കുറിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍ കേരളത്തിലെ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് പ്രിന്‍സിപ്പല്‍മാരുമായി വീഡിയോ കോണ്‍ഫറന്‍സില്‍ ഇന്നലെ ചര്‍ച്ച നടത്തി.
ഓണ്‍ലൈന്‍ പഠനപ്രവര്‍ത്തനങ്ങള്‍ക്ക് 90 ശതമാനത്തില്‍ അധികം വിദ്യാര്‍ഥികളും സജ്ജരാണ് എന്നാണ് ചര്‍ച്ചയില്‍ പങ്കെടുത്ത ഭൂരിപക്ഷം പ്രിന്‍സിപ്പല്‍മാരും അറിയിച്ചത്. വിദ്യാഭ്യാസപരമായി പിന്നാക്കം നില്ക്കുന്ന മേഖലകളിലെ കുട്ടികള്‍ക്കു പോലും ഇലക്‌ട്രോണിക് പഠനോപകരണങ്ങള്‍ ലഭ്യമാണ്. അട്ടപ്പാടിയിലെ കോളേജില്‍ ഏഴു പേര്‍ക്ക് മാത്രമാണ് ഇലക്ട്രോണിക് പഠനോപകരണങ്ങള്‍ ലഭ്യമല്ലാത്തത്. അതേസമയം മലയോര മേഖലയില്‍ നിന്നുള്ള കോളേജുകളില്‍ ഇന്റര്‍നെറ്റ് വേഗതയില്ലായ്മയെ കുറിച്ച് ആശങ്കയുണ്ട്. തുടര്‍ച്ചയായി അഞ്ചുമണിക്കൂര്‍ ഓണ്‍ലൈന്‍ പഠനത്തിന്റെ വിഷമതകളും ചര്‍ച്ചയില്‍ ഉയര്‍ന്നു. ലൈവ് ക്ലാസ്സുകള്‍ക്ക് പകരം റെക്കോര്‍ഡ് ചെയ്ത വീഡിയോ ഉപയോഗിച്ച് ക്ലാസുകള്‍ നടത്തി ഭൂരിപക്ഷം കോളേജുകളും ഈ പ്രശ്‌നം മറികടന്നിട്ടുണ്ട്.
സര്‍വകലാശാലാ തലത്തില്‍ അഫിലിയേറ്റ് ചെയ്ത കോളേജുകളിലെ വിദ്യാര്‍ഥികള്‍ക്കായി യൂട്യൂബ് ചാനല്‍ പോലുള്ള സങ്കേതങ്ങള്‍ ഉപയോഗിച്ച് ക്ലാസ്സുകള്‍ നല്‍കുന്നതിനുള്ള സംവിധാനം ഉണ്ടാകണമെന്ന അഭിപ്രായം ഉയര്‍ന്നു. വിദ്യാര്‍ഥികള്‍ക്ക് ലഭ്യമായ ഇലക്ട്രോണിക് പഠന സംവിധാനങ്ങളെ കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് എല്ലാ കോളേജുകളും ഈ മാസം എട്ടിനകം ഉന്നത വിദ്യാഭ്യാസ വകുപ്പിനെ അറിയിക്കണം. വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ ഏതെല്ലാം രീതിയില്‍ സഹായം നല്‍കണമെന്ന് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ തീരുമാനിക്കും. ഇപ്പോഴത്തെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ താല്‍ക്കാലികമാണെന്ന് മന്ത്രി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial