Connect with us

Scrolling News

മധുരൈ മല്ലിയുടെ നാട്, ജെല്ലിക്കെട്ടിന്റെയും…

JYOTHIRAJ NS

Published

on

മധുരൈ അലങ്കാനല്ലൂരിൽനടന്ന ജല്ലിക്കെട്ടിൽ കാളയെ കീഴ്പ്പെടുത്താനുള്ള വീരന്മാരുടെ ശ്രമം
തമിഴ്നാട്ജെ അലങ്കാനല്ലൂരിൽ നടന്ന ജല്ലിക്കെട്ട് മത്സരംത്തിൽ നിന്നും. ഫോട്ടോ: ജ്യോതിരാജ്.എൻ.എസ്

മധുരൈ അലങ്കാനല്ലൂരിൽനടന്ന ജല്ലിക്കെട്ടിൽ കാളയെ കീഴ്പ്പെടുത്താനുള്ള വീരന്മാരുടെ ശ്രമംവൈഗയുടെ തലോടലിൽ തളിർത്ത മധുരൈ മല്ലിയുടെ സുഗന്ധത്തിനൊപ്പം  അങ്ങകലെ ഉച്ചഭാഷണിയിലൂടെ  ഒഴുകിയെത്തി… മാലോർകളേ…’ഇന്ത മധുരൈ മാവട്ടത്തിൽ അലങ്കാനല്ലൂരിൽ വിളയാട്ടം…മാട്ടുപ്പിടിവീരർകളും മാടുകളും തമ്മിൽ നടക്കും വിളയാട്ടം…പോട്ടി!…”

ഉയിർക്കൊടുത്തും പ്രക്ഷോഭങ്ങൾ നടത്തിയും നിയമപോരാട്ടത്തിലൂടെ ജീവിതത്തിന്റെയും വിശ്വാസത്തിന്റെയും ഭാഗമാക്കി തമിഴ്‌മക്കൾ നിലനിർത്തിയ ജെല്ലിക്കെട്ട് എന്ന കായിക വിനോദം. തങ്ങളെക്കാൾ പതിന്മടങ്ങ് ശക്തിയുള്ള കാളകളെ മനുഷ്യർ കീഴടക്കുന്ന അപൂർവ കാഴ്ച. മധുരയുടെ വീരപാരമ്പര്യത്തിന്റെ പിന്തുടർച്ചയായാണ് ഈ കായികവിനോദത്തെ  തമിഴ് മക്കൾ കാണുന്നത്.

അലങ്കാനല്ലൂർ, ജെല്ലിക്കെട്ടിന് പേരുകേട്ട ഊര്.  മധുരയിൽ നിന്ന് അരമണിക്കൂർ യാത്ര ചെയ്‌താൽ  ഇവിടെയെത്തും. പൊങ്കൽ ദിനത്തിൽ പ്രത്യേകം പരിശീലിപ്പിച്ച അതികായന്മാരായ കൂറ്റൻ കാളകളെ മൽപ്പിടുത്തത്തിലൂടെ കീഴടക്കാനുള്ള ശ്രമകരവും അപകടകരവുമായ ഒരു മത്സരവിനോദമാണ് ജല്ലികെട്ട്. മുൻ കാലങ്ങളിൽ മത്സരത്തിനിടെയിൽ ഉണ്ടായ അപകടങ്ങളുടെ ബാഹുല്യം കണക്കിലെടുത്തും   സുപ്രീം കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലും മത്സരനിയമങ്ങളിൽ മാറ്റങ്ങൾ വരുത്തി  സർക്കാരിന്റെ മേൽനോ്ട്ടത്തിലും കടുത്ത നിയന്ത്രണത്തിലാണ് ജെല്ലിക്കെട്ട് നടത്തുന്നത്. 

കാള പുറത്തേക്കുവരുന്ന വാതിൽ (കിട്ടി വാസൽ) മുതൽ 80 അടി നീളത്തിൽ ഇരുവശവും തീർത്ത ശക്തമായ ഇരുമ്പുവേലികൾക്കുള്ളിലാണ് മത്സരം. കടും വർണ്ണങ്ങളിലുള്ള ജഴ്സിയിൽ  ക്രമനമ്പർ പതിച്ച് പരിശീലനം നേടിയ വീരൻമാരാണ് കളത്തിലിറങ്ങുക.150 വീരൻമാരടങ്ങിയ സംഘമാണ് ഒരു സമയം മാടിനെ കീഴ്പ്പെടുത്താൻ കളത്തിലുണ്ടാവുക. ഓരോ മണിക്കൂർ ഇടവിട്ട് സംഘങ്ങൾ മാറിക്കൊണ്ടിരിക്കും.   നാണയങ്ങളടങ്ങിയ കിഴിക്കെട്ട് കാളയുടെ കൊമ്പിൽ കെട്ടിയിടും. ഈ കാളയെ കീഴ്പ്പെടുത്തുന്നയാൾക്ക് നാണയക്കിഴി സ്വന്തമാക്കാം എന്നാണ് കളി നിയമം. കാശ്‌ എന്നർത്ഥം വരുന്ന `സല്ലി’ എന്ന പദവും `പൊതി’ എന്നർത്ഥം വരുന്ന `കെട്ട്‌’ എന്ന പദവും കൂടിച്ചേർന്നാണ്‌ `ജെല്ലിക്കെട്ട്‌’ എന്ന പദം ഉണ്ടായതെന്ന് കരുതുന്നു. നാലു മുതൽ പതിനൊന്നു വയസ് വരെയുള്ള പ്രത്യുത്പാദനത്തിനായി ഉപയോഗിക്കുന്ന സങ്കരയിനത്തിൽപ്പെട്ട കാളകളാണ് ജല്ലിക്കെട്ട് കളങ്ങളിൽ കരുത്തിന്റെ അടയാളങ്ങളായി നിറയുന്നത്.

വളരെ ഇറുകിയ കഴുത്തും കുറുകിയ കാലുകളും ഉപ്പരണിയും ശക്തമായ പേശികളും 250 കിലോമുതൽ 450 കിലോ വരെ ഭാരവുമുള്ള കാങ്കേയം കാളകളാണിവർ. ഈ ഇനത്തിൽപ്പെട്ട കാളകളെ ഉത്‌പാദിപ്പിക്കുന്ന പ്രമുഖ കേന്ദ്രമാണ് തമിഴ്‌നാട് ഈറോഡിലെ സേനാപതി കാങ്കേയം കാറ്റിൽ റിസർച്ച്‌ ഫൗണ്ടേഷൻ. ഇവയ്ക്കു പ്രത്യേക രീതിയിലുള്ള പരിശീലനവും, പരുത്തി, കരിമ്പ്, പച്ചരി,ചോളം, തവിട് ഇവ ഉപയോഗിച്ചുള്ള പ്രത്യേക ഭക്ഷണമാണ് ഇവയ്ക്ക് നൽകുന്നത്.

മത്സരത്തിന്‌ തുറന്നു വിടുന്ന കാളയുടെ കൊമ്പു നനയ്‌ക്കുകയും ശരീരത്തിൽ എണ്ണ പുരട്ടുകയും ചെയ്യാറുണ്ട്‌. പലപ്പോഴും കാളയ്‌ക്ക്‌ മയക്കു മരുന്നും മദ്യവും നൽകി ലഹരി പിടിപ്പിച്ച ശേഷമാണ്‌ ജെല്ലിക്കെട്ടിനായി കൊണ്ടുവരുന്നത്‌. ഈ കാളകളോടാണ് മനുഷ്യർ പോരാടേണ്ടത്. സർക്കാർ കൊണ്ടുവന്ന നിയമ പ്രകാരം കാളയുടെ പൂഞ്ഞയിൽ ഒരു സമയത്ത് ഒരാൾക്ക് മാത്രമേ തൂങ്ങാൻ അനുമതിയുള്ളൂ. അതും ഏതാനും സെക്കന്റ് മാത്രം. മത്സരത്തിൽ പങ്കെടുക്കുന്ന വ്യക്തികൾക്ക് 80 കിലോയിൽ താഴെയാണ് തൂക്കം.

കാളയുമായി മൽപ്പിടിത്തത്തിനിറങ്ങുന്ന പോരാളിക്ക്‌ കാളയുടെ കൊമ്പിൽ പിടിച്ച്‌ മൂക്ക് മണ്ണിൽ മുട്ടിക്കാനായാൽ അയാളെ വിജയിയായി പ്രഖ്യാപിക്കും. വെറും കൈയോടെ വേണം കാളക്കൂറ്റനെ കീഴ്‌പെടുത്താൻ. പുരുഷന്മാർ മാത്രമേ ജെല്ലിക്കെട്ടിൽ പങ്കെടുക്കാറുള്ളു. പലപ്പോഴും ജെല്ലിക്കെട്ടിൽ പങ്കെടുക്കുന്നവർക്ക് മാരകമായ പരിക്കുകളോ ജീവഹാനിയോ സംഭവിക്കാറുണ്ട്. അതവർക്ക് ആവേശവും ജീവിതത്തിന്റെ ഭാഗവുമാണ്. എഴുപതു വർഷം മുമ്പ് മത്സരത്തിനിടെ കാളയുടെ കുത്തേറ്റ് വീരമൃത്യു വരിച്ച അഴകുതേവർ എന്ന വീരന്റെ പേരിൽ കോവിൽ കെട്ടിയത് തമിഴ് മക്കൾ ഈ കായികവിനോദത്തിനു കൊടുക്കുന്ന ആദരവിനുള്ള തെളിവാണ്. 

മധുരൈ സെർക്കാംപെട്ടി ഗ്രാമത്തിൽ കാളക്കൂറ്റന് വേണ്ടിയും വലിയ ക്ഷേത്രമുണ്ട്. തമിഴ്നാട്ടിലെ ഓരോ ഗ്രാമവും ഗ്രാമമുഖ്യന്റെ നേതൃത്വത്തിൽ ജെല്ലിക്കെട്ടിനു വേണ്ടി കാളകളെ പരിശീലിപ്പിച്ചു മത്സരത്തിനിറക്കുന്നതു പതിവാണ്. വിദേശികളും തദ്ദേശീയരും ഉൾപ്പെടെ ആയിരങ്ങളാണ് ജെല്ലിക്കെട്ടിന്റെ ആവേശകാഴ്ചകൾ ആസ്വദിക്കാനെത്തുത്തുന്നത്. ദൃശ്യങ്ങൾ പകർത്താൻ വിദേശ മാധ്യമങ്ങളുടെ ഉൾപ്പെടെ വൻനിര ജെല്ലിക്കെട്ട് കളത്തിന് ചുറ്റുമുണ്ടാകും.

തമിഴ് മാട്ടുപ്പിടിവീരർ വിളയാട്ടു സംഘം മത്സരത്തിൽ പങ്കെടുക്കുന്ന വീരന്മാർക്കു പ്രത്യേക പരിശീലനം നൽകുകയും അവരുടെ ക്ഷേമത്തിന് വേണ്ട സഹായങ്ങൾ ചെയ്യുന്നതും ഈ സംഘം വഴിയാണ്. 1600 ഓളം അംഗങ്ങൾ സംഘത്തിലുണ്ട്. അംഗങ്ങൾക്ക് ഹെൽത്ത് കാർഡും അപകട ഇൻഷുറൻസും സംഘം ഏർപ്പെടുത്തിയിട്ടുണ്ട്.

മൂന്ന് തരത്തിലുള്ള ജല്ലിക്കെട്ടുകളാണ് തമിഴ്നാട്ടിൽ അരങ്ങേറാറുള്ളത്. വടിമഞ്ചു വിരട്ട്, വായേലി വിരട്ട്, വടം മഞ്ചു വിരട്ട് എന്നിവ.  ഏറ്റവും അപകടം നിറഞ്ഞതാണ്ണ് വടി മഞ്ചുവിരട്ട്. പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് തുറന്നു വിട്ട കാളയുടെ പൂഞ്ഞയിൽ ഒരാൾ പിടിച്ച് കയറും. ഈ സമയം അയാളെ കുലുക്കി താഴെയിടാനോ അപായപ്പെടുത്താനോ കാള ശ്രമിക്കും. എന്നാൽ ഇതിനെ ചെറുത്ത് സംഘാടകർ നിശ്ചയിച്ച  ദൂരം താണ്ടുന്നവരെയാണ് വിജയിയായി പ്രഖ്യാപിക്കുന്നത്. മധുര, പുതുകോട്ടൈ, തേനി, തഞ്ചാവൂർ, സേലം അളങ്കാനല്ലൂർ, അവണിയാപുരം എന്നീ ഗ്രാമങ്ങളാണ് ഇത്തരത്തിലുള്ള ജെല്ലിക്കെട്ടിനു പ്രശസ്തം .

ജല്ലിക്കെട്ടുകളിലെ ഏറ്റവും സുരക്ഷിതമായ മത്സര ഇനം വടം മഞ്ചു വിരട്ടാണ്. അൻപതടി നീളത്തിലുള്ള കയറിൽ കെട്ടിയിടുന്ന കാളയാണ് ഈ ജെല്ലിക്കെട്ടിലെ പ്രധാന ആകർഷണം. ഏഴ് മുതൽ ഒൻപത് വരെ അംഗങ്ങളുള്ള ആളുകൾ ഈ കാളയെ കീഴടക്കാൻ ശ്രമിക്കുന്നതാണ് മത്സരം. മത്സരത്തിൽ വിജയിക്കുന്ന വീരൻമാരെ കാത്ത് കാർ, ബൈക്ക്, സ്കൂട്ടർ. സ്വർണ നാണയങ്ങൾ തുടങ്ങിയ സമ്മാനങ്ങളുണ്ട്. വീരന്മാർക്കു പിടികൊടുക്കാതെ വിജയിക്കുന്ന കാളക്കൂറ്റന്മാരുടെ ഉടമസ്ഥർക്കും കിട്ടും സമ്മാനങ്ങൾ. 

 ഇത്രയേറെ വീറും വാശിയും ഉൾക്കൊണ്ടു പരമ്പരാഗതമായി നടന്ന കൈക്കരുത്തിന്റെയും മെയ്ക്കരുത്തിന്റെയും വിനോദമായ ജെല്ലിക്കെട്ടിന് 2014 മേയ് 7 ന് സുപ്രീംകോടതി നിരോധനമേർപ്പെടുത്തി. മൃഗക്ഷേമ സംഘടനയായ ‘പെറ്റ’യും അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യയും സമർപ്പിച്ച പൊതു താൽപ്പര്യ ഹർജിയിലായിരുന്നു നിരോധനം. 2015 ലും 2016 ലും ജെല്ലിക്കെട്ട് നടത്താനായില്ല. 2017 ൽ ജെല്ലിക്കെട്ട് നിരോധിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരെ ദിവസങ്ങൾ നീണ്ട വിദ്യാർത്ഥി – യുവജന പ്രക്ഷോഭം നടന്നു. പിന്തുണയുമായി ആയിങ്ങൾ ചെന്നൈ മറീന ബീച്ചിലെത്തി. ഇവർക്കൊപ്പം തമിഴ്‌ സിനിമ സംഗീത ലോകത്തെ പ്രമുഖരും ചേർന്നു, ജനകീയ പ്രതിഷേധങ്ങൾക്കൊടുവിൽ തമിഴ്നാട് സർക്കാർ പ്രത്യേക നിയമ നിർമ്മാണം നടത്തിയാണ് നിലവിലെ ജെല്ലിക്കെട്ടിനു വഴിയൊരുക്കിയത്. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial