Connect with us

Kerala

മുളയില്‍ തീര്‍ത്ത പരിസ്ഥിതി സൗഹൃദ ഓഫീസ് സ്‌റ്റേഷനറി ഉല്‍പ്പന്നങ്ങളുമായി ബാംബൂ കോര്‍പ്പറേഷന്‍

Varthamanam Bureau

Published

on

തിരുവനന്തപുരം: മുളയിലും ഈറ്റയിലുമെല്ലാം നിര്‍മിച്ച വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളുമായി ബാംബൂ കോര്‍പ്പറേഷന്‍. മുള, ഈറ്റ, പനമ്പ് എന്നിവയില്‍ നിര്‍മ്മിച്ച ഫയല്‍ പാഡ്, ഫയല്‍ ട്രേ, പെന്‍ സ്റ്റാന്റ്, വിസിറ്റിങ് കാര്‍ഡ് സ്റ്റാന്‍ഡ്, വേസ്റ്റ് ബിന്‍ എന്നിവയാണ് വില്‍പ്പനയ്ക്കായി എത്തിക്കുന്നത്.    ഇന്ത്യയില്‍ ആദ്യമായാണ് ഒരു പൊതുമേഖലാ സ്ഥാപനം ബാംബൂ ഉപയോഗിച്ച് ഓഫീസ് സ്‌റ്റേഷനറി ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നത്. ഉല്‍പ്പന്നങ്ങള്‍ കോമ്പോ പാക്ക് ആയും ആവശ്യമുള്ളവ മാത്രമായും ലഭിക്കും. ഓര്‍ഡര്‍ അനുസരിച്ചാണ് ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ചു നല്‍കുക.  ഓഫീസുകള്‍ക്ക് ആവശ്യമായ കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാനും പദ്ധതിയുണ്ട്.    കോഴിക്കോട് നല്ലളത്തെ ബാംബൂ ഹൈടെക്ക് ടൈല്‍ ഫാക്ടറിയിലും അങ്കമാലി ബാംബൂ ബോര്‍ഡ് ഫാക്ടറിയിലുമാണ് ഉല്‍പ്പാദനം നടക്കുന്നത്. ഗുണമേന്മയേറിയതും വിലക്കുറവുള്ളതുമായ ബാംബൂ ഫ്‌ലോര്‍ ടൈലുകള്‍ കോര്‍പ്പറേഷന്‍ വിപണിയിലെത്തിച്ചിട്ടുണ്ട്. ആര്യവേപ്പിന്റെ തടി, പനമ്പ് എന്നിവ സംയോജിപ്പിച്ച് നിര്‍മിച്ച ‘ബാംബൂ നീം ടൈല്‍’ ഉടന്‍ വിപണിയിലെത്തും.    കിള്ളിയാര്‍ മിഷനുമായി ചേര്‍ന്ന് മുള വെച്ചുപിടിപ്പിക്കുന്ന ഉദ്യമത്തില്‍ അടുത്തിടെ ബാംബൂ കോര്‍പ്പറഷന്‍ പങ്കാളികളായിരുന്നു. കിള്ളിയാര്‍ തീരത്ത് അയ്യായിരം മുള തൈകളാണ് നട്ടത്.കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ 1500 ഏക്കറില്‍ മുള വച്ചു പിടിപ്പിക്കുന്ന പദ്ധതി നടക്കുകയാണ്. ആദ്യപടിയായി കണ്ണൂര്‍ ആറളത്ത് വന‘ഭൂമിയില്‍ മുള വച്ചുപിടിപ്പിക്കുന്ന ജോലി പുരോഗമിക്കുന്നുണ്ട്.
  പരിസ്ഥിതി സൗഹൃദ ബാംബൂ ഓഫീസ് സ്‌റ്റേഷനറി ഉല്‍പ്പന്നങ്ങളുടെ വിപണനോദ്ഘാടനം ഹരിതകേരളം മിഷന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി എന്‍ സീമയ്ക്ക് നല്‍കി മന്ത്രി ഇ പി ജയരാജന്‍ നിര്‍വഹിച്ചു.
   വൈവിധ്യമാര്‍ന്ന മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാനുള്ള കോര്‍പ്പറേഷന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഓഫീസ് സ്‌റ്റേഷനറി നിര്‍മ്മിച്ചതെന്ന് മന്ത്രി പറഞ്ഞു. പരിസ്ഥിതി സൗഹൃദ വ്യവസായം എന്ന നിലയില്‍ ബാംബൂ മേഖലയുടെ പ്രോത്സാഹനത്തിനായി എല്ലാവരും ബാംബൂ ഉല്‍പന്നങ്ങള്‍ ഉപയോഗിക്കണമെന്ന് മന്ത്രി പറഞ്ഞു.  പൊതുമേഖലാ സ്വകാര്യ ഓഫീസുകളില്‍ ഇത്തരം ഉല്‍പ്പന്നങ്ങള്‍ വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ ഇളങ്കോവന്‍, ബാംബൂ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കെ ജെ ജേക്കബ്, മാനേജിങ് ഡയറക്ടര്‍ അബ്ദുള്‍ റഷീദ്  എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial