Connect with us

Kerala

യു ഡി എഫ് തീരുമാനം മാണിയെ മറന്നുള്ളത്

Varthamanam Bureau

Published

on

പാര്‍ട്ടിയെ സംരക്ഷിക്കാന്‍ ശ്രമിച്ചതോ തെറ്റ്: ജോസ് കെ മാണി

കോട്ടയം: കെഎം മാണിയെ മറന്നുകൊണ്ടുള്ള തീരുമാനമാണ് യുഡിഎഫ് സ്വീകരിച്ചതെന്ന് ജോസ് കെ മാണി എംപി. എല്ലാവരേയും ഒരുമിച്ചുകൊണ്ട് പോകാന്‍ ഐക്യജനാധിപത്യമുന്നണിക്കായില്ലെന്നും തദ്ദേശ സ്ഥാപന പദവിക്കായി 38 വര്‍ഷത്തെ ഹൃദയബന്ധമാണ് മുറിച്ചുമാറ്റിയതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 38 വര്‍ഷം കാലം ഐക്യജനാധിപത്യ മുന്നണിയെ പടുത്ത് ഉയര്‍ത്തുവാനുള്ള പിന്‍ബലം ആയിരുന്നു കേരള കോണ്‍ഗ്രസ് (എം). ഒരു മുന്നണി രൂപീകരിക്കുവാന്‍ മുന്നില്‍ ഉണ്ടായിരുന്നത് തങ്ങളായിരുന്നു. യുഡിഎഫ് നേതൃത്വത്തില്‍ നിന്ന് ഈ തീരുമാനം പ്രതീക്ഷിച്ചില്ല. എല്ലാവരെയും ഒരുമിച്ച് കൊണ്ടു പോകുക എന്ന ധര്‍മ്മം അവര്‍ മറന്നു. പിറന്ന് വീണ നാള്‍ മുതല്‍ പാര്‍ട്ടിയെ തകര്‍ക്കുവാന്‍ പലരും ശ്രമിച്ചുവെന്നും ജോസ് കെ മാണി പറഞ്ഞു. തല്ക്കാലം ഒരു മുന്നണിയിലേക്കും ഇല്ലെന്നും സ്വതന്ത്രമായി നില്‍ക്കുമെന്നും ജോസ് കെ മാണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഉചിതമായ സമയത്ത് തീരുമാനം എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുവരെ പറഞ്ഞ നുണകള്‍ പിജെ ജോസഫ് വീണ്ടും ആവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്. പ്രതിസന്ധി കാലയളവില്‍ ജോസഫിന് രാഷ്ട്രീയ അഭയം കൊടുത്തതാണ് കേരള കോണ്‍ഗ്രസ് (എം). കെഎം മാണിയുടെ മരണത്തിനു ശേഷം പി ജെ ജോസഫ് പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിച്ചു. എം’നെ ജെ’ആക്കാന്‍ ജോസഫ് ശ്രമിച്ചു. പാര്‍ട്ടിയെ സംരക്ഷിക്കാന്‍ ശ്രമിച്ചതാണോ താന്‍ ചെയ്ത തെറ്റെന്നും ജോസ് കെ മാണി ചോദിച്ചു. യുഡിഎഫിനെ കെട്ടിപടുത്ത നേതാവിന്റെ പാര്‍ട്ടിയെയാണ് പുറത്താക്കിയത്. മാണിയെ മറന്നാണ് തീരുമാനമെടുത്തത്. ഇത് നീതിയുടെ പ്രശ്‌നമാണ്. ഇല്ലാത്ത ധാരണ ഉണ്ടെന്ന് പ്രഖ്യാപിച്ച് അത് പ്രകാരം രാജിവയ്ക്കണമെന്നാണ് പറയുന്നത്. അടിച്ചേല്‍പ്പിക്കുന്നതല്ല ധാരണ. കാലുമാറ്റക്കാരന് പാരിതോഷികം നല്കണമെന്ന് പറയുന്നത് അനീതിയാണെന്നും ജോസ് കെ മാണി പറഞ്ഞു. കെഎം മാണി പടുത്തുയര്‍ത്തി പ്രസ്ഥാനത്തെ സംരക്ഷിക്കണം എന്ന ഞങ്ങളുടെ ആഗ്രഹത്തിനപ്പുറത്തേക്ക് മറ്റൊരു പ്രശ്‌നവും ജോസഫുമായിട്ടില്ല. നുണ പറഞ്ഞ് തങ്ങളെ കരിവാരി തേക്കുകയാണ്. പാലാ തിരഞ്ഞെടുപ്പിനുശേഷം ജോസഫ് വി’ഭാഗം നിരന്തരം വ്യക്തിഹത്യ നടത്തി നടത്തി കൊണ്ടിരിക്കുകയാണെന്നും ജോസ് കെമാണി ആരോപിച്ചു.
അതിനിടെ വിചാരിക്കാത്ത പലരും തന്റെ പക്ഷത്തേക്ക് വന്നുകൊണ്ടിരിക്കുകയാണെന്ന് കേരള കോണ്‍ഗ്രസ് എം നേതാവ് പി.ജെ ജോസഫ് പറഞ്ഞു. പ്രധാനപ്പെട്ട ധാരാളം ആളുകള്‍ വരുന്നുണ്ട്. അവിശ്വാസ പ്രമേയം സംബന്ധിച്ച് യുഡിഎഫ് ഇന്ന് നടക്കുന്ന യോഗത്തില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. ജോസ് കെ മാണി വിഭാഗം നിലപാട് മാറ്റിയാല്‍ എന്തുചെയ്യണമെന്ന കാര്യം യുഡിഎഫ് യോഗത്തില്‍ തീരുമാനിക്കുമെന്നും പി.ജെ ജോസഫ് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial