Connect with us

Kerala

സംസ്ഥാനത്ത് 24 പേര്‍ക്ക് കോവിഡ് 8 പേര്‍ക്ക് രോഗമുക്തി

Varthamanam Bureau

Published

on

  • പുതിയ 3 ഹോട്ട് സ്‌പോട്ടുകള്‍
  • ജില്ലകളില്‍ 80,138 പേര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച 24 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള അഞ്ച് പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള നാല് പേര്‍ക്കും കോട്ടയം, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള മൂന്ന് പേര്‍ക്ക് വീതവും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള രണ്ടു വീതം പേര്‍ക്കും ഇടുക്കി, പാലക്കാട്, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 14 പേര്‍ വിദേശത്തു നിന്നും (യുഎഇ.-8, കുവൈറ്റ്-4, ഖത്തര്‍-1, മലേഷ്യ-1) 10 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-5, തമിഴ്‌നാട്-3, ഗുജറാത്ത്-1, ആന്ധ്രാപ്രദേശ്-1) വന്നതാണ്. അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ ആയിരുന്ന എട്ടുപേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. വയനാട് ജില്ലയില്‍ നിന്ന് അഞ്ച് പേരുടെയും (ഒരു മലപ്പുറം സ്വദേശി), കോട്ടയം, എറണാകുളം (മലപ്പുറം സ്വദേശി), കോഴിക്കോട് ജില്ലകളില്‍ നിന്നും ഒരാളുടെ വീതവും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 177 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 510 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. വിമാനത്തില്‍ 5495 പേരും കപ്പലില്‍ 1621 പേരും ചെക്ക് പോസ്റ്റ് കടന്ന് 68,844 പേരും ട്രെയിനില്‍ 2136 പേരും ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 78,096 പേരാണ് ഇതുവരെ എത്തിയത്. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ 80,138 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 79,611 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 527 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 153 പേരെയാണ് വ്യാഴാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 49,833 വ്യക്തികളുടെ (ഓഗ്മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ ലഭ്യമായ 48,276 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ തുടങ്ങിയ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 6540 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 6265 എണ്ണം നെഗറ്റീവ് ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1798 സാമ്പിളുകളാണ് പരിശോധിച്ചത്. പുതുതായി മൂന്ന് പ്രദേശങ്ങളെക്കൂടി ഹോട്ട് സ്‌പോട്ടിലുള്‍പ്പെടുത്തി. പാലക്കാട് ജില്ലയിലെ തൃക്കടീരി, ശ്രീകൃഷ്ണപുരം, കണ്ണൂര്‍ ജില്ലയിലെ ധര്‍മ്മടം എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. അതേ സമയം എട്ട് പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 28 ഹോട്ട് സ്‌പോട്ടുകളുണ്ട്.

സംസ്ഥാനത്ത് ഒരു കോവിഡ് മരണംകൂടി

തൃശൂര്‍: സംസ്ഥാനത്ത് ഒരു കോവിഡ് മരണംകൂടി. തൃശൂര്‍ ചാവക്കാട് താലൂക്കാശുപത്രിയില്‍ ചികിത്സയിലായിരുന്ന ചാവക്കാട് കടപ്പുറം അഞ്ചങ്ങാടി സ്വദേശിനി ഖദീജക്കുട്ടിയാണ് (73) മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് മരണം നാലായി. മുബൈയില്‍നിന്ന് കാറില്‍ മൂന്നുപേര്‍ക്ക് ഒപ്പം പാലക്കാട്വഴി ചൊവ്വാഴ്ചയാണ് നാട്ടിലെത്തിയത്. യാത്രക്കിടെ ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് പെരിന്തല്‍മണ്ണയില്‍നിന്നും ആംബലുന്‍സില്‍ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗം മൂര്‍ഛിച്ചതിനാല്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ തീരുമാനിച്ചുവെങ്കിലും അതിനു മുമ്പേ മരിച്ചു. മരിച്ചതിനുശേഷം നടത്തിയ സ്രവ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. പ്രമേഹത്തിനും രക്തസമ്മര്‍ദ്ദത്തിനും ചികിത്സയിലായിരുന്നു. മകനും ആംബുലന്‍സ് ഡ്രൈവറും നിരീക്ഷണത്തിലാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial