Connect with us

Cinema

സിനിമസെറ്റ് തകര്‍ത്തു: രാഷ്ട്രീയ ബജ്‌രംഗ്ദള്‍ നേതാവ് അറസ്റ്റില്‍

Varthamanam Bureau

Published

on

കൊച്ചി: കാലടിയില്‍ സിനിമ യുടെ ചിത്രീകരണത്തിനായി സജ്ജമാക്കിയ സെറ്റ് തകര്‍ത്തു. സംഭവവുമായിബന്ധപ്പെട്ട് രാഷ്ട്രീയ ബജ്‌രംഗ്ദള്‍ ജില്ലാ പ്രസിഡന്റ് രതീഷ് മലയാറ്റൂര്‍ അറസ്റ്റിലായി. എന്‍ ജെ സോജന്‍ അഡീഷണല്‍ എസ്പിയുടെ നേതൃത്വത്തിലുളള അന്വേഷണസംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അന്വേഷണസംഘം ചോദ്യം ചെയ്തുവരികയാണ്. കാലടി മണപ്പുറത്ത് പള്ളിയുടെ മാതൃകയില്‍നിര്‍മ്മിച്ചിരുന്നസെറ്റ് ഞായറാഴ്ച്ചയാണ് തകര്‍ത്തത്.സെറ്റ് തകര്‍ത്തതുമായി ബന്ധപ്പെട്ട് നിര്‍മ്മാതാക്കളുടെ അസോസിയേഷനും ഫെഫ്കയും ആലുവ റൂറല്‍ എസ് പിയ്ക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് കേസെടുത്ത് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിരുന്നു. കാലവര്‍ഷത്തിനു മുമ്പ് ഷൂട്ട് തീര്‍ത്ത് പുഴയോരത്ത് നിര്‍മ്മിച്ച പളളിയുടെ മാതൃകയിലുള്ള സെറ്റ് പൊളിച്ചു നീക്കണമെന്ന തീരുമാനത്തിലായിരുന്നു നിര്‍മ്മാതാക്കള്‍. അതിനിടയിലാണ് അക്രമം നടന്നത്. ബേസില്‍ ജോസഫാണ് ടൊവിനോ തോമസ് നായകനാകുന്ന ചിത്രത്തിന്റെ സംവിധായകന്‍. സോഫിയ പോള്‍ ആണ് നിര്‍മ്മാണം.സിനിമയുടെ സെറ്റ് കാലടി മണപ്പുറത്തു നിന്ന് പൊളിച്ചുനീക്കിയതായി അറിയിച്ചുകൊണ്ട് എഎച്ച്പി ജനറല്‍ സെക്രട്ടറി ഹരി പാലോട് ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടിരുന്നു. ഇയാളുടെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ടാഗ് ചെയ്തിട്ടുള്ള ആളാണ് ഇപ്പോള്‍ അറസ്റ്റിലായ രതീഷ് മലയാറ്റൂര്‍.സിനിമാചിത്രീകരണത്തിന് തയ്യാറാക്കിയ സെറ്റ് തകര്‍ത്ത സംഭവത്തില്‍ അന്വേഷണം നടത്തി കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് സാംസ്‌കാരികമന്ത്രി എകെ ബാലന്‍ പറഞ്ഞു. മിന്നല്‍ മുരളി’ എന്ന ടോവിനോ തോമസ് അഭിനയിക്കുന്ന ചിത്രത്തിന് വേണ്ടി വലിയ തുക ചെലവഴിച്ചു നിര്‍മിച്ചതാണ് സെറ്റ്. ഇത് കാലടി മണപ്പുറത്തു സ്ഥാപിക്കാന്‍ ആവശ്യമായ അനുമതികള്‍ വാങ്ങിയിട്ടുണ്ടെന്നാണ് മനസിലാക്കാന്‍ കഴിഞ്ഞതെന്നും സെറ്റ് തകര്‍ത്തതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഒരു സംഘടന രംഗത്തുവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.തങ്ങളുടെ വര്‍ഗീയ അജണ്ടക്ക് നിരക്കാത്തതെന്ന് അവര്‍ക്കു തോന്നുന്ന കാര്യങ്ങളെ ഇല്ലാതാക്കുകയെന്ന രീതിയാണ് വര്‍ഗീയ ശക്തികളുടേത്. ഇത് കേരളത്തില്‍ വിലപ്പോകില്ല. നിയമപരമായി നടത്തുന്ന പ്രവര്‍ത്തനങ്ങളെ വര്‍ഗീയമായി കണ്ട് തകര്‍ക്കാന്‍ ശ്രമിക്കുന്ന ധിക്കാരത്തിനെതിരെ ശക്തമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial