Connect with us

Sports

വനിതാ ഹോക്കി ബി-ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പില്‍ സെമി ലൈനപ്പായി. എ-ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പ് നാളെ(വ്യാഴം) മുതല്‍

JYOTHIRAJ NS

Published

on

കൊല്ലം: ദേശീയ സീനിയര്‍ വനിതാ ഹോക്കി ബി ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പില്‍ സെമിഫൈനല്‍ ലൈനപ്പായി.

ആദ്യ സെമിയില്‍ എസ് എസ് ബി (സശസ്ത്ര സീമാബല്‍) യൂക്കോബാങ്കിനെ നേരിടും. രണ്ടാം സെമിയില്‍ എസ് പി എസ് ബി (സ്റ്റീല്‍പ്ലാന്റ് സ്‌പോര്‍ട്‌സ് ബോര്‍ഡ്) മുബൈയുമായി ഏറ്റുമുട്ടും. ഗോവയെ ഒന്നിനെതിരെ പത്ത് ഗോളുകള്‍ക്ക് തകര്‍ത്താണ് എസ് എസ് ബി(സശസ്ത്രസീമാബല്‍) സെമിയില്‍ കടന്നത്.

എസ് എസ് ബിക്ക് വേണ്ടി പ്രീതി നാലുഗോളുകള്‍ നേടി. ബിജേത ലോങ്ജം ദേവി, മാക്‌സിമ എക്ക എന്നിവര്‍  രണ്ട് ഗോളുകള്‍ വീതവും അന്‍ജിക, മനീഷ എന്നിവര്‍ ഓരോ ഗോളുകള്‍ വീതവും നേടി. ഗോവയുടെ ആശ്വാസഗോള്‍ നികിത നായിക്കിന്റെ വകയായിരുന്നു. 


ഗുജറാത്തിനെ ഒന്നിനെതിരെ അഞ്ചുഗോളുകള്‍ക്ക് ബെംഗളുരു തകര്‍ത്തു. ബെംഗളുരു നിരയില്‍ ബി.മധുമതി ഹാട്രിക്ക് നേടി. അഞ്ജലി ധരംവീര്‍ ചൗഹാന്‍, എസ്.സാന്ദ്ര എന്നിവരാണ് ബെംഗളുരു ടീമിന്റെ മറ്റ് സ്‌കോറര്‍മാര്‍. ഗുജറാത്തിന് വേണ്ടി റിങ്കു പ്രജാപതി ആശ്വാസഗോള്‍ നേടി.


എസ് പി എസ് ബി ( സ്റ്റീല്‍ പ്ലാന്റ് സ്‌പോര്‍ട്‌സ് ബോര്‍ഡ്) ഒന്നിനെതിരെ നാലുഗോളുകള്‍ക്ക് മുംബൈയെ തോല്‍പിച്ചു.ശിഖ ശര്‍മ,സവിത,ആകാംക്ഷ ശുക്ല,ധവാല്‍ മനീഷ എന്നിവര്‍ എസ് പി എസ് ബിയുടെ ഗോളുകള്‍ നേടി. മുംബൈയുടെ ആശ്വാസഗോള്‍ ചൈത്രാലി ഗവാഡെയുടെ വകയായിരുന്നു.


അവസാന ക്വാര്‍ട്ടര്‍ മത്സരത്തില്‍ ചണ്ഡീഗഢ് യൂക്കോബാങ്ക് ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് പട്യാലയെ കീഴടക്കി. തരന്‍ പ്രീത് കൗറിലൂടെ മുന്നിലെത്തിയ പട്യാലയെ തുടരെ രണ്ട് ഗോളുകള്‍ അടിച്ചാണ് ചണ്ഡീഗഢ് യൂക്കോബാങ്ക് പരാജയപ്പെടുത്തിയത്. കൗമാര താരം പ്രിയ സെയ്‌നി, സോനം എന്നിവരാണ് യൂക്കോബാങ്കിന്റെ വിജയഗോളുകള്‍ നേടിയത്.

സെമിഫൈനല്‍ മത്സരങ്ങള്‍ മറ്റന്നാള്‍(വെള്ളിയാഴ്ച) നടക്കും. ഫെബ്രുവരി ഒന്നിനാണ് ബി ഡിവിഷന്‍ ടൂര്‍ണമെന്റിലെ കിരീടപ്പോരാട്ടം. 
നാല് മത്സരങ്ങളില്‍ നിന്നും 9 ഗോളുകള്‍ നേടിയ എസ് എസ് ബി താരം പ്രീതിയാണ് ടൂര്‍ണമെന്റില്‍ ഇപ്പോള്‍ ഗോള്‍ നേട്ടക്കാരില്‍ മുന്നില്‍. എസ് എസ് ബിയുടെ തന്നെ ധവാല്‍മനീഷ, രന്‍ജിത മിന്‍ജ് എന്നിവര്‍ ആറ് ഗോളുകളുമായി തൊട്ടുപിന്നിലുണ്ട്.നാല് മത്സരങ്ങളില്‍ നിന്നും 35 ഗോളുകള്‍ നേടിയ എസ് എസ് ബിയാണ് ടീം ഗോള്‍ സ്‌കോറിംഗിലും ഒന്നാമതുള്ളത്.


ദേശീയ സീനിയര്‍ വനിതാ ഹോക്കിയിലെ ഗ്ലാമര്‍ പോരാട്ടമായ എ ഡിവിഷന്‍ ടൂര്‍ണമെന്റിന് നാളെ(വ്യാഴം) തുടക്കമാകും.19 ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. രാവിലെ എട്ടിന് നടക്കുന്ന മത്സരത്തില്‍ മധ്യപ്രദേശ് ഭോപ്പാലിനെ നേരിടും. എ ഗ്രൂപ്പില്‍ കേരളം രാവിലെ 9.30ന് ഒഡീഷയുമായി ഏറ്റുമുട്ടും.കരുത്തരുടെ ഗ്രൂപ്പിലാണ് കേരളം. ഒളിമ്പ്യന്‍ പൂനം റാണി മാലിക്ക് ഉള്‍പ്പെടെ മൂന്ന് ഇന്റര്‍നാഷണലുകളുമായി എത്തുന്ന ഹരിയാനയ്ക്ക് അട്ടിമറി വീരന്മാരായ രാജസ്ഥാനാണ് എതിരാളി. ആറ് മത്സരങ്ങളാണ് ആദ്യദിനം നടക്കുക.പഞ്ചാബ്,കര്‍ണാടക ടീമുകളും ആദ്യദിനം മത്സരത്തിനിറങ്ങും.  പൂള്‍ മത്സരങ്ങളും ക്വാര്‍ട്ടര്‍ഫൈനലുകളും സെമിമത്സരങ്ങളും ഫൈനലും ഉള്‍പ്പെടെ ആകെ 44 മത്സരങ്ങളാണ് എ ഡിവിഷന്‍ ടൂര്‍ണമെന്റിലുണ്ടാവുക.ഫെബ്രുവരി 9നാണ് ഗ്ലാമര്‍ ടൂര്‍ണമെന്റിലെ കിരീടപ്പോരാട്ടം.   

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial