Connect with us

Kerala

ആശ്വാസനടപടികളും കൂടുതല്‍ നിയന്ത്രണങ്ങളും

Varthamanam Bureau

Published

on

  • പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുള്ള നടപടികള്‍ കര്‍ക്കശവും ഫലപ്രദവുമാക്കാന്‍ ഓര്‍ഡിനന്‍സ്
  • റോഡുകള്‍ പൊതുസ്ഥലങ്ങള്‍ ആളില്ലാത്ത ഇടങ്ങളായി മാറണം
  • വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡോ പാസോ കൈയില്‍ കരുതണം

തിരുവനന്തപുരം: കൊറോണ വ്യാപനത്തിന്റെ പശ്താത്തലത്തില്‍ രാജ്യവ്യാപകമായ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചതില്‍നിന്ന് സ്ഥിതി കൂടുതല്‍ ഗൗരവമാകുന്നുവെന്നാണ് വ്യക്തമാക്കുന്നതെന്നും അതിനാല്‍ സംസ്ഥാനം കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് പോകേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജനങ്ങള്‍ക്ക് ജീവിതം മുന്നോട്ടു കൊണ്ടുപോകേണ്ട സാഹചര്യം ഭദ്രമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പകര്‍ച്ചവ്യാധികളെ നേരിടുന്നതിനുള്ള നടപടിക്കായി കേര എപ്പിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ് 2020 മന്ത്രി സഭ അംഗീകരിച്ചതകായി മുഖ്യമന്ത്രി വ്യക്തമാക്കി. രോഗം പകരുന്നത് സമ്പര്‍ക്കത്തിലൂടെയാണ്. റോഡുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവ ആളില്ലാത്ത ഇടങ്ങളായി മാറണം. നാടാകെ നിശ്ചലമാകണം. പൂര്‍ണസമയവും വീട്ടില്‍ കഴിയണം. പോലീസ് ആണ് ഇക്കാര്യം ഉറപ്പുവരുത്തേണ്ടത്. വീട്ടില്‍നിന്ന് പുറത്തിറങ്ങുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡോ അതേപോലെ പാസോ കൈയില്‍ കരുതണം. അതില്ലാത്തവരോട് എന്തിനാണ് പുറത്തിറങ്ങിയത് എന്തിനെന്ന് പോലീസ് അന്വേഷിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ന്യായമായ കാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാവൂ. സാധാരണ ഗതിയിലുള്ള സൗഹൃദ സന്ദര്‍ശനങ്ങള്‍, മാറ്റിവെക്കാവുന്ന എല്ലാ യാത്രകളും മാറ്റിവെക്കുകയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് പൂര്‍ണമായി നടപ്പാക്കല്‍ ജില്ലാ പോലീസ് മേധാവിയുടെ വ്യക്തിപരമായ ഉത്തരവാദിത്വമായി മാറുകയാണ്. അത്തരത്തില്‍ ഇടപെടാന്‍ പോലീസിന് സാധിക്കണം. ഇതിന്റെ പേരിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കളക്ടര്‍ അടക്കമുള്ള ജില്ലയിലെ ഉദ്യോഗസ്ഥര്‍ ധാരണയോടെ കൈകാര്യം ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രളയകാലത്ത് വീട്ടില്‍നിന്ന് പുറത്തുവരാന്‍ പറഞ്ഞ നിര്‍ദ്ദേശം ലംഘിച്ചവര്‍ വലിയ പ്രത്യാഘാതങ്ങളാണ് നേരിട്ടത്. ഇപ്പോള്‍ വീടിനകത്ത് കഴിയാനാണ് നിര്‍ദ്ദേശം. അത് പാലിക്കപ്പെടണം. പാലിച്ചില്ലെങ്കില്‍ ഭവിഷ്യത്ത് പലതരത്തിലാണ് വരികയെന്നും മുഖ്യമന്ത്രി പറഞ്ഞു. അവശ്യ സേവനങ്ങള്‍ക്കായി യാത്ര ചെയ്യുന്നവരുണ്ട്. അവര്‍ക്ക് ഐഡി കാര്‍ഡുകള്‍ ഉപയോഗിക്കാം. അല്ലെങ്കില്‍ ജില്ലാ ഭരണസംവിധാനം താല്‍ക്കാലിക തരിച്ചറിയല്‍ കാര്‍ഡ് നല്‍കണം. ഇതിന് ഓണ്‍ലൈനില്‍ അപേക്ഷ സ്വീകരിച്ച് ഉടന്‍ കാര്‍ഡുകള്‍ നല്‍കുന്ന സംവിധാനം ഒരുക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial