Connect with us

Kerala

‘പിണറായി മഴുവെറിഞ്ഞ് ഉണ്ടാക്കിയതല്ല കേരളം; പഴയ മുഖം ആരും മറന്നിട്ടില്ല’-കെ.എം ഷാജി

admin_vartha

Published

on

കോഴിക്കോട്: പിണറായി വിജയൻ മഴുവെറിഞ്ഞ് ഉണ്ടാക്കിയതല്ല കേരളമെന്നു കെ.എം.ഷാജി എംഎൽഎ. ദുരിതാശ്വാസ നിധിയിലെ പണം നേർച്ചപ്പെട്ടിടിയിൽ ഇടുന്ന പൈസയല്ല. സർക്കാരിന് കൊടുക്കുന്ന പൈസയാണ്. അതേ പറ്റി ചോദിക്കുന്നതാണോ തെറ്റെന്ന് ഷാജി ചോദിച്ചു. ദുരിതാശ്വാസ ഫണ്ട് വകമാറ്റുന്നെന്നു പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട ഷാജിയെ മുഖ്യമന്ത്രി ഇന്നലെ വിമർശിച്ചിരുന്നു. ഇതിനു മറുപടി നൽകുകയായിരുന്നു ഷാജി.

‘നുണ പറഞ്ഞു തെറ്റിദ്ധരിപ്പിക്കാൻ ശ്രമം; ചില വികൃത മനസ്സുകൾ കൂട്ടത്തിൽ ഉണ്ടാകും’
പണം കൊടുത്തിട്ടുണ്ടെങ്കിൽ അത് ചോദിക്കാനും അവകാശമുണ്ട്. കൊടുത്താൽ മാത്രം മതിയോ, ചോദിക്കേണ്ട എന്നാണോ നിലപാട്. ലീഗ് പണം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞു, പിന്നെ ചോദിക്കുന്നതിൽ എന്താണ് പ്രശ്നമെന്നും അദ്ദേഹം ചോദിച്ചു. എം.കെ. മുനീർ എംഎൽഎയുടെ വീട്ടിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു എല്ലാവരും പണം നൽകണമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ പരിഹസിച്ച കെ.എം.ഷാജിക്കു മുഖ്യമന്ത്രി ഇന്നലെ മറുപടി നൽകിയിരുന്നു. ഷാജിയുടെ പ്രസ്താവന അമ്പരപ്പുളവാക്കിയെന്നും ഒരു പൊതുപ്രവർത്തകനിൽനിന്നു പ്രതീക്ഷിക്കാൻ കഴിയുന്ന വാക്കുകളല്ല അതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വിമർശിച്ചു.

‘ദുരിതാശ്വാസ ഫണ്ട് ദുരുപയോഗം ചെയ്ത ചരിത്രമുണ്ട്. ദുരുതാശ്വാസ നിധിയിൽനിന്ന് ഒരു ഇടതുപക്ഷ എംഎൽഎയ്ക്കും സിപിഎം നേതാവിനും പണം നൽകി. 25 ലക്ഷം രൂപയാണ് കൊടുത്തത്. അവരുടെ പേര് തൽക്കാലം പറയുന്നില്ല. മുഖ്യമന്ത്രിയെ പോലെ ആൾക്കാരെ ആക്ഷേപിക്കാനല്ല പത്രസമ്മേളനം നടത്തുന്നത്. ശമ്പളമില്ലാത്ത എംഎൽഎയായിട്ടും പണം നൽകി. ചിലവിന്റെ പണം കൊടുത്തെങ്കിൽ മനസിലാക്കാം. പക്ഷേ ബാങ്കിലെ കടം വീട്ടാനാണ് പണം കൊടുത്തത്. മുഖ്യമന്ത്രി ഇന്നലെ ചോദിച്ചു ദുരിതാശ്വാസ നിധിയിലെ പണം ഇങ്ങനെയൊക്കെ ചിലവഴിക്കാവോ എന്ന്. ഞങ്ങളും അതുതന്നെയാണ് ചോദിക്കുന്നത്.

പൊതുപ്രവർത്തകർക്ക് ചിലപ്പോൾ അവസാനകാലത്ത് ബുദ്ധിമുട്ടിലാകാം. അവരെയൊക്കെ ആരെങ്കിലുമൊക്കെ സഹായിക്കുന്നുണ്ടാകാം. പൊതുജനങ്ങളുടെ കയ്യിലെ പണം എടുത്ത് ഇങ്ങനെ പാർട്ടിക്കാരെ സഹായിക്കാൻ കൊടുക്കുന്നത് മാന്യമായ ഏർപ്പാടല്ല.’–ഷാജി പറഞ്ഞു.

ഗ്രാമീണ റോഡ് നന്നാക്കാൻ ദുരിതാശ്വാസ നിധിയിൽനിന്ന് 1000 കോടി രൂപ നൽകി. 2 കോടി രൂപയാണ് ഷുഹൈബിന്റെയും ഷുക്കൂറിന്റെയും കേസ് വാദിക്കാൻ അഡ്വ. രജിത് കുമാറിന് നൽകിയത്. ഈ പണം എവിടെനിന്നാണെന്ന് മുഖ്യമന്ത്രി പറയണം. അഭിഭാഷകർക്ക് പണം നൽകിയത് മുഖ്യമന്ത്രിയുടെ വീട്ടിൽ നിന്നല്ലെന്നും ഷാജി പറഞ്ഞു.

കോവഡ് കാലത്ത് ആരും രാഷ്ട്രീയം നിരോധിച്ചിട്ടില്ല. അവസാന ശ്വാസം വരെ പോരാടും. കണക്കു ചോദിക്കാനുള്ള അവകാശമുണ്ട്. ഇവിടെ ജനാധിപത്യ സംവിധാനമാണെന്നും ഷാജി പറഞ്ഞു. പ്രളയ ഫണ്ടിലേക്ക് 8000 കോടി രൂപ ലഭിച്ചു. അടിയന്തര ആശ്വാസം (Immediate relief) എന്നു പറഞ്ഞാണ് പ്രളയ ഫണ്ടിലേക്കു പണം വാങ്ങിയത്. 20–7–2019 വരെ 2000 കോടിയാണ് ചിലവഴിച്ചത്. ബാക്കിയായി 5000 കോടിയിലധികം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലുണ്ട്. പ്രളയം കഴിഞ്ഞ് ഇപ്പോൾ രണ്ടു വർഷം കഴിഞ്ഞു.

കാക്കനാട്ടെ സഖാവ് പണം അടിച്ചു മാറ്റുമ്പോൾ ദുരിതാശ്വാസ ഫണ്ടിൽനിന്ന് പണം ലഭിക്കാതെ വയനാട്ടിൽ ഒരാൾ ആത്മഹത്യ വരെ ചെയ്തു. പിണറായി മഴുവെറിഞ്ഞ് ഉണ്ടാക്കിയതല്ല കേരളമെന്നും പഴയ മുഖം ആരും മറന്നിട്ടില്ലെന്നും ഷാജി പറഞ്ഞു. വികൃത മനസ് ആർക്കാണെന്ന് ജനത്തിന് അറിയാമെന്നും അദ്ദേഹം പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial