Connect with us

gulf

രക്തദാനത്തിന് സന്നദ്ധർ മുന്നോട്ടുവരണം -മുഖ്യമന്ത്രി

admin_vartha

Published

on

ആശുപത്രികളിൽ അടിയന്തര ചികിത്സകൾക്ക് രക്തം ലഭിക്കാൻ രക്തദാനത്തിന് സന്നദ്ധരായവർ മുന്നോട്ടുവരണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു. മൊബൈൽ യൂണിറ്റ് വഴിയും രക്തം ശേഖരിക്കും. നേരത്തേ തന്നെ രക്തദാന സേന രൂപീകരിച്ച സംഘടനകളും സ്ഥാപനങ്ങളും ഇക്കാര്യത്തിൽ സത്വരശ്രദ്ധ പതിപ്പിക്കണം.

കാസർകോട് മെഡിക്കൽ കോളേജ് ആശുപത്രി പ്രവർത്തനക്ഷമമാക്കുന്നതിന്റെ ഭാഗമായി 300 കിടക്കകളോടു കൂടിയ ആശുപത്രി സൗകര്യങ്ങൾക്ക് 273 തസ്തികകൾ സൃഷിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. 24 മണിക്കൂർ പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗം, ഒപി, ഐപി സേവനങ്ങൾ ഇവിടെ ലഭിക്കും. അനുവദിച്ച 50 ശതമാനം തസ്തികകളിൽ ഉടനെ തന്നെ ജീവനക്കാരെ നിയമിക്കും. ബാക്കി തസ്തികകളിൽ മെഡിക്കൽ കോളേജ് ആശുപത്രി പൂർണമായും പ്രവർത്തന സജ്ജമാകുന്ന മുറയ്ക്ക് ഒരു വർഷത്തിനകം നിയമനം നടത്തും.

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ഗ്രേഡ് രണ്ട് സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് 99 നിയമന ഉത്തരവുകൾ അയച്ചു. ഇവർക്ക് അടിയന്തര നിയമനം നൽകും. കാസർകോട് അതിർത്തിയിൽ നമ്മുടെ ഡോക്ടർമാർ സജീവമായി രംഗത്തുണ്ട്. കോവിഡ് സർട്ടിഫിക്കറ്റ് കിട്ടാത്ത പ്രശ്നം ഉണ്ടാവില്ല. അത്യാസന്ന നിലയിലുള്ളവരും കർണാടകത്തിലെ ആശുപത്രികളിൽ ലഭ്യമാകുന്ന ചികിത്സ അനിവാര്യമായവരുമാണ് അങ്ങോട്ടു പോകേണ്ടത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
ഉപയോഗിച്ച മാസ്‌കും ഗ്ലൗസും പൊതു ഇടങ്ങളിൽ വലിച്ചെറിയരുത്. അവയിൽ ഏറെനേരം വൈറസുകൾ തങ്ങിനിൽക്കാം. ഇത് ആരോഗ്യഭീഷണി സൃഷ്ടിക്കുന്നു. ഒരു സ്ഥലത്തും മാസ്‌കോ ഗ്ലൗസോ അലക്ഷ്യമായി വലിച്ചെറിയുന്നില്ല എന്ന് ഉറപ്പുവരുത്താൻ ബന്ധപ്പെട്ട എല്ലാവരും ശ്രദ്ധിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.

ബുധനാഴ്ച 1940 ചരക്കുലോറികൾ സംസ്ഥാനത്തേക്ക് വന്നത് കഴിഞ്ഞദിവസത്തേക്കാൾ വർധനയാണ്.
അത്യാവശ്യഘട്ടം വന്നാൽ ഉപയോഗിക്കാവുന്ന മുറികളും കിടക്കകളും കണ്ടെത്തുന്നതിൽ വലിയ പുരോഗതിയാണുള്ളത്. പൊതുമരാമത്ത് വകുപ്പ് കണ്ടെത്തിയ 1.73 ലക്ഷം കിടക്കകളിൽ 1.1 ലക്ഷം ഇപ്പോൾ തന്നെ ഉപയോഗയോഗ്യമാണ്. കാട്ടുമൃഗങ്ങൾ കൃഷി നശിപ്പിക്കുന്നതുമൂലം കർഷകർക്കുള്ള പ്രയാസത്തിൽ അടിയന്തര നടപടി വനംവകുപ്പ് സ്വീകരിക്കും.
ലോക്ക്ഡൗൺ ലംഘനത്തിനു പിടികൂടുന്ന വാഹനങ്ങൾ സൂക്ഷിക്കുന്നത് വലിയ പ്രശ്നമാണ്.

വാഹനം പിടിച്ചെടുക്കുന്ന രീതിക്ക് പകരം ലൈസൻസ് പിടിച്ചുവെക്കുകയോ പിഴ ഈടാക്കുകയും ചെയ്യണമെന്ന് നിർദേശിച്ചിട്ടുണ്ട്.
വൃദ്ധ-വികലാംഗ സദനങ്ങളിൽ കരാർ അടിസ്ഥാനത്തിൽ ജോലിചെയ്യുന്ന നഴ്സുമാർ, മൾട്ടി ടാസ്‌ക് വർക്കർമാർ എന്നിവർക്ക് ആറുമാസമായി ശമ്പളമില്ല എന്ന പരാതിയുണ്ടായിരുന്നു. അവർക്ക് ശമ്പളം നൽകാൻ തീരുമാനമായിട്ടുണ്ട്.

മാധ്യമപ്രവർത്തകരുടെ പെൻഷൻ പദ്ധതിയിൽ അംശദായം അടയ്ക്കുന്നതിനുള്ള കാലാവധി ദീർഘിപ്പിക്കും. ലോക്ക്ഡൗൺ കാലത്ത് അവസാനിക്കുന്ന കെട്ടിട നിർമാണ പെർമിറ്റുകൾ നീട്ടിക്കൊടുക്കും. ഈ ലോക്ക്ഡൗൺ കാലത്ത് സംസ്ഥാന വൈദ്യുതിബോർഡ് ജീവനക്കാരുടെ സേവനം ശ്ലാഘനീയമാണ്.
തണ്ണിത്തോട് നിരീക്ഷണത്തിലായിരുന്ന വിദ്യാർത്ഥിനിയുടെ വീടിനു നേർക്ക് ആക്രമണമുണ്ടായ പോലുള്ള സംഭവങ്ങൾ അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതുപോലുള്ള രീതി അനുവദിക്കില്ല. അക്രമണത്തിനു പിന്നിൽ ആരായാലും ദാക്ഷണ്യമില്ലാതെ നടപടി സ്വീകരിക്കും. കുട്ടിക്കും വീട്ടുകാർക്കുമെതിരെ സമൂഹ മാധ്യമങ്ങളിൽ പ്രചാരണം നടന്നിരുന്നു.
അച്ഛന് നേർക്ക് വധഭീഷണിയുണ്ടായിരുന്നു. ജീവന് സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച പെൺകുട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇതിനുള്ള പ്രതികാരമായാണ് അക്രമമെന്നാണ് വിവരം. നാടും നാട്ടുകാരും ഇത്തരം കുത്സിത പ്രവൃത്തികൾക്കെതിരെ ശക്തമായി രംഗത്തുവരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial