1000 സംരംഭങ്ങള്‍ 100 കോടി ടേണ്‍ ഓവര്‍ ക്ലബിലെത്തിക്കും: ‘മിഷന്‍ 1000’ പദ്ധതിക്ക് തുടക്കമായി

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു

കൊച്ചി: സംസ്ഥാനത്തെ എം.എസ്.എം.ഇകളില്‍ 1000 സംരംഭങ്ങള്‍ തെരഞ്ഞെടുത്ത് നൂറ് കോടി വിറ്റുവരവുള്ള സംരംഭങ്ങളാക്കുന്നതിനുള്ള വ്യവസായ വകുപ്പിന്റെ ‘മിഷന്‍ 1000’പദ്ധതിക്ക് തുടക്കമായി. എറണാകുളം ഗോകുലം പാര്‍ക്ക് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് എന്നിവര്‍ പങ്കെടുത്തു.ഒരു വര്‍ഷത്തിനുള്ളില്‍ 1.39 ലക്ഷം സംരംഭങ്ങള്‍ ആരംഭിച്ച് പുതിയ ചരിത്രം സൃഷ്ടിച്ച സംരംഭക വര്‍ഷം പദ്ധതിയുടെ തുടര്‍ച്ചയായാണ് ‘മിഷന്‍1000’ പദ്ധതിക്ക് രൂപം നല്‍കിയിട്ടുള്ളത്. വീണ്ടും ഒരു ലക്ഷം സംരംഭങ്ങള്‍ ആരംഭിക്കാന്‍ ലക്ഷ്യമിട്ടുള്ള സംരംഭക വര്‍ഷം 2.0 ഉള്‍പ്പെടെ നാല് പദ്ധതികള്‍ക്കാണ് തുടക്കമായത്. തെരഞ്ഞെടുത്ത 1000 എം.എസ്.എം.ഇകളെ 100 കോടി വിറ്റുവരവുള്ള യൂണിറ്റുകളായി നാലു വര്‍ഷത്തിനുള്ളില്‍ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള പദ്ധതിയാണ് ‘എം.എസ്.എം ഇ സ്‌കെയില്‍ അപ്പ് മിഷന്‍ മിഷന്‍ 1000’. നിഷ്‌കര്‍ഷിച്ചിട്ടുള്ള അടിസ്ഥാന യോഗ്യതകളുള്ള എം.എസ്.എം.ഇകളെ സുതാര്യമായ തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ സ്‌കെയില്‍ അപ്പ് സ്‌കീമിനായി തെരഞ്ഞെടുക്കും. സ്‌കെയില്‍ അപ്പ് മിഷന്‍ പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന യൂണിറ്റുകള്‍ക്ക് സര്‍ക്കാര്‍ പിന്തുണ നല്‍കും. മൂലധന നിക്ഷേപ സബ്‌സിഡി, പ്രവര്‍ത്തന മൂലധന വായ്പയുടെ പലിശ സബ്‌സിഡി, ടെക്‌നോളജി നവീകരണത്തിന് സഹായം, ഗുണനിലവാര സര്‍ട്ടിഫിക്കേഷനുകള്‍ നേടുന്നതിനുള്ള സഹായം തുടങ്ങിയവ ഉറപ്പു വരുത്തും. വ്യവസായവകുപ്പിന്റെ എല്ലാ പദ്ധതികളിലും ഈ യൂണിറ്റുകള്‍ക്ക് മുന്‍ഗണനയും നല്‍കും. 202324 സാമ്പത്തിക വര്‍ഷത്തിലും ഒരു ലക്ഷം സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി ലക്ഷ്യമിടുന്ന പദ്ധതിയാണ് ‘സംരംഭക വര്‍ഷം 2.0. ബോട്ടംഅപ്പ് പ്ലാനിങ്ങിലൂടെയായിരിക്കും ഇത്തവണ ജില്ല തിരിച്ച് സംരംഭങ്ങളുടെ എണ്ണം നിശ്ചയിക്കുക. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ പൊതുബോധവല്‍ക്കരണവും തുടര്‍ന്ന് എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വായ്പാലൈസന്‍സ്‌സബ്‌സിഡി മേളകളും സംഘടിപ്പിക്കും. മെന്ററിങ്ങ് സിസ്റ്റത്തില്‍ എല്ലാ എം.എസ്.എം.ഇകളെയും രജിസ്റ്റര്‍ ചെയ്ത് ആവശ്യമായ നിര്‍ദേശങ്ങള്‍ ലഭ്യമാക്കും. നെറ്റ് വര്‍ക്കിങ്ങ് പോര്‍ട്ടലും പുതിയ പദ്ധതിയുടെ ഭാഗമായി ആരംഭിക്കും.കഴിഞ്ഞ സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി ആരംഭിച്ച 1,39,840 സംരംഭങ്ങളുടെ വിജയവും സുസ്ഥിരതയും ഉറപ്പ് വരുത്തുന്നതിനായി ആരംഭിക്കുന്ന പദ്ധതിയാണ് ‘എം.എസ്.എം.ഇ സുസ്ഥിരതാ പദ്ധതി’. എം.എസ്.എം.ഇകളുടെ അടച്ചുപൂട്ടല്‍ നിരക്ക് കുറക്കുന്നതിനും പുതിയ എം.എസ്.എം.ഇകളുടെ വിറ്റുവരവില്‍ 5% വളര്‍ച്ചാ നിരക്ക് ഉറപ്പാക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു. പദ്ധതിയുടെ ഭാഗമായി എം.എസ്.എം.ഇ പെര്‍ഫോമന്‍സ് മോണിറ്ററിങ്ങിനായി ഓട്ടോമേറ്റഡ് സിസ്റ്റം കൊണ്ടുവരുന്നതിനൊപ്പം എം.എസ്.എം.ഇകള്‍ക്കിടയില്‍ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാനതല നെറ്റ്വര്‍ക്കിങ്ങ് ക്ലസ്റ്ററും സൃഷ്ടിക്കും. പ്രത്യേക ഇന്‍സന്റീവുകളും ഈ പദ്ധതിയിലൂടെ എം.എസ്.എം.ഇകള്‍ക്ക് ലഭ്യമാക്കും.നിലവില്‍ പ്രവര്‍ത്തിക്കുന്ന എം എസ് എം ഇ സംരംഭങ്ങളുടെ വിപണനം പ്രോത്സാഹിപ്പിക്കുന്നതിനായി വ്യവസായവകുപ്പ് പ്രത്യേക യൂട്യൂബ് ചാനല്‍ വികസിപ്പിച്ചിട്ടുണ്ട്. ഈ ചാനലിലൂടെ സംരംഭകരുടെ ഉല്‍പന്നങ്ങളെയും സേവനങ്ങളെയും പരിചയപ്പെടുത്തുന്ന സെല്‍ഫീ വീഡിയോകള്‍ ജനങ്ങളിലെത്തിക്കും. ചാനലിന്റെ പ്രമോഷന്‍ വ്യവസായവകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുകയും അതുവഴി സംരംഭകരുടെ വിപണനം പ്രോത്സാഹിപ്പിക്കുകയും ചെയ്യാനാണ് വകുപ്പ് ലക്ഷ്യമിടുന്നത്.
സെല്‍ഫീ വീഡിയോ ചാനലിന്റെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് നിര്‍വഹിച്ചു.500 സംരംഭകര്‍ പങ്കെടുത്ത ചടങ്ങില്‍ വ്യവസായ നിയമ വകുപ്പ് മന്ത്രി പി. രാജീവ് അധ്യക്ഷത വഹിച്ചു. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരായ സുമന്‍ ബില്ല, എ.പി.എം. മുഹമ്മദ് ഹനീഷ്, ഡയറക്ടര്‍ എസ്. ഹരികിഷോര്‍, വ്യവസായവാണിജ്യ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.