മനസിനിണങ്ങിയ ഫോണ്‍ കവര്‍ വീട്ടില്‍ നിര്‍മ്മിക്കാം… ഭാവിയിലേക്ക് വഴിതുറന്ന് 3ഡി പ്രിന്റര്‍

 

കൊച്ചി: കടകള്‍ കയറിയിറങ്ങിയും ഓണ്‍ലൈന്‍ സൈറ്റുകളില്‍ മണിക്കൂറുകള്‍ ചെലവഴിച്ചിട്ടും മനസിനിണങ്ങിയ ഫോണ്‍ കവര്‍ കിട്ടിയില്ലേ…? ഇഷ്ടപെടുന്ന നിറത്തിലും ഭംഗിയിലും വീട്ടില്‍ തന്നെ ഫോണ്‍ കവറുകള്‍ ഉണ്ടാക്കാവുന്ന സാധ്യതകളിലേക്ക് വഴിതുറക്കുകയാണ് 3ഡി പ്രിന്ററുകള്‍. എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേളയില്‍ ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്‌മെന്റിന്റ സ്റ്റാളിലാണ് ഭാവിയില്‍ സജീവ സാധ്യതകളിലേക്ക് ഉയര്‍ന്നുവരുന്ന 3ഡി പ്രിന്ററുകള്‍ ശ്രദ്ധ നേടുന്നത്. കളമശേരി പോളിടെക്‌നിക് കോളേജിലെ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ചിരിക്കുന്ന 3ഡി പ്രിന്ററില്‍ ഫോണ്‍ കവറുകള്‍ മുതല്‍ കുട്ടികള്‍ക്ക് ഇഷ്ടപെടുന്ന രൂപഭംഗിയില്‍ കളിപ്പാട്ടങ്ങളുടെ ഭാഗങ്ങള്‍ വരെ നിര്‍മ്മിച്ചെടുക്കാം. 20000 രൂപ വില വരുന്ന ആല്‍ഫവൈസ് യു 30 എന്ന മോഡല്‍ പ്രിന്ററുകളാണ് മേളയില്‍ സന്ദര്‍ശകര്‍ക്കായി വിദ്യാര്‍ഥികള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ലക്ഷങ്ങള്‍ വിലമതിക്കുന്ന പ്രിന്ററുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. ഫ്യൂഷന്‍ 360, സ്‌ക്രാച്ച് തുടങ്ങിയ ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് രൂപപ്പെടുത്തുന്ന മോഡലുകള്‍ സ്ലൈസ് ചെയ്തു മെമ്മറി കാര്‍ഡിലാക്കാം. തുടര്‍ന്ന് അഡാപ്റ്ററുകള്‍ ഉപയോഗിച്ച് പ്രിന്ററിലേക്ക് കണക്ഷന്‍ കൊടുത്താല്‍ മനസില്‍ കണ്ട ഡിസൈനുകള്‍ കണ്‍മുന്നില്‍ പ്രത്യക്ഷപ്പെടും. ഭാവിയില്‍ അനന്ത സാധ്യതകളുള്ള പ്രിന്ററുകള്‍ ഇന്ന് പ്രൊഫഷണല്‍ ആയും കണ്‍സ്ട്രക്ഷന്‍ ബിസിനസ് മേഖലയിലും മാത്രമാണ് ഉപയോഗിക്കുന്നത്. മനുഷ്യന്റെ ക്രിയാത്മകതയെ സ്വാധീനിക്കുന്ന ത്രീ ഡി പ്രിന്ററുകള്‍ വരും തലമുറയില്‍ സജീവ ഉപയോഗത്തിലേക്കാണ് വഴിതുറക്കുന്നത്.