കൊച്ചി: ആദിമജന വിഭാഗങ്ങളുടെ ചെറുത്തുനില്‍പ്പിന്റെ പ്രതീകമായി കൊച്ചി മുസിരിസ് ബിനാലെയില്‍ ‘എംബസി’. പ്രമുഖ ഓസ്ട്രേലിയന്‍ കലാകാരന് റിച്ചാര്‍ഡ് ബെല്‍ ഒരു തമ്പ് ഒരുക്കിയാണ് ‘എംബസി’ എന്ന ആശയം മുന്നോട്ടുവയ്ക്കുന്നത്. ഓസ്ട്രേലിയയില്‍ ആദിമജന വിഭാഗങ്ങള്‍ അധിനിവേശാനന്തര കാലത്തും നേരിടുന്ന വിവേചനവും ചൂഷണവും പ്രമേയമാക്കി ആവിഷ്കരിച്ച പ്രതിഷ്ഠാപനം (ഇന്സ്റ്റലേഷന്) ആഗോളതലത്തില്‍ തന്നെ ആദിമസമൂഹത്തിന്റെ പ്രതിരോധത്തിനായി ആഹ്വാനം ചെയ്യുന്നു. ഇപ്പോഴും മനസുകളില്‍ വേരറ്റുപോകാതെ നിലനില്‍ക്കുന്ന യജമാനന് അടിമ മനോഭാവം ഏറ്റവും വെറുക്കപ്പെടേണ്ട ഒന്നായാണ് കണക്കാക്കുന്നതെന്ന് അദിമവംശജന് കൂടിയായ 70കാരന് റിച്ചാര്‍ഡ് ബെല്‍ പറയുന്നു. കടുത്ത അതൃപ്തി പ്രകടിപ്പിക്കാന്‍ സ്വന്തം നാട്ടില്‍തന്നെ ആദിമജനസമൂഹം ഒരു എംബസിയുണ്ടാക്കിയാല് കുറ്റം പറയാനാകുമോ? ഈ ‘എംബസി’ അന്താരാഷ്ട്ര തലത്തില്‍ ആദിമജനസമൂഹത്തിന്റെ ദുരവസ്ഥയുടെ സൂചകമെന്ന നിലയ്ക്ക് ഏറ്റെടുക്കപ്പെട്ടതായും റിച്ചാര്‍ഡ് ബെല്‍ ചൂണ്ടിക്കാട്ടി.
ആദിമജനങ്ങളുടെ ചെറുത്തുനില്‍പ്പും ക്ഷേമവും ഉറപ്പാക്കാനും അവര്‍ക്കായി ശബ്ദിക്കുന്ന പ്രസ്ഥാനങ്ങളുടെ ഐക്യദാര്‍ഢ്യത്തിനുമായി അവതരണങ്ങളും വീഡിയോ പ്രദര്‍ശനങ്ങളും ചര്‍ച്ചകളും നടത്താനുള്ള ഇടമായി ‘അബൊറിജിനല്‍ എംബസി’ എന്ന തമ്പ് വിഭാവനം ചെയ്തിരിക്കുന്നു. ഫോര്‍ട്ടുകൊച്ചി ആസ്പിന്‍വാള്‍ ഹൗസില്‍ ഔട്ട്ഡോറായി ഒരുക്കിയ തമ്പിന്റെ പുറംവശങ്ങളില്‍ വിവേചന ചൂഷണ വിരുദ്ധമായ രൂക്ഷവിമര്‍ശനങ്ങളുടെ പോസ്റ്ററുകള്‍ പതിപ്പിച്ചിട്ടുണ്ട്. അതിലൊന്നില്‍ പറയുന്നതിങ്ങനെ: ” ആദിമജനമായി ജീവിക്കാന്‍ അനുവദിക്കാതിരുന്നിട്ട് പിന്നെന്തിനാണ് ജനാധിപത്യം പ്രഘോഷിക്കുന്നത്?’
ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന സമകാലീന കലാകാരനായി ഗണിക്കുന്ന റിച്ചാര്‍ഡ് ബെല്‍ അറിയപ്പെടുന്ന ആക്റ്റിവിസ്റ്റുമാണ്. ‘എംബസി’ ലോകത്തെ പ്രമുഖ സമകാലീന കലാമേളകളില്‍ അവതരിപ്പിച്ചിട്ടുണ്ട്. വര്ണ്ണവെറിക്കെതിരായും ആദിമജനസമൂഹത്തിന്റെ ഭൂമി പ്രശ്നങ്ങളിലെ പ്രതികരണമായും വലിയ കാന്‍വാസിലുള്ള പെയിന്റിംഗുകളും റിച്ചാര്‍ഡ് ബെല്ലിന്റേതായി ബിനാലെയുടെ ആസ്പിന്‍വാള്‍ ഹൗസ് വേദിയില്‍ കാണാം.