നാടിന്റെ സാമൂഹ്യസുരക്ഷയൊരുക്കുന്നതില്‍ ടീം കേരള വൊളന്റിയര്‍മാര്‍ പങ്കാളികളാകണം: മുഖ്യമന്ത്രി

തിരുവനന്തപുരം: നാടിന്റെ സാമൂഹ്യസുരക്ഷയൊരുക്കുന്നതില്‍ ടീം കേരള യൂത്ത് ഫോഴ്‌സ് വൊളന്റിയര്‍മാര്‍ പങ്കാളികളാകണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ രൂപീകരിച്ചിട്ടുള്ള കേരള യൂത്ത് ഫോഴ്‌സിന്റെ പ്രവര്‍ത്തനം എല്ലാ തട്ടിലേക്കും വ്യാപിപ്പിക്കാനാണു സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ടീം കേരള യൂത്ത് ഫോഴ്‌സിലെ 2500 സേനാംഗങ്ങളുടെ പാസിങ് ഔട്ട് പരേഡില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.


യുവജനങ്ങളുടെ കര്‍മശേഷി സമൂഹത്തിനു പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണു ടീം കേരള പദ്ധതി ആവിഷ്‌കരിച്ചതെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ടീം കേരളയുടെ കാര്യശേഷിയും കര്‍മബോധവും സാമൂഹ്യപ്രതിബദ്ധതയും വെളിപ്പെട്ട പല ഘട്ടങ്ങളുമുണ്ടായിട്ടുണ്ട്. കേരളം നേരിട്ട പ്രകൃതി ദുരന്തങ്ങളുടെ ഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിലും ദുരിതാശ്വാസ ക്യാംപുകളിലെ പ്രവര്‍ത്തനങ്ങളിലും മുന്‍പന്തിയില്‍ ഇവരായിരുന്നു. കോവിഡ് മഹാമാരി നാടിനെ നിശ്ചലമാക്കിയപ്പോള്‍ വിവിധ തലങ്ങളിലുള്ള പ്രവര്‍ത്തനങ്ങളില്‍ യൂത്ത് ഫോഴ്‌സ് അംഗങ്ങള്‍ പൂര്‍ണമായി സഹകരിച്ചു. ദുരന്തങ്ങളും മഹാമാരികളുമുണ്ടാകുമ്പോള്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ സഹായിച്ചുകൊണ്ടു ദുരന്തത്തിന്റെ ആഘാതം ലഘൂകരിക്കാനുള്ള ഇടപെടല്‍ സേനയുടെ ഭാഗത്തുനിന്നുണ്ടാകുന്നതു ശ്ലാഖനീയമാണെന്നു മുഖ്യമന്ത്രി പറഞ്ഞു.
മയക്കുമരുന്നുപോലുള്ള സാമൂഹ്യ വിപത്തുകള്‍ക്കെതിരായ പോരാട്ടത്തില്‍ യൂത്ത് ഫോഴ്‌സ് അംഗങ്ങള്‍ മുന്നിലുണ്ടാകണം. യുവജനങ്ങളുടെ ക്ഷേമം ലക്ഷ്യംവച്ചു നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്. വരുന്ന 25 വര്‍ഷംകൊണ്ടു കേരളത്തിന്റെ ജീവിത നിലവാരം വികസിത മധ്യവരുമാന രാജ്യങ്ങളുടേതിനു സമാനമാക്കാനാണു ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ടീം കേരള സേനാംഗങ്ങളുടെ പാസിങ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ചു.
വരുന്ന മൂന്നു വര്‍ഷംകൊണ്ടു 10,000 അംഗങ്ങളടങ്ങുന്ന യൂത്ത് ഫോഴ്‌സായി ടീം കേരള മാറുമെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച സാംസ്‌കാരിക യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. വി.കെ. പ്രശാന്ത് എം.എല്‍.എ, യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എസ്. സതീഷ്, അംഗങ്ങളായ വി.കെ. സനോജ്, എസ്. കവിത, ഷെരീഫ് പാലൊളി, പി.എം. ഷെബീറലി, സന്തോഷ് കാല, മെമ്പര്‍ സെക്രട്ടറി വി.ഡി. പ്രസന്നകുമാര്‍, തിരുവനന്തപുരം ജില്ലാ യൂത്ത് കോഓര്‍ഡിനേറ്റര്‍ എ.എം. അന്‍സാരി, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫിസര്‍ ആര്‍.എസ്. ചന്ദ്രികാദേവി, അവളിടം ക്ലബ് ജില്ലാ യുവതീ കോഓര്‍ഡിനേറ്റര്‍ വി.എസ്. ശ്യാമ, ടീം കേരള സംസ്ഥാന കോഓര്‍ഡിനേറ്റര്‍ പി.എം. സാജന്‍ തുടങ്ങിയവരും പങ്കെടുത്തു.