വനിതാ പോലീസ് സംഗമത്തിലെ നിര്‍ദേശങ്ങള്‍ നയരൂപീകരണത്തിന് സഹായിക്കും : മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: പോലീസിലെ വിവിധ റാങ്കുകളില്‍ ഉളളവര്‍ക്ക് പറയാനുളള കാര്യങ്ങള്‍ കൂടി കേട്ട് തയ്യാറാക്കിയ സംസ്ഥാനതല വനിതാ പോലീസ് സംഗമത്തിന്റെ റിപ്പോര്‍ട്ട് സൂക്ഷ്മതല നയരൂപീകരണത്തിന് ഏറെ സഹായകമാകുമെന്ന് വനിതാ ശിശു വികസന മന്ത്രി വീണ ജോര്‍ജ് അഭിപ്രായപ്പെട്ടു. തൊഴില്‍ മേഖലയില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനായി കോവളം വെളളാര്‍ ആര്‍ട്‌സ് ആന്റ് ക്രാഫ്റ്റ്‌സ് വില്ലേജില്‍ ചേര്‍ന്ന സംസ്ഥാനതല വനിതാ പോലീസ് സംഗമത്തിന്റെ സമാപനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
വനിതകളായ പോലീസ് ഉദ്യോഗസ്ഥരെക്കുറിച്ച് സമൂഹത്തിനുളള മുന്‍വിധി മറികടക്കാന്‍ അധികമായി പ്രയത്‌നിക്കേണ്ടിവരും. നിയമവും ചട്ടവും നടപ്പാക്കുന്നതില്‍ വിട്ടുവീഴ്ച പാടില്ല. സമൂഹത്തിലെ സ്ത്രീകളുടെ ശാക്തീകരണം കൂടിയാണ് വനിതാ പോലീസിന്റെ നിയോഗം. സ്ഥലസൗകര്യം ലഭ്യമാക്കുന്ന പക്ഷം സര്‍ക്കാര്‍ ഓഫീസുകളോട് ചേര്‍ന്ന് ക്രഷ് സംവിധാനം ആരംഭിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും.
രണ്ടു ദിവസമായി നടന്ന സംസ്ഥാനതല വനിതാ പോലീസ് സംഗമത്തില്‍ ഉയര്‍ന്ന നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ച് ഐ.ജി ഹര്‍ഷിത അത്തല്ലൂരി സമാപന സമ്മേളനത്തില്‍ അവതരിപ്പിച്ചു. പോലീസിലെ വനിതകളുടെ അംഗസംഖ്യ വര്‍ധിപ്പിക്കണമെന്നതാണ് പ്രധാന ആവശ്യമായി ഉന്നയിക്കപ്പെട്ടത്. കേസന്വേഷണം, കണ്‍ട്രോള്‍ റൂം പട്രോളിംഗ്, പോലീസിലെ സാങ്കേതിക മേഖല, ഫോണ്‍ കോളുകളുടെ ഡാറ്റ വിലയിരുത്തല്‍, പോലീസ് സ്ഥാപനങ്ങളിലെ െ്രെഡവിംഗ് മുതലായ മേഖലകളില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കണം. പോലീസ് സ്‌റ്റേഷനുകളിലും ഓഫീസുകളിലും പ്രത്യേക വിശ്രമമുറിയും ടോയ്‌ലെറ്റ് സംവിധാനവും വേണം. സിവില്‍ പോലീസ് ഓഫീസര്‍ തലത്തില്‍ പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും പൊതുവായ റിക്രൂട്ട്‌മെന്റ് വേണം. മാതൃ അവധി, പിതൃ അവധി എന്നിവയുടെ കാലാവധി നീട്ടണമെന്നും ചെല്‍ഡ് കെയര്‍ ലീവ് അനുവദിക്കണമെന്നും പോലീസ് സ്‌റ്റേഷനുകളില്‍ ക്രഷ് സംവിധാനം വേണമെന്നും നിര്‍ദ്ദേശമുയര്‍ന്നു.


മന്ത്രി കെ.എന്‍.ബാലഗോപാല്‍ ആണ് സംഗമം വ്യാഴാഴ്ച ഉദ്ഘാടനം ചെയ്തത്. ആറു സംഘങ്ങളായി തിരിഞ്ഞ് വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ അവരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു. മുതിര്‍ന്ന ഐ.പി.എസ് ഓഫീസര്‍മാര്‍ നേതൃത്വം നല്‍കി. ഈ ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ ആശയങ്ങള്‍ വെളളിയാഴ്ച രാവിലെ രണ്ടു വിദഗ്ദ്ധ പാനലിന് മുന്നില്‍ അവതരിപ്പിച്ചു. ഐ.പി.എസ് ഉദ്യോഗസ്ഥരായ ബി.സന്ധ്യ, കെ.പത്മകുമാര്‍, ഡോ.ഷേക്ക് ദര്‍വേഷ് സാഹിബ് എന്നിവരും വിരമിച്ച ഐ.പി.എസ് ഉദ്യോഗസ്ഥരായ ജേക്കബ് പുന്നൂസ്, എ.ഹേമചന്ദ്രന്‍ എന്നിവരും മൃദുല്‍ ഈപ്പന്‍, ഐ.എ.എസ് ഉദ്യോഗസ്ഥയായ ഡോ.എം.ബീന എന്നിവരും അടങ്ങിയതായിരുന്നു പാനല്‍. എ.ഡി.ജി.പി കെ.പത്മകുമാറിന്റെ നേതൃത്വത്തില്‍ ഈ നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ചു.
സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് സമാപന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. എ.ഡി.ജി.പി കെ.പത്മകുമാര്‍, എസ്.പിമാരായ നവനീത് ശര്‍മ്മ, ഹേമലത എന്നിവര്‍ സംബന്ധിച്ചു. പോലീസ് ആസ്ഥാനത്തെ വിമന്‍ ആന്റ് ചൈല്‍ഡ് സെല്‍ ആണ് പരിപാടികള്‍ ഏകോപിപ്പിച്ചത്.