നാളികേര ഉല്പന്നങ്ങളുടെ വ്യാപാരവും വിപണനവും
സംബന്ധിച്ച അന്താരാഷ്ട്ര സമ്മേളനം ഹൈദരാബാദില്‍
കൊച്ചി: നാളികേര ഉല്പന്നങ്ങളുടെ കയറ്റുമതി 2020-21 ല്‍ 2294.81 കോടി രൂപയില്‍ നിന്ന് 2021-22 ല്‍ 3236.83 കോടി രൂപയായി ഉയര്‍ന്ന് 40.09 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. നാളികേര വികസന ബോര്‍ഡിന്റെയും ഇന്റര്‍നാഷണല്‍ കോക്കനട്ട് കമ്മ്യൂണിറ്റിയുടെയും (ഐസിസി) സംയുക്താഭിമുഖ്യത്തില്‍ നാളികേര ഉല്പന്നങ്ങളുടെ വ്യാപാരവും വിപണനവും സംബന്ധിച്ച ദ്വിദിന അന്താരാഷ്ട്ര സമ്മേളനത്തില്‍ കൃഷി കര്‍ഷകക്ഷേമ മന്ത്രാലയം ജോയിന്റ് സെക്രട്ടറിയും സിഡിബി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ഡോ. വിജയലക്ഷ്മി നാദെന്ലയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഹൈദരാബാദില്‍ നടന്ന സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ഐസിസി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ജെല്‍ഫിന സി അലോവ്, തെലങ്കാന കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും പ്രൊഡക്ഷന്‍ കമ്മീഷണറുമായ ഡോ. രഘുനന്ദന് റാവു , മാനേജ് ഡയറക്ടര്‍ ജനറല്‍ ഡോ. പി ചന്ദ്രശേഖര, ജയ്പൂരിലെ സിസിഎസ് എന്‍ഐഎഎം ഡയറക്ടര്‍ ഡോ. രമേഷ് മിത്തല്‍, ഐസിസി നാഷണല്‍ ലെയ്സണ്‍ ഓഫീസറും അഡ്മിനിസ്ട്രേറ്ററുമായ ബെര്‍ണി ഫെറര്‍ ക്രൂസ് എന്നിവരും പങ്കെടുത്തു.
ഐസിസിയുടെ 2020-ലെ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം, ആഗോള ഉല്‍പ്പാദനത്തിന്റെ 30.93ശതമാനം വിഹിതമുള്ള ലോകത്തിലെ ഏറ്റവും കൂടുല്‍ നാളികേരം ഉല്‍പ്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ഡോ. എന്‍. വിജയലക്ഷ്മി പറഞ്ഞു. ഉല്പാദനക്ഷമതയില് ഇന്ത്യ രണ്ടാം സ്ഥാനത്താണ് (ഹെക്ടറില്‍ 9,346 നാളികേരം). നാളികേര ഉല്പാദനത്തില് നിന്ന് ഏകദേശം 30,795.6 കോടി രൂപ രാജ്യത്തിന്റെ ജിഡിപിയിലേക്കും, 7,576.88 കോടി രൂപ കയറ്റുമതി വരുമാനമായും ലഭിക്കുന്നു.
രാജ്യത്തെ നാളികേര മേഖലയുടെ വികസനത്തിനും വിപണി പ്രോത്സാഹിപ്പിക്കുന്നതിനുമായി നിരവധി പദ്ധതികള്‍ ബോര്‍ഡ് നടപ്പിലാക്കിവരുന്നതായി ഡോ. എന്‍. വിജയലക്ഷ്മി അറിയിച്ചു. മാര്‍ക്കറ്റ് പ്രൊമോഷന്, മാര്‍ക്കറ്റ് ഇന്റലിജന്‍സ്, മാര്‍ക്കറ്റ് റിസര്‍ച്ച്, മാര്‍ക്കറ്റ് ഡെവലപ്മെന്റ്, കര്‍ഷക കൂട്ടായ്മകളുടെ പ്രവര്‍ത്തനം സുഗമമാക്കല്‍, എക്സ്പോര്‍ട്ട് പ്രമോഷന് കൗണ്‍സിലിന്റെ (ഇപിസി) ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കല്‍, മറ്റ് നയങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് പ്രധാന പ്രവര്‍ത്തനങ്ങള്‍.
കേര കര്‍ഷകരെ ഏകോപിപ്പിച്ചുകൊണ്ട് ത്രിതല കര്‍ഷക കൂട്ടായ്മകള്‍ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ടെന്നും ഡോ. എന്‍. വിജയലക്ഷ്മി ഐഎഎസ് ചൂണ്ടിക്കാട്ടി. രാജ്യത്ത് ഇതുവരെ 9787 ഉത്പാദക സംഘങ്ങളും 747 ഉത്പാദക ഫെഡറേഷനുകളും 68 ഉത്പാദക കമ്പനികളുമാണ് രൂപീകരിച്ചിട്ടുള്ളത്.
നാളികേര ഉല്പന്നങ്ങളില് അന്തര്‍ദേശീയ കാഴ്ചപ്പാട്, സുസ്ഥിര നാളികേര സംഭരണത്തിലേക്ക് നീങ്ങുക, നാളികേര ഉല്‍പ്പന്നങ്ങളുടെ ആഗോള വിപണി സാധ്യതകളും വളര്‍ച്ചാ സാധ്യതകളും, നൂതന വ്യവസായ സമ്പ്രദായങ്ങളും പ്രയോഗവും നാളികേര മേഖലയിലെ സാങ്കേതികവിദ്യ എന്നീ വിഷയങ്ങളില്‍ സെഷനുകള്‍ അവതരിപ്പിച്ചു. സമ്മേളനത്തില്‍, ലോകമെമ്പാടുമുള്ള 450ലധികം പ്രതിനിധികള്‍ ഓണ്‍ലൈനായും 26 അന്താരാഷ്ട്ര പ്രതിനിധികള്‍ നേരിട്ടും പങ്കെടുത്തു.
നാളികേര മേഖലയിലെ ആഗോള വിപണി സാധ്യതകള്‍, നാളികേര മേഖലയിലെ നൂതന വ്യവസായം, നാളികേര മേഖലയിലെ സുസ്ഥിരത എന്നിവയെക്കുറിച്ചുള്ള സാങ്കേതിക വിവരങ്ങള്‍ കൈമാറ്റം എന്നിവയെ കുറിച്ച് ഐസിസി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ജെല്‍ഫിന സി. അലോവ് തന്റെ പ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞു.
തെലങ്കാന കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും പ്രൊഡക്ഷന്‍ കമ്മീഷണറുമായ ഡോ. രഘുനന്ദന് റാവു ് തന്റെ പ്രസംഗത്തില്‍, തെലങ്കാന കാര്‍ഷികമേഖലയില്‍ വന്‍തോതില്‍ നിക്ഷേപം നടത്തുന്നുണ്ടെന്നും നാളികേര കൃഷിയില്‍ വന്‍ വളര്‍ച്ചയുണ്ടെന്നും ചൂണ്ടിക്കാട്ടി. വയല്‍വിളകളില്‍ നിന്ന് തോട്ടവിളകളിലേക്ക് സംസ്ഥാനം മാറുകയാണെന്ന് അദ്ദേഹം അറിയിച്ചു.
വിപണി ഗവേഷണം, നാളികേര മൂല്യവര്‍ധിത ഉല്പന്നങ്ങളുടെ ഗുണനിലവാരം, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എന്നിവയില്‍ മുന്നേറ്റം ആവശ്യമായ നാളികേര മേഖലയുടെ പ്രാധാന്യം ഐസിസി നാഷണല്‍ ലെയ്സണ്‍ ഓഫീസറും അഡ്മിനിസ്ട്രേറ്ററുമായ ബെര്‍ണി ഫെറര്‍ ക്രൂസ് ഊന്നിപ്പറഞ്ഞു.
ഇതോടനുബന്ധിച്ച് നാളികേര വികസന ബോര്‍ഡ് പ്രസിദ്ധീകരിക്കുന്ന ഇന്ത്യന്‍ കോക്കനട്ട് ജേണലിന്റെ വജ്രജൂബിലി പതിപ്പ് പുറത്തിറക്കി. വിപണി ഗവേഷണ പ്രവര്‍ത്തനങ്ങളും കര്‍ഷക കൂട്ടായ്മകളുടെ പ്രവര്‍ത്തനങ്ങളും നടപ്പിലാക്കുന്നതിനായി നാളികേര വികസന ബോര്‍ഡും കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഗ്രികള്‍ച്ചറല്‍ എക്സ്റ്റന്‍ഷന്‍ ആന്‍ഡ് മാനേജ്മെന്റും നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റിംഗും തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചു. മുഖ്യ നാളികേര വികസന ഓഫീസര്‍ ഡോ. ഹനുമന്ത ഗൗഡ നന്ദി പ്രകാശിപ്പിച്ചു.