കൊല്ലം: രാജ്യത്തെ നിയമത്തെക്കുറിച്ചുള്ള അവബോധം സ്തീകളിലും പുരുഷൻമാരിലും ഒരുപോലെ വളർന്നെങ്കിൽ മാത്രമേ വിവേചനം അവസാനിക്കു. വനിതദിനാഘോഷത്തിന്റെ ഭാഗമായി കൊല്ലം പ്രസ് ക്ലബ്ബ്, ‘അക്രമം നേരിടുന്ന സ്ത്രീകളോട് നീതിന്യായ വ്യവസ്ഥ ചെയ്യുന്നതെന്ത്’ എന്ന വിഷയത്തിൽ സംഘടിപ്പിച്ചു സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുൻ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. കൊല്ലം സബ് ജഡ്ജ് അഞ്ജു മീര ബിർള, സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. മോഹൻരാജ് എന്നിവർ മുഖ്യപ്രഭാഷണം നടത്തി.
രാജ്യത്തെ നിയമങ്ങളെക്കുറിച്ചുള്ള അവബോധം സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ വളർന്നാലെ വിവേചനം അവസാനിക്കുകയുള്ളുവെന്ന് ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
സ്ത്രീകൾ പ്രശ്നങ്ങളിൽ നിന്ന് രക്ഷപെടാൻ ആത്മീയ കുറുക്കുവഴി തേടുന്ന രീതി മാറണം. നീതി ലഭിച്ചാൽ മാത്രം പോര, നീതി ലഭിച്ചു എന്ന് തോന്നുകയും വേണം എന്നും ജെ. മേഴ്സിക്കുട്ടിയമ്മ കൂട്ടിച്ചേർത്തു.
പരിഗണനക്ക് എത്തുന്ന കേസുകളിൽ നിയമത്തിന്റെ പരിധിയിൽ നിന്നുകൊണ്ടുള്ള നീതി ഉറപ്പാക്കാൻ ജുഡീഷ്യറിക്ക് സാധിക്കുന്നുണ്ടെന്ന് സെമിനാറിൽ അഭിപ്രായമുയർന്നു.
തെളിവുശേഖരണത്തിലും മൊഴിയെടുപ്പിലുമെല്ലാം വരുന്ന പാളിച്ചകളും കേസുകളെ ദുർബലപ്പെടുത്താറുണ്ട്. ബലാത്സംഗം പോലുള്ള കേസുകളിൽ പോലും ക്രോസ്വിസ്താരത്തിൽ ഉൾപ്പെടെ പരാതിക്കാരായ സ്ത്രീകൾക്ക് അസഹനീയമായ സാഹചര്യം നേരിടേണ്ടിവരുന്നത് ഭരണഘടന ഓരോ പൗരനും ഉറപ്പുനൽകുന്ന മൗലികഅവകാശം സംരക്ഷിക്കേണ്ട ഉത്തരവാദിത്വം കോടതികൾ നിറവേറ്റുന്നത് കൊണ്ടാണ്. ഭരണഘടനയിലധിഷ്ടിതമായ അവകാശവും നീതിയും ആണ് കോടതി ഉറപ്പുവരുത്തേണ്ടത്. നിയമങ്ങൾ നടപ്പാക്കുന്നതിനപ്പുറം മൂല്യബോധത്തിലൂന്നിയ സമൂഹത്തിലൂടെയെ മാറ്റങ്ങൾ വരികയുള്ളു എന്ന് സെമിനാർ അഭിപ്രായപ്പെട്ടു.
കൊല്ലം ഡി.സി.ആർ.ബി എ.സി.പി എ. പ്രദീപ് കുമാർ, പ്രസ് ക്ലബ്ബ് വൈസ് പ്രസിഡന്റ് ശ്രീലത ഹരി, ഐറിൻ എൽസ ജേക്കബ് എന്നിവർ സംസാരിച്ചു.