കൊല്ലം: പബ്ലിക് ലൈബ്രറിക്കുമുന്നിലെ റോഡിന്റെ ശോച്യാവസ്ഥ റിപ്പോർട്ട് ചെയ്യാൻ പോയ മാതൃഭൂമി ദിനപ്പത്രത്തിന്റെ സ്റ്റാഫ് റിപ്പോർട്ടർ അനിൽ മുകുന്നേരി , സ്റ്റാഫ് ഫോട്ടോഗ്രാഫർ സുധീർ മോഹൻ എന്നിവർക്കാണ് മർദ്ദനമേറ്റത്.
ഈ റോഡിനോട് ചേർന്ന് അനധികൃതമായി പ്രവർത്തിച്ചിരുന്ന തട്ടുകടകളുടെ ചിത്രമാണ് സുധീർ പകർത്തിയത് എന്ന് ആരോപിച്ച്, സ്ഥലത്തുണ്ടായിരുന്ന നാൽവർ സംഘം ചോദ്യംചെയ്തു. തുടർന്ന് വാർത്താ ശേഖരണത്തിനായി പോളയത്തോട് ഭാഗത്തേക്ക് ബൈക്കിൽ പോയ ഇരുവരെയും സായുധരായ മൂന്നംഗ സംഘം ബൈക്കിൽ പിൻതുടർന്നു. ഇത് മനസ്സിലാക്കിയ റിപ്പോർട്ടർ വിവരം കൊല്ലം ഈസ്റ്റ് പൊലീസിൽ അറിയിച്ചു. പോളയത്തോട് ശ്മശാനത്തിനു മുന്നിലെത്തിയപ്പോൾ അക്രമി സംഘം മാധ്യമ പ്രവർത്തകരുടെ ബൈക്ക് തടഞ്ഞ് ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. പൊലീസ് വരുന്നത് കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച അക്രമി സംഘത്തിലെ ഒരാളെ പൊലീസ് പിടികൂടി. ബൈക്കും കസ്റ്റഡിയിലെടുത്തു. സംഘത്തിലെ മറ്റുള്ളവർ രക്ഷപെട്ടു. പരിക്കേറ്റ് റോഡിൽ കിടന്ന സ്റ്റാഫ് റിപ്പോർട്ടർ അനിൽ മുകുന്ദേരിയെയും ഫോട്ടോഗ്രാഫർ സുധീർ മോഹനനെയും പൊലീസ് ജീപ്പിൽ കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ചു. അനിൽ മുകുന്ദേരിയുടെ പരിക്ക് ഗൃരുതരമാണ്. മർദ്ദനത്തെ തുടർന്ന് ഗുരുതര പരിക്ക് പറ്റിയ ഇരുവരെയും കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ പൊലീസ് കേസെടുത്തു.
മാധ്യമ പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ അറസ്റ്റിലായ അൽത്താഫ്, സെയ്ദലി എന്നിവർ കൂടാതെ തിരുനൽവേലി വെള്ളംകുളി വെള്ളപ്പാണ്ടി സ്വദേശി രാജ (34) യാണ് അറസ്റ്റിലായത്.
മാധ്യമ പ്രവർത്തകരെ ആക്രമിച്ച എല്ലാവരെയും അറസ്റ്റ് ചെയ്യണം: കെ യു ഡബ്ല്യൂ ജെ
ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ മാതൃഭൂമി സ്റ്റാഫ് റിപ്പോർട്ടർ അനിൽ മുകുന്ദേരി, സ്റ്റാഫ് ഫോട്ടോഗ്രാഫർ സുധീർ മോഹൻ എന്നിവരെ ആക്രമിച്ച് പരിക്കേൽപ്പിച്ച സമൂഹവിരുദ്ധ സംഘത്തിലെ എല്ലാവരെയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യൂജെ) കൊല്ലം ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ മാധ്യമ പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ യൂണിയൻ ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിക്കുന്നു. മാധ്യമ പ്രവർത്തകർക്ക് നിർഭയം ജോലി ചെയ്യാനുള്ള അവസരമുണ്ടാകണം. അക്രമി സംഘത്തിലെ എല്ലാവരെയും എത്രയും വേഗം അറസ്റ്റ് ചെയ്ത് നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്ന് പ്രസിഡന്റ് ജി. ബിജു, സെക്രട്ടറി സനൽ.ഡി. പ്രേം എന്നിവർ ആവശ്യപ്പെട്ടു.