3000 ചതുരശ്ര അടി വരെയുള്ള വീട് നിര്‍മാണത്തിന് മണ്ണുമാറ്റാന്‍ ഇനി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കാം: മന്ത്രി പി. രാജീവ്

തിരുവനന്തപുരം സംസ്ഥാനത്ത് 3000 ചതുരശ്ര അടി വരെയുള്ള വീടുകളുടെ നിര്‍മാണത്തിനായി മണ്ണ് മാറ്റുന്നതിനുള്ള അനുമതി നല്‍കാനുള്ള അധികാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു നല്‍കിയതായി വ്യവസായ മന്ത്രി പി. രാജീവ്. നേരത്തേ ഇത് മൈനിങ ആന്‍ജ് ജിയോളജി വകുപ്പിന്റെ ചുമതലയിലായിരുന്നു. പൊതുജനങ്ങള്‍ക്കും സര്‍ക്കാരിനും നേരിട്ടു പ്രയോജനം ലഭിക്കുന്ന വിധത്തില്‍ 2015ലെ കേരള മൈനര്‍ മിനറല്‍സ് കണ്‍സഷന്‍ ചട്ടങ്ങളിലെ അഞ്ചു വിഭാഗങ്ങളില്‍ കൊണ്ടുവന്ന ഭേദഗതിയുടെ ഭാഗമായാണിതെന്നു മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഗാര്‍ഹിക ആവശ്യത്തിനും മറ്റും 150 ടണ്ണിനു താഴെയുള്ള ധാതു പുറത്തേക്കു കൊണ്ടുപോകുന്നതിനു പ്രത്യേക അനുമതി നല്‍കുന്നത് ഭേദഗതിയില്‍ നിര്‍ദേശിക്കുന്നുണ്ടെന്നു മന്ത്രി പറഞ്ഞു. മണ്ണ് പുറത്തേക്കു കൊണ്ടുപോകാതെ സ്ഥലം നിരപ്പാക്കുന്നത് വകുപ്പിനെ അറിയിച്ചു ചെയ്യാനുള്ള അനുമതിയും ലഭ്യമാക്കും. ദുരന്ത നിവാരണവുമായി ബന്ധപ്പെട്ടും സര്‍ക്കാര്‍ പ്രവൃത്തികളുമായി ബന്ധപ്പെട്ടും ധാതു നീക്കത്തിനു പ്രത്യേക അനുമതി ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
ഖനന മേഖലയിലെ ക്രഷര്‍ യൂണിറ്റുകളുടെ ക്ഷമതയനുസരിച്ചു കോമ്പൗണ്ടിങ് വ്യവസ്ഥയില്‍ റോയല്‍റ്റി ഈടാക്കുന്ന സംവിധാനവും ഖനനം അനുവദിക്കുന്ന സ്ഥലത്തിന്റെ വിസ്തീര്‍ണമനുസരിച്ചു കോമ്പൗണ്ടിങ് ചെയ്യുന്ന സംവിധാനവും ചട്ട ഭേദഗതിപ്രകാരം നിര്‍ത്തലാക്കിയതായി മന്ത്രി പറഞ്ഞു. റോയല്‍റ്റി ഇനത്തില്‍ സര്‍ക്കാരിനു ലഭിക്കേണ്ട വരുമാനച്ചോര്‍ച്ച തടയുന്നതിനും റോയല്‍റ്റിയും ധാതുവിന്റെ വിലയും കാലാനുസൃതമായി വര്‍ധിപ്പിക്കുന്നതിനുമുള്ള ഭേദഗതികളുടെ ഭാഗമായാണിത്. നിലവിലുള്ള റോയല്‍റ്റി രണ്ടു മടങ്ങായി വര്‍ധിപ്പിച്ചു. അനധികൃതമായി ഖനനം ചെയ്തു കടത്തിയ ധാതുവിന്റെ വില നിശ്ചയിക്കുന്നതു വിപണി വിലയുടെ നാലു മടങ്ങായി ഉയര്‍ത്തി.
കേരള മിനറല്‍സ് (പ്രിവന്‍ഷന്‍ ഓഫ് ഇല്ലീഗല്‍ മൈനിങ്, സ്‌റ്റോറേജ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍) ചട്ടങ്ങളിലും ഭേദഗതികള്‍ കൊണ്ടുവന്നിട്ടുണ്ട്. ഇതുപ്രകാരം ബജറ്റ് നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കി ധാതു വിപണനം ചെയ്യുന്നതിന് ഇനി മുതല്‍ അധിക ഫീസ് ഈടാക്കും. ധാതു സംഭരിച്ചു വില്‍ക്കുന്ന ഡീലര്‍ മറ്റൊരു ഡീലര്‍ക്കു വില്‍ക്കാന്‍ പാടില്ലെന്ന വ്യവസ്ഥയില്‍ ഇളവ് അനുവദിക്കും. മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കി ധാതു വിപണനം ചെയ്യുന്നതിനു ക്രഷര്‍ യൂണിറ്റുകള്‍ക്ക് ഡീലേഴ്‌സ് ലൈസന്‍സ് നിര്‍ബന്ധമാക്കുമെന്നും മന്ത്രി പറഞ്ഞു.
പുതിയ നിയമ ഭേദഗതിയും റോയല്‍റ്റി ഡിവിഷനും ഇന്ന്(ഏപ്രില്‍ 01) നിലവില്‍ വരും. മുന്‍പുള്ള കുടിശിക അടച്ചു തീര്‍ക്കുന്നതിനു പ്രത്യേക അദാലത്ത് സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഖനന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് ഡയറക്ടര്‍ എന്‍. ദേവിദാസ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.