തിരുവനന്തപുരം/ന്യൂദല്‍ഹി: ബിജെപിയില്‍ ചേരാനുള്ള മകന് അനിലിന്റെ തീരുമാനം തനിക്ക് വളരെ വേദനയുണ്ടാക്കിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. മകന്റെ തീരുമാനം തികച്ചും തെറ്റായിപ്പോയെന്നും കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളോട് പ്രതികരിക്കവെ ആന്റണി പറഞ്ഞു. ഇന്ത്യാ രാജ്യത്തിന്റെ ഐക്യം ബഹുസ്വരതയും മതേതരത്വവുമാണ്. താന്‍ അവസാനശ്വസം വരെ ബിജെപിയുടെ വിനാശകരമായ നയങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തും. സ്വാതന്ത്ര്യസമരം കാലം മുതല്‍ ജാതിയോ മതമോ, വര്‍ഗമോ വര്‍ണമോ നോക്കാതെ എല്ലാ ഇന്ത്യാക്കാരെയും ഒരുപോലെ കണ്ട കുടുംബമാണ് നെഹ്രു കുടുംബം. തന്റെ കൂറ് എല്ലാ കാലത്തും ആ കുടുംബത്തോടൊപ്പമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ ഇന്ത്യക്കാരേയും വേര്‍തിരിവില്ലാതെ കണ്ട ഒരു കുടുംബമാണ് നെഹ്റുകുടുംബം. ഇന്നും ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനായി വേട്ടയാടലുകള്‍ക്കിടയിലും നിര്‍ഭയമായി വിട്ടുവീഴ്ചയില്ലാതെ പോരാടുന്നവരാണ് ആ കുടുംബാംഗങ്ങള്‍. ഒരു ഘട്ടത്തില്‍ ഇന്ദിരാഗാന്ധിയുമായി ഞാന്‍ അകന്നുപോയി. വീണ്ടും അവരോട് യോജിച്ചതിന് ശേഷം ആ കുടുംബവുമായി മുമ്പില്ലാത്ത വിധത്തില്‍ അടുപ്പമുണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ എന്റെ കൂറ് എല്ലാ കാലത്തും ആ ആ കുടുംബത്തോടൊപ്പമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2014 മോദി സര്‍ക്കാര്‍ അധികാരമേറ്റശേഷം ആസൂത്രിതമായി നമ്മുടെ അടിസ്ഥാന നയങ്ങളെ ദുര്‍ബലപ്പെടുത്താനുളള തുടര്‍ച്ചയായ ശ്രമം നടക്കുകയാണ്. ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് വളരെ പതുക്കെയായിരുന്നു കാര്യങ്ങള്‍ ചെയ്തത്. എന്നാല്‍ രണ്ടാം മോദി സര്‍ക്കാര്‍ കാര്യങ്ങള്‍ വേഗത്തിലാക്കി. രാജ്യത്തിന്റെ ഐക്യം ശിഥിലമാക്കുകയാണ് ബിജെപി സര്‍ക്കാര്‍ ചെയ്യുന്നത്. ഇത് ആപല്‍ക്കരമാണെന്ന് ആന്റണി അഭിപ്രായപ്പെട്ടു. എനിക്ക് വയസായി 82 ആയി. എത്ര നാള് ജീവിച്ചിരിക്കുമെന്ന് അറിയില്ല. ദീര്‍ഘായുസില്‍ എനിക്ക് താത്പര്യമില്ല. മരണം വരെ ഞാന്‍ കോണ്‍ഗ്രസുകാരനായിരിക്കും. അനിലിന്റെ ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട് ഇനി മറ്റൊന്നും തനിക്ക് പറയാനില്ലെന്നും ആദ്യത്തെയും അവസാനത്തെയും പ്രതികരണമാണിതെന്നും അദ്ദേഹം പറഞ്ഞു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകന് അനില്‍ ആന്റണി ന്യൂദല്‍ഹിയില്‍ നടന്ന ചടങ്ങിലാണ് ബിജെപിയില്‍ ചേര്‍ന്നത്. കേന്ദ്രമന്ത്രി പീയുഷ് ഗോയലില്‍ നിന്നാണ് അനില്‍ ആന്റണി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. കേന്ദ്രമന്ത്രി വി മുരളീധരനും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ചടങ്ങില്‍ പങ്കെടുത്തു. കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനറും എഐസിസി സോഷ്യല്‍ മീഡിയ കോഓര്‍ഡിനേറ്റുമായിരുന്ന അനില്‍ ആന്റണി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബിബിസി ഡോക്യുമെന്ററിക്കെതിരെ പ്രതികരിച്ചതോടെയാണ് ഔദ്യോഗിക സ്ഥാനങ്ങളെല്ലാം ഒഴിഞ്ഞത്.