കാലടി സമാന്തര പാലം 2024 ഒക്ടോബറില്‍ യാഥാര്‍ത്ഥ്യമാകും: മന്ത്രി പി.എ മുഹമ്മദ് റിയാസ്

കൊച്ചി: അങ്കമാലി, പെരുമ്പാവൂര്‍ മണ്ഡലങ്ങളെ ബന്ധിപ്പിച്ച് എം.സി റോഡില്‍ സ്ഥിതിചെയ്യുന്ന കാലടി ശ്രീശങ്കരാചാര്യ പാലത്തിന് സമാന്തരമായി നിര്‍മ്മിക്കുന്ന പുതിയ പാലത്തിന്റെ നിര്‍മ്മാണം 2024 ഒക്ടോബറില്‍ പൂര്‍ത്തിയാകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. കാലടി സമാന്തര പാലത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 2021 ജൂണില്‍ പാലം നേരിട്ട് എത്തി സന്ദര്‍ശിച്ചതിന് ശേഷം 2021 ഓഗസ്റ്റില്‍ വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്, എംഎല്‍എമാരായ റോജി.എം ജോണ്‍, എല്‍ദോസ് കുന്നപ്പിള്ളില്‍, അന്‍വര്‍ സാദത്ത് എന്നിവരുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടന്ന യോഗത്തിലാണ് സമാന്തര പാല നിര്‍മാണത്തിന് തീരുമാനമായതെന്ന് മന്ത്രി പറഞ്ഞു. 1963 ല്‍ നിര്‍മ്മിച്ച നിലവിലുള്ള ശ്രീശങ്കര പാലത്തിന് കാലപ്പഴക്കത്താല്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട് . സി.ആര്‍.ആര്‍.ഐ (സെന്‍ട്രല്‍ റോഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്) യുടെ നേതൃത്വത്തില്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് ലഭ്യമായതിനുശേഷം ആവശ്യമായ അറ്റകുറ്റപ്പണികള്‍ ചെയ്യുമെന്നും മന്ത്രി പറഞ്ഞു. പ്രതിസന്ധികള്‍ നേരിടേണ്ടി വന്നാലും ജനോപകാരപ്രദമായ തീരുമാനങ്ങള്‍ നടപ്പാക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. 5 വര്‍ഷം കൊണ്ട് സംസ്ഥാനത്താകെ 100 പാലങ്ങള്‍ നിര്‍മ്മിക്കുക എന്നതാണ് പൊതുമരാമത്ത് വകുപ്പിന്റെ ലക്ഷ്യം. രണ്ടു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഇതിനോടകം 52 പാലങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി. 105 പാലങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. വിദേശ മാതൃകയില്‍ പാലങ്ങളെ ദീപാലങ്കൃതമാക്കാനും പാലത്തിന്റെ താഴെയുള്ള സ്ഥലങ്ങള്‍ ഉപയോഗിക്കാനുമുള്ള പദ്ധതി നടപ്പാക്കാന്‍ ഒരുങ്ങുകയാണ്. പാലത്തിന്റെ താഴെയുള്ള സ്ഥലങ്ങള്‍ വയോജന പാര്‍ക്കുകള്‍, കുട്ടികളുടെ പാര്‍ക്കുകള്‍, കളിസ്ഥലം, ഓപ്പണ്‍ ജിം എന്നിവ നിര്‍മ്മിക്കാന്‍ ഉപയോഗിക്കും.
രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും പശ്ചാത്തല വികസന മേഖലയില്‍ കിഫ്ബി സംസ്ഥാനത്ത് ആശ്വാസമാകുകയാണ്. എം.സി റോഡിന്റെ വികസനം നടപ്പിലാക്കും നാലുവരിപ്പാതയാക്കുന്നതിന് ആയിരം കോടിയുടെ ഭരണാനുമതി ലഭിച്ചു കഴിഞ്ഞു. നാവായിക്കുളം അങ്കമാലി ഗ്രീന്‍ഫീല്‍ഡ് പാത നിര്‍മ്മിക്കുന്നതിനുള്ള ശ്രമം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
പെരിയാറിനു കുറുകെ നിലവിലുള്ള കാലടി ശ്രീശങ്കരാചാര്യ പാലത്തിന് സമാന്തരമായി 455.40 മീറ്റര്‍ നീളത്തിലാണ് പുതിയ പാലം നിര്‍മ്മിക്കുന്നത്. 30.50 മീറ്റര്‍ നീളത്തിലുള്ള 12 സ്പാനുകളും 13.45 മീറ്റര്‍ നീളത്തിലുള്ള രണ്ട് സ്പാനുകളും 12.50 മീറ്റര്‍ നീളത്തിലുള്ള അഞ്ചു സ്പാനുകളുമുണ്ടാകും. 10.50 മീറ്റര്‍ ക്യാരേജ് വെയും ഇരുവശങ്ങളിലും 1.50 മീറ്റര്‍ വീതിയില്‍ നടപ്പാതയും ഉള്‍പ്പെടെ 14 മീറ്റര്‍ ആണ് പാലത്തിന്റെ വീതി.ചടങ്ങില്‍ റോജി.എം.ജോണ്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.ബെന്നി ബഹന്നാന്‍ എം.പി, എല്‍ദോസ്.പി.കുന്നപ്പിള്ളില്‍ എം.എല്‍.എ എന്നിവര്‍ മുഖ്യാതിഥികളായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശാരദ മോഹന്‍, അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ദേവസ്സിക്കുട്ടി, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസില്‍ പോള്‍, കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി ആന്റണി, ഒക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം ഷിയാസ്, യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എസ്.സതീഷ്, കാലടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അംബിക ബാലകൃഷ്ണന്‍, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ടീച്ചര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.