കൊച്ചി: സംരംഭക പദ്ധതികളിലേക്ക് യുവാക്കള്‍ ചുവടുറപ്പിക്കുന്ന കാഴ്ചയാണ് കാണുന്നതെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍. 2023 24 സാമ്പത്തിക വര്‍ഷത്തേക്കുള്ള സംരംഭക വര്‍ഷം 2.0 പദ്ധതിയുടെയും സംരംഭങ്ങളുടെ നിലവാരം ഉയര്‍ത്തുന്ന മിഷന്‍ 1000 പദ്ധതിയുടെയും ഉദ്ഘാടനം ചടങ്ങില്‍ മിഷന്‍ 1000 പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അസാധ്യമെന്ന് കരുതിയ പലതും സാധ്യമാകുന്ന അനുഭവങ്ങളിലൂടെയാണ് കേരളം മുന്നോട്ട് പോകുന്നത്. വ്യവസായ മേഖലയില്‍ കേരളത്തിന് സാധ്യതകളേറി വരികയാണ്. പരിസ്ഥിതി സൗഹൃദപരമായ സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ പുതിയ വ്യവസായങ്ങള്‍ വളരുകയാണ്. വിജ്്ഞാനാധിഷ്ഠിത വ്യവസായങ്ങളും വളരുന്നു. അടിസ്ഥാന ഉത്പാദന മേഖലയുമായി ബന്ധപ്പെട്ട നിരവധി വ്യവസായങ്ങള്‍ നമ്മുടെ നാട്ടിലേക്ക് വരുന്നു. വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനാവശ്യമായ സ്ഥല ലഭ്യത ഉറപ്പാക്കുക പ്രധാനമാണ്. യൂണിവേഴ്‌സിറ്റികളിലും ക്യാംപസുകളിലും വ്യവസായം വളരുന്നതിനാവശ്യമായ സൗകര്യമൊരുക്കുന്ന പദ്ധതി നടപ്പാക്കും. ഇതിനാവശ്യമായ എല്ലാ സഹകരണവും ധനകാര്യ വകുപ്പ് നല്‍കും. കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ കൂടുതലായി വായ്പകള്‍ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കും. വളരെ വേഗത്തിലുള്ള വായ്പാ സൗകര്യം, വിപണി കണ്ടെത്തുന്നതിന് എക്‌സിബിഷന്‍ സെന്ററുകള്‍ ആരംഭിച്ച് ട്രേഡ് ഫെയര്‍ പോലുള്ളവ സംഘടിപ്പിക്കുന്നതിന് നടപടി പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.