എത്ര വേട്ടയാടിയാലും ജയിലില്‍ അടച്ചാലും പോരാട്ടം തുടരും : രാഹുല്‍ഗാന്ധി

എംപി സ്ഥാനം നഷ്ടപ്പെട്ടാലും ഈ നാടിന്റെ ശബ്ദമായി താനുണ്ടാകുമെന്ന് രാഹുല്‍ഗാന്ധി

കല്പറ്റ: ബിജെപിക്ക് എന്റെ മേല്‍വിലാസവും സ്ഥാനങ്ങളും എടുത്ത് കളയാന്‍ സാധിച്ചേക്കും. എന്നാല്‍ വയനാട്ടിലെ ജനങ്ങളെ പ്രതിനിധീകരിക്കുന്നതില്‍ നിന്ന് ബിജെപിക്ക് തന്നെ തടയാനാവില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എംപി സ്ഥാനം നഷ്ടപ്പെട്ടാലും ഈ നാടിന്റെ ശബ്ദമായി താനുണ്ടാകുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അയോഗ്യനാക്കിയതുകൊണ്ട് നമ്മള്‍ തമ്മിലുള്ള ബന്ധം അവസാനിക്കുന്നില്ല. ജീവനുള്ളിടത്തോളം കാലം താന്‍ വയനാടിനോട് കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റ് അംഗത്വം നഷ്ടമായ ശേഷം ആദ്യമായി വയനാട്ടിലെത്തിയ രാഹുല്‍ ഗാന്ധിക്ക് വന്‍ സ്വീകരണമാണ് ലഭിച്ചത്. തന്നെ അയോഗ്യനാക്കിയാലും ഇല്ലെങ്കിലും വയനാട്ടുകാരോട് തനിക്കുള്ള ബന്ധത്തില്‍ ഒരു മാറ്റവും വരില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. തന്നെ എത്ര വേട്ടയാടിയാലും ജയിലില്‍ അടച്ചാലും പോരാട്ടം തുടരുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ബിജെപി ഇന്ത്യയിലെ ജനങ്ങളെ വിഭജിക്കുന്നു. ജനങ്ങളെ തമ്മില്‍ പോരടിപ്പിക്കുന്നു. എന്നാല്‍ താനും കോണ്‍ഗ്രസും രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിക്കും. ഇന്ത്യയെ കുറിച്ചുള്ള രണ്ട് കാഴ്ചപ്പാടുകള്‍ തമ്മിലുള്ള പോരാട്ടമാണ്. ഞങ്ങളുടെ ആശയം ശരിയാണെന്ന ബോധ്യം ഞങ്ങള്‍ക്കുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ഞാന്‍ ലോക്‌സഭയില്‍ ഒരു ബിസിനസുകാരനെ കുറിച്ച് ചോദിച്ചു. അതിനെ എന്തിനാണ് അവര്‍ ഭയപ്പെടുന്നത്. നിങ്ങളും അദാനിയും തമ്മിലുളള ബന്ധമെന്താണെന്നാണ് ഞാന്‍ ചോദിച്ചത്. ആ ചോദ്യം തുടര്‍ച്ചായായി ചോദിച്ചു. എങ്ങനെയാണ് അദാനി ലോകസമ്പന്നരില്‍ രണ്ടാമത് ആയത്?. പ്രധാനമന്ത്രി എങ്ങനെയാണ് സഹായിച്ചതെന്ന് ഉദാഹരണ സഹിതം ലോക്‌സഭയില്‍ ചൂണ്ടിക്കാണിച്ചെന്നും രാഹുല്‍ പറഞ്ഞു. അദാനിയുമായുള്ള ബന്ധം എന്താണെന്ന് പ്രധാനമന്ത്രിയോട് ചോദിച്ചു. എന്നാല്‍ പ്രധാനമന്ത്രി തന്റെ ചോദ്യത്തിന് മറുപടി പറയാന്‍ തയാറായില്ലെന്ന് രാഹുല്‍ പറഞ്ഞു. ബിജെപിയുടെ മന്ത്രിമാര്‍ തന്നെ പാര്‍ലമെന്റ് നടപടികള്‍ തടസപ്പെടുത്തുന്ന സാഹചര്യമുണ്ടായി. തന്റെ ഭാഗം വിശദീകരിക്കാന്‍ അവസരം നല്കണമെന്ന് സ്പീക്കറോട് ആവശ്യപ്പെട്ടു. സ്പീക്കര്‍ക്ക് രണ്ട് കത്തുകള്‍ നല്കിയെങ്കിലും തനിക്ക് നീതി ലഭിച്ചില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാത്തതിനാലാണ് തന്നെ പാര്‍ലമെന്റില്‍ നിന്ന് പുറത്താക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഔദ്യോഗിക വസതിയിലേക്ക് പോലീസിനെ അയച്ചാല്‍ താന്‍ ഭയക്കുമെന്നാണ് ബിജെപി കരുതുന്നതെങ്കിലും താന്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നത് അവസാനിപ്പിക്കാന്‍ ബിജെപിയെക്കൊണ്ട് കഴിയില്ലെന്നും രാഹുല്‍ പറഞ്ഞു. എന്റെ വീട് എന്നില്‍നിന്നെടുത്താല്‍ ഞാന്‍ അശക്തനാകുമെന്നും അവര്‍ കരുതുന്നു. നൂറു കണക്കിന് വീടുകള്‍ നഷ്ടപ്പെട്ട ആളുകളെ ഈ വയനാട്ടില്‍ത്തന്നെ ഞാന്‍ ഞാന്‍ കണ്ടിട്ടുണ്ട്. പ്രളയം വന്നപ്പോള്‍ വീടുകള്‍ നഷ്ടപ്പെട്ടവരെയും അതിനോടുള്ള ഇവിടത്തെ ജനങ്ങളുടെ പ്രതികരണവും ഞാന്‍ കണ്ടിട്ടുള്ളതാണ്. എന്റെ വീട് എന്നില്‍നിന്ന് 50 തവണ പറിച്ചെടുത്താലും ഞാന്‍ അസ്വസ്ഥനാകില്ല. എന്തെന്നാല്‍ ഞാന്‍ വയനാട്ടിലെ ജനങ്ങളില്‍നിന്ന് അതിന്റെ പാഠം പഠിച്ചിട്ടുണ്ട്. ഇന്ത്യയിലെയും വയനാട്ടിലെയും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഞാന്‍ ഉയര്‍ത്തിക്കൊണ്ടേയിരിക്കുമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. ബിജെപി ജനങ്ങളെ ഭീഷണിപ്പെടുത്തുകയും തമ്മിലടിപ്പിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഏതൊരാള്‍ക്കും ജീവിക്കാനാഗ്രഹിക്കുന്ന രാഷ്ട്രവും സംസ്ഥാനവും സൃഷ്്ടിക്കുക എന്നതാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഞങ്ങളുടെ കുഞ്ഞുങ്ങള്‍ തെരഞ്ഞെടുക്കാനാഗ്രഹിക്കുന്നത് തെരഞ്ഞെടുക്കുക എന്നതാണ് ഓരോ പൗരനും ആഗ്രഹിക്കുന്നത്. ദരിദ്രനായ വ്യക്തി എന്‍ജിനിയര്‍ ആകാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അത്തരമൊരു രാജ്യമാണ് നാം ആഗ്രഹിക്കുന്നത്. എന്നാല്‍ എല്ലാവരെയും ഭിന്നിപ്പിക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നതെന്നും രാഹുല്‍ പറഞ്ഞു.