റബ്ബര്‍ ആക്ട് പ്ലാറ്റിനം ജൂബിലിയാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം : രാജ്യത്തെ റബ്ബര്വ്യവസായത്തിന്റെ വളര്‍ച്ചയിലും പ്രകൃതിദത്തറബ്ബറിന്റെ ഉത്പാദനത്തിലും രാജ്യത്തെ സ്വയം പര്യാപ്തമാക്കുന്നതില്‍ റബ്ബര്‍ ബോര്‍ഡ് വഹിച്ച പങ്കിനെ കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി പീയൂഷ് ഗോയല്‍ പ്രശംസിച്ചു. കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ നടന്ന റബ്ബര്‍ ആക്ട് നിലവില്‍ വന്നതിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനച്ചടങ്ങില്‍ നല്കിയ വീഡിയോ സന്ദേശത്തിലാണ് റബ്ബര്‍ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അദ്ദേഹം പരാമര്‍ശിച്ചത്.
പ്രകൃതിദത്ത റബ്ബറിന്റെ ഗുണമേന്മ മെച്ചപ്പെടുത്തുന്നതില്‍ ബോര്‍ഡ് നടത്തിയ ഇടപെടലുകള്‍ രാജ്യത്ത് നിന്നുള്ള റബ്ബറുത്പന്നങ്ങളുടെ കയറ്റുമതി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിച്ചു. 2047ല്‍ ഇന്ത്യയെ ഒരു വികസിതരാജ്യമാക്കി മാറ്റുന്നതില്‍ ബോര്‍ഡിന് സുപ്രധാനപങ്ക് വഹിക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റബ്ബര്‍മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ബോര്‍ഡ് നടത്തുന്ന ശ്രമങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടനച്ചടങ്ങില്‍ റബ്ബര്‍ബോര്‍ഡ് ചെയര്മാന് ഡോ. സാവര്‍ ധനാനിയ അദ്ധ്യക്ഷത വഹിച്ചു. തോമസ് ചാഴിക്കാടന് എം.പി. യോഗം ഉദ്ഘാടനം ചെയ്തു. പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്, ത്രിപുര മുഖ്യമന്ത്രി ഡോ. മണിക് സാഹാ, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വാസ് ശര്‍മ്മ എന്നിവരും വീഡിയോ സന്ദേശങ്ങള്‍ നല്കി. എം.പി.മാരായ എന്‍.കെ. പ്രേമചന്ദ്രന്, വിനയ് ദിനു ടെന്‍ഡുല്‍ക്കര്‍, . തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ. എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി. കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പിലെ അഡീഷണല്‍ സെക്രട്ടറി അമര്‍ദീപ് സിങ് ഭാട്ടിയ ഐ.എ.എസ്. വിഷയാവതരണം നടത്തി. പ്ലാറ്റിനം ജൂബിലിയുടെ സ്മാരകമായി നിര്‍മ്മിച്ച ശില്പത്തിന്റെ അനാച്ഛാദനവും അദ്ദേഹം നിര്‍വഹിച്ചു. റബ്ബര്‍ബോര്‍ഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എം. വസന്തഗേശന്‍ ഐ.ആര്.എസ്. സ്വാഗതം ആശംസിച്ചു. കേരളാ റബ്ബര്‍ ലിമിറ്റഡിന്റെ ചെയര്‍പേഴ്സണും മാനേജിങ് ഡയറക്ടറുമായ ഷീല തോമസ് ഐ.എ.എസ്. (റിട്ട.), റബ്ബര്‍ബോര്‍ഡ് വൈസ് ചെയര്മാന് കെ.എ. ഉണ്ണികൃഷ്ണന്, റബ്ബര്‍ബോര്‍ഡ് എക്സിക്യൂട്ടീവ് അംഗം എന്‍. ഹരി, കേരളത്തിലെ റബ്ബര്‍കര്‍ഷകരുടെ പ്രതിനിധി റ്റി.സി. ചാക്കോ, വടക്കുകിഴക്കന്‍ പ്രദേശങ്ങളിലെ റബ്ബര്‍കര്‍ഷകരുടെ പ്രതിനിധി അശോക് നാഥ് തുടങ്ങിയര്‍ യോഗത്തില്‍ സംസാരിച്ചു. ഇമാര്‍ക്കറ്റ് പ്ലാറ്റ്ഫോമില്‍ പങ്കെടുക്കുന്നവര്‍ക്കായി ബോര്‍ഡ് പ്രഖ്യാപിച്ച ‘ഏംറൂബ് അക്കോലൈഡ്സ് 2023′ ഏര്‍ലി അഡോപ്റ്റര്‍’ എന്നീ അവാര്‍ഡുകളും ചടങ്ങില്‍ വിതരണം ചെയ്തു. പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് മാമ്മന്‍ മാപ്പിള ഹാളില്‍ നടക്കുന്ന പ്രദര്‍ശനം നാളെ സമാപിക്കും