തിരുവനന്തപുരം: ഓരോ പഞ്ചായത്തിലും ഒരു കളിക്കളം എന്നതില്‍ നിന്നും ഉയര്‍ന്ന് ഓരോ വാര്‍ഡ് തലത്തിലും എല്ലാ സൗകര്യങ്ങളുമുള്ള കളിക്കളം ഒരുക്കാന്‍ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.സംസ്ഥാന കായിക വകുപ്പിന്റെ ‘ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാവര്ക്കും പ്രായഭേദമന്യേ ഒത്തുകൂടാനും ശാരീരികവും മാനസികവുമായ ഉണര്‍വുണ്ടാക്കാനും കൂടി ഉദ്ദേശിച്ചുള്ള കളിക്കളത്തില്‍ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും എത്തിക്കുന്നതിനാണ് പ്രഥമ പരിഗണന. എം.എല്‍.എമാരുടെ ആസ്തി വികസന ഫണ്ടും മറ്റു ധനാഗമന മാര്‍ഗ്ഗങ്ങളായ പ്ലാന്‍ ഫണ്ട്, തദ്ദേശസ്ഥാപന ഫണ്ട്, സി.എസ്.ആര് ഫണ്ടുകള്‍, പൊതുസ്വകാര്യ പങ്കാളിത്തം, മറ്റ് സര്‍ക്കാര്‍ വിഹിതം എന്നിവ ചേര്‍ത്ത് കൊണ്ടാണ് ഒരു പഞ്ചായത്ത് ഒരു കളിക്കളം പദ്ധതി നടപ്പാക്കുന്നത്. 460 പഞ്ചായത്തുകളിലാണ് സംസ്ഥാനത്തൊട്ടാകെ കളിക്കളം നിര്‍മ്മിക്കുക.
പുതിയ കളിക്കളങ്ങള്‍ ഒരുങ്ങുമ്പോള്‍ തന്നെ നേരത്തെ ഉള്ള കളിക്കളങ്ങള്‍ കായിക ആവശ്യത്തിനല്ലാതെ മറ്റു പല കാര്യങ്ങള്‍ക്കുമായി ചിലയിടങ്ങളില്‍ ഉപയോഗിക്കുന്നുണ്ടെന്നും ആ കളിക്കളങ്ങള്‍ വീണ്ടെടുക്കാന്‍ സാധിക്കണമെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. ഇക്കാര്യത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പ് പ്രത്യേകം ശ്രദ്ധിക്കണം. കളിക്കളങ്ങളില്‍ എല്ലാവിധ സൗകര്യങ്ങളും ഒരുക്കേണ്ടതുണ്ട്. ഇക്കാര്യത്തിലും ശ്രദ്ധ പതിയണം.
കായികരംഗത്ത് എക്കാലവും മികവ് പ്രകടിപ്പിക്കുന്ന സംസ്ഥാനത്തിന് കൂടുതല്‍ ഉന്നതിയില്‍ എത്താന്‍ കഴിയണം. ജനങ്ങളുടെ ശാരീരികക്ഷമത മികച്ച നിലവാരത്തില്‍ സൂക്ഷിക്കാനും കളിക്കളങ്ങള്‍ സഹായിക്കും. സ്ഥാപനങ്ങളുടെ സി.എസ്.ആര് ഫണ്ട് ഇത്തരം കാര്യങ്ങള്‍ക്ക് വേണ്ടി നല്ല രീതിയില്‍ പ്രയോജനപ്പെടുത്തണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
പരിപാടിയില്‍ കായിക മന്ത്രി വി. അബ്ദുറഹ്മാന് അധ്യക്ഷത വഹിച്ചു. കളിക്കളങ്ങളുടെ തുടര്‍ച്ചയായി 465 സ്റ്റേഡിയങ്ങള്‍ കൂടി നിര്‍മിക്കാന്‍ ഉദ്ദേശ്യമുണ്ടെന്നും ഇതിനുവേണ്ടി 500 കോടി രൂപ ചെലവിടുമെന്നും കായിക മന്ത്രി അറിയിച്ചു.
പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി, ഗതാഗതമന്ത്രി ആന്റണി രാജു എന്നിവര്‍ വിശിഷ്ടാതിഥികളായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാര്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് സുധീര്‍, കായികവകുപ്പ് ഡയറക്ടര്‍ പ്രേംകൃഷ്ണന്‍ എസ്, അഡീഷണല്‍ ഡയറക്ടര്‍ സീന എ.എന്‍ എന്നിവര്‍ സംസാരിച്ചു