കൊച്ചി: സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുക എന്നതാണ് സര്‍ക്കാരിന്റെ പ്രധാന നയമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. തൃപ്പൂണിത്തുറ ഗവണ്മെന്റ് സംസ്കൃതം ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കെട്ടിട സമുച്ചയങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങള്‍ക്ക് ഒരുപോലെ പ്രാധാന്യമാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നത്. 47 ലക്ഷം വിദ്യാര്‍ഥികളാണ് സംസ്ഥാനത്ത് സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളില്‍ പഠിക്കുന്നത്. പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുന്നതിനായി 3000 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി അക്കാദമിക രംഗം മികവുറ്റതാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തി വരുന്നത്. തൃപ്പൂണിത്തുറ ഗവണ്മെന്റ് സംസ്കൃതം ഹയര്‍ സെക്കണ്ടറി സ്കൂളില്‍ രണ്ടാം ഭാഷയായി മലയാളം, അറബി വിഷയങ്ങള്‍ ഉള്‍പ്പെടുത്തുന്ന കാര്യം സര്‍ക്കാര്‍ തലത്തില്‍ പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. വിദ്യാലയങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനോടൊപ്പം വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ അധ്യാപകര്‍, ജനപ്രതിനിധികള്‍, രക്ഷിതാക്കള്‍ തുടങ്ങിയവരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.ആസ്പിന്‍വാള്‍ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് വിദ്യാലയത്തില്‍ പുതുതായി തയ്യാറാക്കിയ ഡിജിറ്റല്‍ ലൈബ്രറിയുടെ ഉദ്ഘാടനം തൃപ്പൂണിത്തുറ നഗരസഭ ചെയര്‍പേഴ്സണ്‍ രമ സന്തോഷ് നിര്‍വഹിച്ചു.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം പദ്ധതിയുടെ ഭാഗമായി ഒരു കോടി രൂപ പ്ലാന്‍ ഫണ്ട് ഉപയോഗിച്ചാണ് ഹൈസ്കൂള്‍ കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. 60 ലക്ഷം രൂപ വിനിയോഗിച്ചാണ് ഹയര്‍ സെക്കണ്ടറി കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്.കെ ബാബു എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹൈബി ഈഡന് എംപി മുഖ്യാതിഥിയായി. നഗരസഭ വൈസ് ചെയര്മാന് കെ കെ പ്രദീപ്, സ്കൂള്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് എം ആന്റണി ദാസ്, ഹയര്‍ സെക്കണ്ടറി വകുപ്പ് ആര്‍ഡിഡി കെ അബ്ദുല്‍ കരീം, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഹണി ജി അലക്സാണ്ടര്‍, ഡി.ഇ.ഓ ശ്രീദാസ്, തൃപ്പൂണിത്തുറ ഉപജില്ല എ.ഇ.ഒ കെ ജെ രശ്മി, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഡാല്‍മിയ തങ്കപ്പന്, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് യു കെ പീതാംബരന്, കൗണ്‍സിലര്‍മാരായ സാവിത്രി നരസിംഹറാവു, ജയകുമാര്‍, ആന്റണി ജോ, പി ബി സതീശന് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.