കൊച്ചി : സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ മേഖലയുടെ മികവിന്റെ സാക്ഷ്യമായി എറണാകുളം ജില്ലയിലെ പുറ്റുമാനൂര്‍ ജി. യു.പി സ്കൂള്‍. 2021 22 അധ്യായന വര്‍ഷത്തില്‍ സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ നടപ്പാക്കിയ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയുടെ (എസ്.സി.ഇ.ആര്.ടി) അംഗീകാരമാണ് സ്കൂളിനെ തേടിയെത്തിയത്. സ്കൂളിലെ ഒന്ന് മുതല്‍ ഏഴ് വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികളുടെ പഠന വിടവുകള്‍ പരിഹരിക്കുന്നതിനായി നടപ്പാക്കിയ അക്ഷര മഹോത്സവം പദ്ധതിയാണ് എസ്.സി.ഇ.ആര്.ടിയുടെ മികവ് നാലാം സീസണില്‍ ഇടം പിടിച്ചത്. ഒരു ശതാബ്ദക്കാലത്തെ പാരമ്പര്യത്തിന്റെ പൈതൃകമേറുന്ന വിദ്യാലയമാണ് വടവുകോട് പുത്തന്‍കുരിശ് ഗ്രാമ പഞ്ചായത്തിലെ പുറ്റുമാനൂര്‍ ജി.യു.പി സ്കൂള്‍. കോവിഡിനെ തുടര്‍ന്ന് ഒരു വര്‍ഷത്തിലധികം നീണ്ട ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് ശേഷം സ്കൂളിലേക്ക് മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികളില്‍ ചിലരില്‍ പഠന വൈകല്യങ്ങള്‍ ഉണ്ടായതായി അധ്യാപകര്‍ കണ്ടെത്തിയിരുന്നു. എഴുതാനും വായിക്കാനും ബുദ്ധിമുട്ടുന്ന സ്ഥിതിയിലായിരുന്നു ഇവര്‍. ഇവരെ ശകാരിക്കുന്നതിന് പകരം പഠനശേഷി ഉയര്‍ത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് അക്ഷര മഹോത്സവം പരിപാടി സംഘടിപ്പിച്ചത്. പ്രത്യേക പരീക്ഷകളിലൂടെ കുട്ടികളുടെ നിലവാരം വിലയിരുത്തി ഓരോരുത്തരെയും പ്രത്യേകമായി പരിഗണിച്ചായിരുന്നു പദ്ധതികള്‍ ആസൂത്രണം ചെയ്തത്. പ്രശ്നപരിഹാര ബോധന ക്ലാസുകളും അക്ഷര മഹോത്സവത്തിന്റെ ഭാഗമായി വിവിധ മേഖലകളിലെ പ്രമുഖരെ ഉള്‍പ്പെടുത്തിയും ക്ലാസുകള്‍ സംഘടിപ്പിച്ചിരുന്നത്. 2022 ഫെബ്രുവരി 14ന് കൊട്ടും കുരവയും ആര്‍പ്പുവിളികളോടും കൂടിയായിരുന്നു ഉത്സവത്തിന് കൊടിയേറിയത്. ഏപ്രില്‍ ഒന്നു വരെ നീണ്ടു നിന്ന ആദ്യഘട്ടത്തില്‍ ഓണ്‍ലൈനായും ഓഫ് ലൈന്‍ ആയും നിരവധി പരിപാടികളായിരുന്നു നടത്തിയത്. കഥയിലൂടെ പാഠങ്ങള്‍ പഠിപ്പിക്കുന്ന പരിപാടികള്‍ കുട്ടികള്‍ക്ക് വേറിട്ട അനുഭവമായി. വടക്കന്‍ കേരളത്തിലെ അനുഷ്ഠാനകലയായ മുടിയേറ്റ് അവതരണവും ഭക്ഷ്യ മേളകളുമെല്ലാം ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. ഓരോ പ്രവര്‍ത്തനങ്ങളുടെയും റിപ്പോര്‍ട്ടുകള്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് തന്നെയായിരുന്നു തയ്യാറാക്കിച്ചിരുന്നത്. ആദ്യഘട്ടത്തിന്റെ തുടര്‍ച്ചയായി മധ്യവേനല്‍ അവധിക്കാലത്ത് കുട്ടികളെ തേടി അധ്യാപകര്‍ വീട്ടിലേക്ക് എത്തുകയും കുട്ടികളുടെ പുരോഗതി വിലയിരുത്തുകയും ചെയ്തു. ഏറെ നാളത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നാലെ സോഷ്യല്‍ ഓഡിറ്റിംഗ് നടത്തിയാണ് പദ്ധതിയുടെ വിജയം ആഘോഷിച്ചത്. വിദ്യാലയവും നാടും സമൂഹവും ഒന്നിച്ചപ്പോള്‍ സ്കൂളിന്റെ സമഗ്രമായ വളര്‍ച്ചയ്ക്ക് കൂടിയാണ് വഴിയൊരുക്കിയത്. സംസ്ഥാനത്തെ ഏറ്റവും മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച 30 സ്കൂളുകളെയാണ് മികവ് നാലാം സീസണില്‍ തിരഞ്ഞെടുത്തത്. പുറ്റുമാനൂര്‍ ജി.യു.പി.സിന് പുറമേ കോതമംഗലം സെന്റ് അഗസ്റ്റിന്‍സ് ഹൈസ്കൂള്‍ മാത്രമാണ് പട്ടികയില്‍ ഇടം പിടിച്ച ജില്ലയിലെ ഏക സ്കൂള്‍.