ട്വിറ്റര്‍ മേധാവിയുടെ വെളിപ്പെടുത്തല്‍ കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ ശരിയെന്ന് തെളിഞ്ഞു: കെ സി വേണുഗോപാല്‍

 

കൊച്ചി: കര്‍ഷക സമരത്തെ പിന്തുണയ്ക്കുന്നവരുടെയും കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരുടെയും അക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നെന്ന ട്വിറ്റര്‍ സഹസ്ഥാപകനും മുന്‍ സി.ഇ.ഒയുമായ ജാക്ക് ഡോര്‍സിയുടെ വെളിപ്പെടുത്തിലൂടെ കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ ശരിയെന്ന് തെളിഞ്ഞന്നെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി. രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചപ്പോഴും കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലാണെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടിയതാണ്. മോദിക്കെതിരെ ആര് ശബ്ദിച്ചാലും സത്യങ്ങള്‍ വിളിച്ചുപറഞ്ഞാലും അവരെ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി അറസ്റ്റ് ചെയ്ത് നിശബ്ദരാക്കുകയാണ്. സമൂഹമാധ്യമങ്ങളെ വരുതിയിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നു. അതിന് തെളിവാണ് ട്വിറ്റര്‍ സഹസ്ഥാപകനും മുന്‍ സി.ഇ.ഒയുമായ ജാക്ക് ഡോര്‍സിയുടെ വെളിപ്പെടുത്തല്‍. കേന്ദ്രസര്‍ക്കാരിന്റെ ഇത്തരം ചെയ്തികളെ പാര്‍ലമെന്റിന് അകത്തും പുറത്തും ശക്തമായി കോണ്‍ഗ്രസ് തുറന്നുകാട്ടും.
മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണ് മോദിസര്‍ക്കാര്‍ നടത്തുന്നത്. മോദിയെ വിമര്‍ശിക്കുന്ന മാധ്യമപ്രവര്‍ത്തകരെ ജയിലില്‍ അടയ്ക്കുന്നു. ഒരുഭാഗത്ത് ഭീഷണിപ്പെടുത്തലും അറസ്റ്റും മറുഭാഗത്ത്
നമ്മുടെ സ്വകാര്യ വിവരങ്ങള്‍ പോലും ചോരുന്ന അവസ്ഥയാണ് രാജ്യത്തുള്ളതെന്നും വേണുഗോപാല്‍ പറഞ്ഞു.

 

മോദി തെളിയിച്ച വഴിയെ അതില്‍ക്കൂടുതല്‍ വേഗത്തില്‍ സഞ്ചരിക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് കെ.സി വേണുഗോപാല്‍ എംപി

കൊച്ചി: പ്രതിപക്ഷ നേതാക്കളെ തിരഞ്ഞുപിടിച്ച് കള്ളക്കേസില്‍ കുടുക്കുന്ന മോദിയുടെ അതേ ശൈലിയാണ് കേരളത്തില്‍ പിണറായി വിജയന്‍ സര്‍ക്കാരും അനുവര്‍ത്തിക്കുന്നത്. തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് കെപിസിസി അധ്യക്ഷന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എ.ഐക്യാമറ, കെഫോണ്‍, സ്വര്‍ണ്ണക്കടത്ത്, വ്യാജരേഖ ചമയ്ക്കല്‍ ഉള്‍പ്പെടെയുള്ള അഴിമതിയും ക്രമക്കേടും നിറഞ്ഞ കേസുകളില്‍ നാറിക്കുളിച്ചു നില്‍ക്കുന്ന സര്‍ക്കാരാണ് കേരളത്തിലേത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി തന്നെ ജയിലിലായിട്ട് നാളെത്രയായി. ഇതൊന്നും ബാധകമല്ലെന്ന് നിലപാടാണ് മുഖ്യമന്ത്രിക്ക്. കേരളത്തില്‍ യഥാര്‍ത്ഥ കൊള്ളക്കാര്‍ക്കും ക്രിമിനലുകള്‍ക്കും സംരക്ഷണം നല്‍കി നിരപരാധികളെ വേട്ടയാടുന്ന പോലീസിംഗ് രീതിയാണ്. വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടാന്‍ ശ്രമിച്ച മുന്‍ എസ്എഫ്‌ഐക്കാരിയെ രണ്ടാഴ്ചയായിട്ടും പിടിക്കാന്‍ കഴിയാതെ പെടാപ്പാട് പെടുകയാണ് കേരളത്തിലെ പോലീസ്. ആ സമയത്ത് പ്രതിപക്ഷ നേതാക്കള്‍ക്കെതിരെയുള്ള വ്യാജക്കേസുകളില്‍ പോലീസ് കാണിക്കുന്ന ശുഷ്‌കാന്തി പ്രശംസനീയമാണെന്നും വേണുഗോപാല്‍ പരിഹസിച്ചു.
പ്രളയ ദുരിതബാധിതര്‍ക്ക് ആശ്വാസമെത്തിച്ചതിന്റെ പേരിലാണ് വി.ഡി സതീശനെ വേട്ടയാടുന്നതെങ്കില്‍ നേരിട്ട് ഒരു ബന്ധവുമില്ലാത്ത കേസിന്റെ പേരിലാണ് കെ. സുധാകരനെതിരെ നടപടിയുമായി പിണറായിയുടെ പോലീസ് മുന്നോട്ടുപോകുന്നത്. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്താല്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വരെ കേസെടുക്കുന്ന കാലഘട്ടം. ഇതാണോ കമ്മ്യൂണിസ്റ്റ് ശൈലി? ഉത്തരം പറയേണ്ട സിപിഎം നേതൃത്വം മിണ്ടാതെ വായടച്ചിരിക്കുകയാണെന്നും വേണുഗോപാല്‍ പരിഹസിച്ചു.
പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ കള്ളക്കേസെടുത്ത് എ.ഐക്യാമറ, കെഫോണ്‍ എന്നീ പദ്ധതികളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന കോടികളുടെ അഴിമതി ആരോപണത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് സര്‍ക്കാര്‍ ശ്രമം. മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും കേരളത്തിലെ
സി.പി.എം നേതാക്കളുടെയും തെറ്റായ ചെയ്തികള്‍ക്കെതിരെ പ്രതിഷേധിച്ചാലോ എതിര്‍ ശബ്ദം ഉയര്‍ത്തിയാലോ കേസെടുക്കുന്ന സാഹചര്യമാണ്. ഇത് കണ്ടൊന്നും ഭയപ്പെടുന്ന പ്രസ്ഥാനമല്ല കോണ്‍ഗ്രസ് എന്നും വേണുഗോപാല്‍ പറഞ്ഞു.