കേരളം രാജ്യത്തിനു മാതൃകയായ സംസ്ഥാനം: കമലഹാസന്‍

 

തിരുവനന്തപുരം: സാമൂഹിക സൂചികയിലും ജീവിത നിലവാരത്തിലും പ്രാദേശിക ഭരണ നിര്‍വഹണത്തിലും കേരളം രാജ്യത്തെ മറ്റു സംസ്ഥാനങ്ങള്‍ക്കു മാതൃകയാണെന്നു നടന്‍ കമലഹാസന്‍. കേരളീയം 2023ന്റെ ഉദ്ഘാടന ചടങ്ങില്‍ ആശംസയര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തെക്കുറിച്ചു താന്‍ പറയുന്ന കാര്യങ്ങള്‍ എന്താണെന്നു രാജ്യം അറിയണമെന്നതിനാല്‍ ഇംഗ്ലിഷില്‍ പ്രസംഗിക്കുകയാണെന്നു പറഞ്ഞാണ് അദ്ദേഹം ആശംസാ പ്രസംഗം ആരംഭിച്ചത്. വികസന പദ്ധതികളുടെ നടത്തിപ്പിലും വികേന്ദ്രീകൃതാസൂത്രണത്തിലും രാജ്യത്തെ ഏറ്റവും മികച്ച മാതൃകയാണു കേരളമെന്ന് അദ്ദേഹം പറഞ്ഞു. കലാകാരനെന്ന നിലയിലും രാഷ്ട്രീയ പ്രവര്‍ത്തകനെന്ന നിലയിലും കേരളത്തില്‍നിന്നു നിരവധി പാഠങ്ങള്‍ താന്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്. നിര്‍ണായകവും ഗൗരവവുമായ സാമൂഹ്യ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതാണു മലയാള സിനിമകള്‍. സാമൂഹ്യ പ്രതിബദ്ധതയുള്ള കേരള സംസ്‌കാരം രൂപപ്പെടുന്നതില്‍ ഇവിടുത്തെ സിനിമകള്‍ വലിയ സ്വാധീനമുണ്ടാക്കിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ പുരോഗമനപരമായ സാമൂഹ്യബോധം പ്രതിഫലിപ്പിക്കുന്നതൂകൂടിയാണിത്. തന്റെ രാഷ്ട്രീയ പ്രവേശന സമയത്ത് കേരളത്തിലെ രീതികള്‍ മനസിലാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പ്രശസ്തമായ കേരള മോഡല്‍ വികസനത്തില്‍നിന്നു താന്‍ പ്രചോദനമുള്‍ക്കൊണ്ടു. വികേന്ദ്രീകൃതാസൂത്രണം അതിന്റെ യഥാര്‍ഥ അര്‍ഥത്തില്‍ നടപ്പാക്കാന്‍ രാജ്യത്തെ പല സംസ്ഥാനങ്ങളും ബുദ്ധിമുട്ടുമ്പോഴും 1994ല്‍ തുടങ്ങിയ ജനകീയാസൂത്രണ പദ്ധതിയിലൂടെ കേരളം അതു നടപ്പാക്കിക്കാണിച്ചു. സാമൂഹ്യ രംഗത്തും വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളിലും നടപ്പാക്കിയ കേരള മോഡല്‍ വികസനവും രാജ്യത്തിനു മാതൃകയാണ്. പ്രാദേശിക സര്‍ക്കാരുകളെ ശക്തിപ്പെടുത്തിയതാണു കോവിഡ് മഹാമാരിയെ മികച്ച രീതിയില്‍ നേരിടാന്‍ കേരളത്തെ പ്രാപ്തമാക്കിയത്.
ഏതു സാധാരണക്കാരനും പ്രാപ്യമായ രാഷ്ട്രീയ, ഭരണ സംവിധാനമുള്ള സംസ്ഥാനമാണു കേരളം. തന്റെ ദൈനംദിന ജീവിതം മെച്ചപ്പെടുത്തണമെന്നു ഭരണകൂടത്തോട് ആവശ്യപ്പെടാന്‍ പൗരനെ പ്രേരിപ്പിക്കുന്നത് ഇതാണ്. വളര്‍ച്ചാധിഷ്ഠിത വികസന പദ്ധതികളിലാണു കേരളം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സാര്‍വത്രിക വിദ്യാഭ്യാസ, ആരോഗ്യ മാതൃകളിലൂടെ ശക്തമായ സാമൂഹ്യ അടിത്തറ സൃഷ്ടിച്ച , സൃഷ്ടിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാണ് കേരളം. കേരളത്തെ മികച്ച സാമൂഹ്യ വികസിത സംസ്ഥാനമാക്കി മാറ്റുന്നതിന് വിജ്ഞാനാധിഷ്ഠിത സമൂഹ സൃഷ്ടിക്കായുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പരിശ്രമങ്ങളെ പ്രസംഗത്തില്‍ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.

ചൈനയെ വെല്ലാന്‍ കെല്‍പ്പുള്ള ഇന്ത്യയിലെ ഏക സംസ്ഥാനം കേരളമെന്ന് പ്രൊഫ. അമര്‍ത്യ സെന്‍

വിദ്യാഭ്യാസം, ആരോഗ്യം എന്നീ രംഗങ്ങളില്‍ ചൈനയുമായി താരതമ്യപ്പെടുത്താനും ഒരു പക്ഷെ തോല്‍പ്പിക്കാനും കഴിയുന്ന ഇന്ത്യയിലെ ഒരേയൊരു സംസ്ഥാനമാണ് കേരളമെന്ന് സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേല്‍ ജേതാവുമായ പ്രൊഫ. അമര്‍ത്യ സെന്‍.കേരളീയം ഉദ്ഘാടന വേദിയില്‍ വീഡിയോ വഴി ആശംസ നേര്‍ന്നു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യം കൈവരിക്കേണ്ട ലക്ഷ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ഓരോ സംസ്ഥാനത്തിനും എന്ത് നേടാമെന്ന് ചിന്തിക്കേണ്ട അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു. ശ്രദ്ധേയമായ നേട്ടങ്ങളുടെ കൂടുതല്‍ വാര്‍ത്തകള്‍ കേരളത്തില്‍നിന്ന് ഉയര്‍ന്നു കേള്‍ക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളീയത്തിന് സംഗീതാര്‍ച്ചന നേരാന്‍ മക്കളും കൊച്ചുമക്കളുമൊത്ത് കേരളത്തില്‍ വരാന്‍ ആഗ്രഹിക്കുന്നതായി സരോജ് മാന്ത്രികന്‍ ഉസ്താദ് അംജദ് അലി ഖാന്‍. ‘കേരളത്തില്‍ ആയിരിക്കുമ്പോള്‍ സ്വന്തം വീട് പോലെ തോന്നുന്ന അനുഭവമാണ്. ശാന്തി, സമാധാനം, സാഹോദര്യം എന്നിവയില്‍ ഏറ്റവും മികവ് പുലര്‍ത്തുന്ന കേരളത്തിന്റെ കരുത്ത് മികച്ച വിദ്യാഭ്യാസമാണ്,’ ഉസ്താദ് പറഞ്ഞു. തിരുവനന്തപുരത്ത് സംഗീത പരിശീലന സ്ഥാപനം തുടങ്ങാന്‍ ക്ഷണിച്ച സംസ്ഥാന സര്‍ക്കാരിന് അദ്ദേഹം പ്രത്യേകം നന്ദി പറഞ്ഞു.
സാംസ്‌കാരിക വൈവിധ്യങ്ങളിലും ബഹുസ്വരതയിലും വിശ്വസിക്കുന്ന ഒരു ജനതയുടെ ഏഴ് ദിനങ്ങള്‍ നീളുന്ന ആഘോഷമാണ് തിരുവനന്തപുരത്ത് നടക്കുന്നതെന്ന് കര്‍ണാടക സംഗീതജ്ഞന്‍ ടി.എം. കൃഷ്ണ ആശംസ അര്‍പ്പിച്ചു. മലയാളികളുടെ ജനാധിപത്യ ബോധം, ഇടകലര്‍ന്ന ജീവിതരീതി എന്നിവയെ കൃഷ്ണ പ്രശംസിച്ചു.

കേരളത്തിന്റെ കോസ്‌മോപൊളിറ്റന്‍ സംസ്‌കാരം പുരാതന കാലം മുതല്‍ ഉള്ളതെന്ന് പ്രൊഫ. റോമില ഥാപ്പര്‍

കേരളത്തിന്റെ കോസ്‌മോപൊളിറ്റന്‍ സംസ്‌കാരം ഇപ്പോള്‍ ഉണ്ടായതല്ലെന്നും കടല്‍ വഴി വിദേശികളുമായുള്ള വ്യാപാര വാണിജ്യ ബന്ധങ്ങളിലൂടെ പണ്ടുമുതല്‍ക്കേ കേരളം അത്തരം ആധുനിക സംസ്‌കാരം വച്ചുപുലര്‍ത്തിയതായും പ്രശസ്ത ചരിത്രകാരി പ്രൊഫ റോമില ഥാപ്പര്‍ ചൂണ്ടിക്കാട്ടി.
കേരളീയം പരിപാടിക്ക് ആശംസ നേര്‍ന്ന് ഉദ്ഘാടന വേദിയില്‍ വീഡിയോ വഴി സംസാരിക്കുകയായിരുന്നു അവര്‍.
അന്യസംസ്ഥാനക്കാര്‍ വന്ന് കേരളത്തെ തങ്ങളുടെ ഇടമാക്കുന്നത് സംസ്ഥാനത്തിന്റെ സാംസ്‌കാരികതയെ പരിപോഷിപ്പിക്കുന്നു. സാക്ഷരതയിലെ ഉയര്‍ന്ന നിലവാരം കൂടുതല്‍ യുക്തിപൂര്‍വം ചിന്തിക്കാനും തുറന്ന മനസ്സോടെ ഇടപഴകാനും സഹായിക്കുന്നു, പ്രൊഫ ഥാപ്പര്‍ പറഞ്ഞു.
കേരളത്തിലെ സാധാരണ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിച്ച് കേരളത്തിനുള്ളിലെ എന്‍ജിനീയറിംഗ് സ്ഥാപനങ്ങളില്‍ നിന്ന് വിദ്യാഭ്യാസം നേടിയ വ്യക്തിയാണ് താനെന്ന് ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ എസ് സോമനാഥ് വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.
ബഹിരാകാശ രംഗത്ത് പ്രവര്‍ത്തിക്കാനായതാണ് ഏറ്റവും വലിയ ഭാഗ്യം. ഭാരതീയന്‍ എന്നതിനൊപ്പം മലയാളി എന്ന നിലയില്‍ ഏറ്റവും അഭിമാനം ഉള്‍കൊള്ളുന്നു. വരും വര്‍ഷങ്ങളില്‍ സാമ്പത്തിക സാമൂഹ്യ പുരോഗതി നേടാനായി പുതിയ പാത തുറക്കാനും പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ മുന്നോട്ട് വെക്കാനും കേരളീയം 2023 ന് കഴിയും. നവകേരളത്തിനായുള്ള വഴിത്താരകള്‍ വെട്ടിത്തുറക്കാന്‍ കേരളത്തിന്റെ തനത് സാംസ്‌കാരിക വൈവിധ്യങ്ങളെയും നേട്ടങ്ങളെയും അവതരിപ്പിക്കുന്ന കേരളീയത്തിലെ ചര്‍ച്ചകള്‍ വഴിതുറക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.
മലയാളി എന്നത് അഭിമാനമായാണ് കാണുന്നതെന്ന് മുന്‍ അഡ്വക്കേറ്റ് ജനറല്‍ കെ.കെ. വേണുഗോപാല്‍ പറഞ്ഞു. മികച്ച ഭരണം കാഴ്ചവെച്ചതിനുള്ള അംഗീകാരം, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്, രാജ്യത്തിലെ തന്നെ മികച്ച വിദ്യാഭ്യാസം പ്രദാനം ചെയ്യുന്ന സംസ്ഥാനം എന്നിവയ്ക്ക് നീതി ആയോഗിന്റേത് ഉള്‍പ്പെടെ നിരവധി കീര്‍ത്തികള്‍ നേടിയ കേരളത്തിന്റെ മഹിമ വേണുഗോപാല്‍ എടുത്തുപറഞ്ഞു. കേരളീയം പരിപാടിയിലേക്ക് വിശിഷ്ടാതിഥിയായി തന്നെ ക്ഷണിച്ച മുഖ്യമന്ത്രി പിണറായി വിജയന് അദ്ദേഹം പ്രത്യേകം നന്ദി പറഞ്ഞു.

 

ഗോത്രകലകളുടെ ഗരിമയില്‍ മയങ്ങി റഷ്യക്കാരി അലോന

നഗരത്തില്‍ എന്തൊക്കെയോ നടക്കുന്നുണ്ടെന്നറിഞ്ഞ്, ആളും ബഹളവും കേട്ട് കനകക്കുന്ന് കൊട്ടാരത്തില്‍ ഒന്ന് എത്തിനോക്കിയതാണ് റഷ്യക്കാരി അലോന പൊഡോര്‍വനോവ. എന്നാല്‍ കേരളീയത്തിന്റെ ഭാഗമായി സംസ്ഥാന ഫോക്ക്‌ലോര്‍ അക്കാദമി ഒരുക്കിയ ‘ആദിമം ലിവിംഗ് മ്യൂസിയ’ത്തിലെ ഗോത്രകലകള്‍ കണ്ടു മനം മയങ്ങിയാണ് അവര്‍ മടങ്ങിയത്.

‘നിങ്ങളുടെ തിറയും മണ്ണാന്‍ കൂത്തും മംഗലം കളിയുമൊക്കെ കാണാന്‍ എന്താ ഭംഗി. നര്‍ത്തകരുടെ വേഷവിധാനങ്ങള്‍ ഒക്കെ ഗംഭീരം,’ തിരുവനന്തപുരത്ത് മര്‍മ ചികിത്സക്ക് വന്ന അലോന പറയുന്നു. ആത്മീയ തീര്‍ഥാടനത്തിന്റെ ഭാഗമായി കഴിഞ്ഞ ഡിസംബറില്‍ ഇന്ത്യയില്‍ എത്തിയ അലോന അഞ്ച് മാസം മുന്‍പാണ് കേരളത്തില്‍ വന്നത്. പളിയന്‍ നൃത്തം, മുടിയേറ്റ്, മണ്ണാന്‍ കൂത്ത്, മീന്‍, കുതിര വേഷങ്ങള്‍, ചാറ്റുപാട്ടുമായി വന്ന കാണി സമുദായക്കാര്‍, കാസര്‍ഗോഡ് നിന്നുള്ള മാവിലരുടെ മംഗലംകളി എന്നിവയെല്ലാം ചുറ്റി നടന്നു കണ്ട അലോന ഓരോ കലാരൂപത്തിന്റെയും പിറവിക്ക് പിന്നിലുള്ള മിത്തുകളും മറ്റും ചോദിച്ചു മനസ്സിലാക്കി. ഒറ്റപാലത്ത് നിന്നുള്ള വള്ളുവനാടന്‍ തിറ സംഘം, ‘നഖര’ വാദ്യോപകരണത്തില്‍ തുടി കൊട്ടി പാടുന്ന ഇടുക്കിയില്‍ നിന്നുമെത്തിയ പളിയന്‍ നൃത്തക്കാര്‍, മുടിയേറ്റുമായി പിറവത്തു നിന്നുമെത്തിയ 8 കലാകാരന്മാര്‍, മണ്ണാന്‍കൂത്തുമായി വന്ന 15അംഗ മണ്ണാന്‍ വിഭാഗക്കാര്‍, കാസര്‍ഗോട്ടെ മാവിലര്‍ എന്നിവരൊക്കെയാണ് ആദിമം മ്യൂസിയത്തെ സജീവമാക്കുന്നത്. വാസ്തുവിദ്യാ ഗുരുകുലത്തിന്റെ കലാ ഉപകരണങ്ങള്‍ നിര്‍മിക്കുന്ന പവലിയനും ശ്രദ്ധ പിടിച്ചുപറ്റുന്നു.