കൊച്ചി: ബന്ധുനിയമനവിവാദത്തിൽ വഴിവിട്ട് നീക്കങ്ങൾ നടത്തിയ ജലീൽ രാജി വയ്ക്കണമെന്ന് പരാമർശമുള്ള ലോകായുക്തയുടെ ഉത്തരവിൽ തെറ്റില്ലെന്നും ഇടപെടില്ലെന്നും വ്യക്തമാക്കി ക്കൊണ്ട് ഹൈക്കോടതി ജലീലിൻ്റെ ഹർജി തള്ളി.
ജലീലിന് പിന്തുണ അറിയിച്ചുകൊണ്ടുള്ള സംസ്ഥാനസർക്കാർ നിലപാടിനും ഈ ഉത്തരവ് കനത്ത തിരിച്ചടിയാണ്. ലോകായുക്ത എല്ലാ ചട്ടങ്ങളും പാലിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. എല്ലാ രേഖകളും പരിശോധിച്ച് ലോകായുക്ത പുറപ്പെടുവിച്ച ഉത്തരവിൽ ഇടപെടേണ്ടതില്ലെന്ന് നിലപാടെടുത്ത ഹൈക്കോടതി ജലീലിന്‍റെ ഹർജി തള്ളുകയായിരുന്നു.
ജലീലിന്‍റെ ഹർജിയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ടുള്ള നിലപാടാണ് സംസ്ഥാനസർക്കാർ ഹൈക്കോടതിയിൽ സ്വീകരിച്ചത്. നടപടിക്രമങ്ങൾ പാലിക്കാതെയാണ് ലോകായുക്ത ഉത്തരവ് പുറപ്പെടുവിച്ചതെന്നായിരുന്നു സർക്കാർ കോടതിയിൽ പറഞ്ഞത്. ജലീലിന് പിന്തുണയുമായി നേരിട്ട് കോടതിയെ സമീപിച്ചില്ലെങ്കിലും നിരുപാധികമായ പിന്തുണയാണ് മുൻമന്ത്രിക്ക് സർക്കാർ കോടതിയിൽ നൽകിയത്.
ചട്ടങ്ങൾ പാലിക്കാതെയാണ് ലോകായുക്ത ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതെന്നാണ് എജി സർക്കാരിന് നൽകിയ നിയമോപദേശം. ലോകായുക്ത ആക്ട് സെക്ഷൻ 9 പ്രകാരമുള്ള നടപടി ക്രമങ്ങൾ പാലിച്ചിട്ടില്ലെന്നും നിയമോപദേശത്തിൽ എജി പറയുന്നു. പരാതി ലഭിച്ചാൽ അന്വേഷണത്തിന് മുമ്പ് എതിർകക്ഷിക്ക് പരാതിയുടെ പകർപ്പ് നൽകണമെന്നാണ് ഈ ചട്ടം അനുശാസിക്കുന്നത്. ജലീലിന് പരാതിയുടെ പകർപ്പ് നൽകിയത് അന്തിമ ഉത്തരവിന് ഒപ്പമെന്നും ഇത് നിലനിൽക്കില്ലെന്നും എജി നിയമോപദേശത്തിൽ നിരീക്ഷിച്ചിരുന്നു. ഇതേ വാദങ്ങളാണ് കെ ടി ജലീൽ കോടതിയിലും ഉന്നയിച്ചത്.