ലോക്ഡൗണിനിടയിലും പൗരൻമാർക്ക് വാക്സിൻ കുത്തിവെയ്പ്പിനുള്ള സൗകര്യങ്ങൾ ഒരുക്കണമെന്നും വാക്സിനേഷന്റെ ഭാഗമായ ആരോഗ്യപ്രവർത്തകരെ മറ്റു ചുമതലകളിലേക്ക് മാറ്റരുതെന്നും പ്രധാനമന്ത്രി നിർദേശിച്ചു.
ഡൽഹി: കോവിഡ് പ്രതിരോധകുത്തിവയ്പ്പിന്റെ വേഗത വർധിപ്പിക്കണമെന്നും വാക്സിനേഷൻറെ വേഗത കുറയുന്നില്ലെന്ന് സംസ്ഥാനങ്ങൾ ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡിരാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങളിലെ കോവിഡ് സാഹചര്യം വിലയിരുത്തി നടന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോഡി.
ലോക്ഡൗണിനിടയിലും പൗരൻമാർക്ക് വാക്സിൻ കുത്തിവെയ്പ്പിനുള്ള സൗകര്യങ്ങൾ ഒരുക്കണമെന്നും വാക്സിനേഷന്റെ ഭാഗമായ ആരോഗ്യപ്രവർത്തകരെ മറ്റു ചുമതലകളിലേക്ക് മാറ്റരുതെന്നും പ്രധാനമന്ത്രി നിർദേശിച്ചു.
ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന് സംസ്ഥാനങ്ങൾക്ക് സഹായവും മാർഗനിർദേശവും നൽകണമെന്ന് പ്രധാനമന്ത്രി മന്ത്രിമാരോടും ഉദ്യോഗസ്ഥരോടും പറഞ്ഞു. മരുന്നുകളുടെ ലഭ്യതയും പ്രധാനമന്ത്രി അവലോകനം ചെയ്തു. റെംഡെസിവിർ ഉൾപ്പെടെയുള്ള മരുന്നുകളുടെ ഉത്പാദനം അതിവേഗം വർധിപ്പിക്കുന്നതിനെക്കുറിച്ചും മോദി യോഗത്തിൽ വിശദീകരിച്ചു.
മൂന്നാംഘട്ട കോവിഡ് വാക്സിനേഷന്റെ പുരോഗതിയും പ്രധാനമന്ത്രി വിലയിരുത്തി. ഏകദേശം 17.7 കോടി ഡോസ് വാക്സിൻ ഇതുവരെ സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്തു. 45 വയസിന് മുകളിലുള്ള 31 ശതമാനം ആളുകളെങ്കിലും ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. രാജ്യത്തെ 12 സംസ്ഥാനങ്ങളിൽ ഒരുലക്ഷത്തിന് മുകളിൽ രോഗികൾ ചികിത്സയിലുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിങ്, നിർമലാ സീതാരാമൻ, ഹർഷ വർധൻ, പീയൂഷ് ഗോയൽ തുടങ്ങിയ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തിരുന്നു.