കൊച്ചി: കോവിഡ് വ്യാപന തോത് കുറയുന്ന സൂചനകള്‍ പ്രകടമാകുന്നുണ്ടെങ്കിലും ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ജില്ലകള്‍ക്ക് നിര്‍ദ്ദേശം നല്കി. സര്‍ക്കാര്‍ അനുവദിക്കുന്ന രീതിയില്‍ മാത്രമാണ് ഇളവുകള്‍ നടപ്പാകുന്നതെന്ന് ഉറപ്പാക്കാന്‍ ജില്ലാ ഭരണകൂടങ്ങള്‍ ഇടപെടണം. കോവിഡ് മൂന്നാം തരംഗമുണ്ടായേക്കാമെന്ന ആശങ്കയുടെ സാഹചര്യത്തില്‍ മുന്നൊരുക്കങ്ങള്‍ ആരംഭിക്കാനും അദ്ദേഹം നിര്‍ദേശിച്ചു.
ആരോഗ്യ മന്ത്രി വീണ ജോര്‍ജ്, ചീഫ് സെക്രട്ടറി, ഡിജിപി, അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍, ജില്ലാ കളക്ടര്‍മാര്‍, ജില്ലാ പോലീസ് മേധാവികള്‍ ഉള്‍പ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത കോവിഡ് അവലോകന യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ജില്ലാ കളക്ടര്‍ എസ്. സുഹാസ് ജില്ലയിലെ സ്ഥിതിഗതികള്‍ യോഗത്തില്‍ അറിയിച്ചു. ജില്ലയില്‍ ആക്ടീവ് കേസുകളും പുതിയ കേസുകളും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറഞ്ഞു വരികയാണ്.
ടാര്‍ജെറ്റ് ടെസ്റ്റിംഗ് തുടരുന്നുണ്ട്. 25 % ത്തിന് മുകളില്‍ ടി പി ആര് ഉള്ള പഞ്ചായത്തുകള്‍ കണ്ടെയ്ന്മെന്റ് സോണാക്കി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റെന് സൗകര്യങ്ങള്‍ ജില്ലയിലുണ്ട്. ഇതിനായി 5000 ബഡുകള്‍ ഒഴിവുണ്ട്. ഐ സി യു, വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ സ്പോണ്‍സര്‍ഷിപ്പ് വഴി ഏര്‍പ്പെടുത്തുന്നുണ്ട്.
18 ഐ സി യു വെന്റിലേറ്ററുകള്‍ കൂടി ജില്ലയ്ക്ക് ലഭിച്ചിട്ടുണ്ട്. ജ ന റല്‍ ആശുപത്രിയില്‍ വെന്റിലേറ്റര്‍ സൗകര്യമുള്ള ഐ സി യു 60 എണ്ണം സജ്ജമായിട്ടുണ്ട്. അമ്പലമുകളിലെ സര്‍ക്കാര്‍ താത്കാലിക കോവിഡ് ആശുപത്രിയില്‍ 1000 ഓക്സിജന്‍ ബെഡുകള്‍ ഉടന്‍ സജ്ജമാകും. ആസ്റ്റര്‍ മെഡ് സിറ്റിയുടെ നേതൃത്വത്തിലുള്ള 100 ഓക്സിജന്‍ ബെഡുകളില്‍ രോഗികളെ പ്രവേശിപ്പിച്ചു തുടങ്ങി. സണ്‍റൈസ്, എംഇഎസ് ആശുപത്രികളുടെ 100 വീതം ഓക്സിജന്‍ ബെഡുകളും സജ്ജമാണ്.
കൂടാതെ കൊച്ചി സാമുദ്രിക ഹാളില്‍ 100 ഓക്സിജന്‍ ബെഡുകള്‍ 28ന് പ്രവര്‍ത്തന സജ്ജമാകും. പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകള്‍ക്കായി തേവരയില്‍ ഓക്സിജന്‍ സിലിണ്ടര്‍ ഫില്ലിംഗ് കേന്ദ്രവും സജ്ജമായിട്ടുണ്ട്. സിയാലില്‍ ഒരുക്കുന്ന 500 ഓക്സിജന്‍ ബെഡുകളില്‍ 30 എണ്ണം പൂര്‍ത്തിയായി. ഒരാഴ്ചയ്ക്കുള്ളില്‍ ഇത് പൂര്‍ണ്ണ സജ്ജമാകുമെന്നും കളക്ടര്‍ അറിയിച്ചു