കൊച്ചി: പ്രളയം, കൊവിഡ് മഹാമാരി എന്നിവയ്ക്കിടയിലും കാര്‍ഷിക രംഗത്തിന് ക്ഷീരമേഖല നല്കി വരുന്ന സംഭാവനകള്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നതാണെന്ന് മില്‍മ എറണാകുളം മേഖല ചെയര്മാന് ജോണ്‍ തെരുവത്ത് പറഞ്ഞു. അന്താരാഷ്ട്ര ക്ഷീരദിനത്തില്‍ മില്‍മ എറണാകുളം യൂണിയന് ഹെഡ് ഓഫീസില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന ആഘോഷത്തില്‍ പതാക ഉയര്‍ത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമൂഹിക പ്രതിബദ്ധത, പോഷക മൂല്യമുള്ള ഭക്ഷണം എന്നിവ അടിസ്ഥാനമാക്കിയുള്ള ക്ഷീരമേഖലയുടെ നിലനില്‍പ്പാണ് ഈ വര്‍ഷത്തെ ക്ഷീരദിനത്തിന്റെ ആപ്തവാക്യം.
വിവിധ പോഷക മൂല്യങ്ങളാല്‍ സമ്പുഷ്ടമായ പാല് ആവശ്യാനുസരണം ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുക എന്നത് ഈ ദിനാചരണത്തിന്റെ ലക്ഷ്യങ്ങളിലൊന്നാണെന്ന് മില്‍മ ഫെഡറേഷന് ചെയര്മാന് പി എ ബാലന് മാസ്റ്റര്‍ ക്ഷീരദിന സന്ദേശത്തില്‍ പറഞ്ഞു. കേരളത്തില്‍ ആളോഹരി പാലിന്റെ പ്രതിദിന ഉപഭോഗം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്. ആരോഗ്യ സംരക്ഷണത്തിന് പാലിന്റെ പ്രതിദിന ഉപഭോഗം വര്‍ധിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
പാലിന് മികച്ച വില ലഭിക്കുകയെന്നത് കര്‍ഷകന്റെ അവകാശമാണെന്ന് ജോണ്‍ തെരുവത്ത് ചൂണ്ടിക്കാട്ടി. ഇതോടൊപ്പം പാലിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കാന്‍ കര്‍ഷകരും ശ്രദ്ധിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.