സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഊര്‍ജ്ജ ഓഡിറ്റ് പൂര്‍ത്തിയാക്കി കാട്ടാക്കട; ഇനി ഓഫീസുകളിലേക്കും വീടുകളിലേക്കും

 

തിരുവനന്തപുരം: എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലെയും ഊര്‍ജ്ജ ഓഡിറ്റ് പൂര്‍ത്തിയാക്കുന്ന ആദ്യ മണ്ഡലമെന്ന നിറവില്‍ കാട്ടാക്കട. തുടര്‍ഘട്ടമായി മണ്ഡലത്തിലെ സര്‍ക്കാര്‍ ഓഫീസുകളിലും വീടുകളിലും ഊര്‍ജ്ജ ഓഡിറ്റിന് തുടക്കമാകുന്നു.
തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട മണ്ഡലത്തിലെ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളുടെയും ഊര്‍ജ്ജ ഓഡിറ്റാണ് എനര്‍ജി മാനേജ്‌മെന്റ് സെന്ററിന്റെ സഹായത്തോടെ പൂര്‍ത്തിയാക്കിയത്. കാട്ടാക്കട നിയോജക മണ്ഡലത്തെ പരിസ്ഥിതിസൗഹൃദ മണ്ഡലം ആക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഐ.ബി സതീഷ് എം.എല്‍.എയുടെ നേതൃത്വത്തില്‍ പദ്ധതി ആവിഷ്‌കരിച്ചത്. കാട്ടാക്കട മണ്ഡലത്തിലെ ആറു പഞ്ചായത്തുകളിലായി 53 സ്‌കൂളുകളുടെ റിപ്പോര്‍ട്ട് ആണ് തയ്യാറായത് .
ലോക ശ്രദ്ധ നേടുകയും മികച്ച വിജയം കൈവരിക്കുകയും ചെയ്ത ജലസമൃദ്ധി പദ്ധതിയുടെ തുടര്‍ച്ചയായി 2018ല്‍ കാട്ടാക്കടയിലെ തെരഞ്ഞെടുത്ത നാല് സ്‌കൂളുകളുടെ ഊര്‍ജ്ജ ഓഡിറ്റ് പൂര്‍ത്തിയാക്കിയിരുന്നു. ഈ സ്‌കൂളുകളില്‍ സാധാരണ ലൈറ്റുകളും ഫാനുകളും മാറ്റി എല്‍ഇഡി ലൈറ്റുകളും വൈദ്യുതി ഉപഭോഗം കുറവുള്ള ഫാനുകളും നല്‍കിയിരുന്നു.
ഇതിനെ തുടര്‍ന്ന് മണ്ഡലത്തിലെ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളുടെയും ഊര്‍ജ്ജ ഓഡിറ്റ് നടത്തി. സ്‌കൂളുകളിലെ അധ്യാപക-അനധ്യാപക ജീവനക്കാരെയും ഉള്‍പ്പെടുത്തി പങ്കാളിത്ത മാതൃകയിലാണ് ഓഡിറ്റ് പൂര്‍ത്തിയാക്കിയത്. അധ്യാപകര്‍, വിദ്യാര്‍ഥികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കാന്‍ ഊര്‍ജ്ജ സംരക്ഷണത്തിന്റെ പ്രാധാന്യം സംബന്ധിച്ച് ചര്‍ച്ചകളും സംഘടിപ്പിച്ചിരുന്നു.
ഊര്‍ജ്ജ ഉപഭോഗം, പ്രവര്‍ത്തന രീതികള്‍, ഊര്‍ജ്ജ സംരക്ഷണ അവസരങ്ങള്‍ എന്നിവയെക്കുറിച്ചുള്ള സമഗ്ര പരിശോധന, ഊര്‍ജ്ജ സംരക്ഷണത്തിന്റെ സാധ്യതകളും വിശദ പഠനവും വിശകലനവും ആവശ്യമുള്ള മേഖലകള്‍ തിരിച്ചറിയല്‍ തുടങ്ങിയവ ഓഡിറ്റിന്റെ ലക്ഷ്യങ്ങളില്‍ പ്രധാനമായിരുന്നു.
കാട്ടാക്കട മണ്ഡലത്തിലെ കാട്ടാക്കട, മലയില്‍കീഴ്, മാറനല്ലൂര്‍, പള്ളിച്ചല്‍, വിളവൂര്‍ക്കല്‍, വിളപ്പില്‍ പഞ്ചായത്തുകളിലെ സ്‌കൂളുകളെയാണ് ഉള്‍പ്പെടുത്തിയിരുന്നത്. 53 സ്‌കൂളുകളിലായി വിവിധ ഊര്‍ജ്ജ കാര്യക്ഷമത മെച്ചപ്പെടുത്തുന്ന പദ്ധതികളിലായി 174.61 ലക്ഷം രൂപ മുടക്കുന്നതിലൂടെ പ്രതിവര്‍ഷം 59.26 ലക്ഷം രൂപ ലാഭിക്കാന്‍ കഴിയുമെന്ന് ഓഡിറ്റ് കണ്ടെത്തി. ഇത് 8.78 ലക്ഷം യൂനിറ്റ് വൈദ്യുതിക്ക് തുല്യമാണ്. ഈ പദ്ധതികളുടെ പൂര്‍ത്തീകരണത്തിലൂടെ മൊത്തം കാര്‍ബണ്‍ ലഘൂകരണ സാധ്യത 728.43 ടണ്‍ ആണ്.
ഒരു നിയമസഭാ നിയോജക മണ്ഡലത്തിലെ എല്ലാ സ്‌കൂളുകളുടേയും ഊര്‍ജ്ജ ഓഡിറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കി പ്രസിദ്ധീകരിക്കുന്ന ആദ്യ മണ്ഡലമെന്ന ബഹുമതിയിലാണ് കാട്ടാക്കട. റിപ്പോര്‍ട്ട് പൊതുവിദ്യാഭ്യാസ – തൊഴില്‍മന്ത്രി വി ശിവന്‍കുട്ടി പ്രകാശനം ചെയ്തു. പദ്ധതി മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു.
ലോക പരിസ്ഥിതി ദിനത്തില്‍ ഇതടക്കം രണ്ട് പ്രധാന പ്രവര്‍ത്തനങ്ങള്‍ക്കാണ് മണ്ഡലത്തില്‍ തുടക്കമായത്. സംസ്ഥാന എനര്‍ജി മാനേജ്‌മെന്റ് സെന്ററുമായി ചേര്‍ന്ന് മണ്ഡലത്തിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഊര്‍ജ ഓഡിറ്റിന് തുടക്കം കുറിക്കുകയാണ്. ഇതിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.
പദ്ധതിയുടെ മൂന്നാം ഘട്ടമായി ജനകീയ പങ്കാളിത്തത്തോടെ മണ്ഡലത്തിലെ എല്ലാ വീടുകളിലും ഊര്‍ജ്ജ ഓഡിറ്റ് നടത്താനാണ് ലക്ഷ്യമിടുന്നത്.
മണ്ഡലത്തിലെ പൊതു സ്ഥാപനങ്ങളുടെ മേല്‍ക്കൂരയില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിന് കഴിഞ്ഞ ബഡ്ജറ്റില്‍ മൂന്ന് കോടി രൂപ വകയിരുത്തിയിരുന്നു. ഇതിന്റെ ആദ്യഘട്ടമായി സ്‌കൂളുകളില്‍ വിദ്യാഭ്യാസ വകുപ്പ്, കെ.എസ്.ഇ.ബി എന്നിവരുമായി സഹകരിച്ച് സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.
റിപ്പോര്‍ട്ട് പ്രകാശനചടങ്ങില്‍ ഐ ബി സതീഷ് എം.എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാര്‍ , ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വിളപ്പില്‍ രാധാകൃഷ്ണന്‍, ഭൂവിനിയോഗ ബോര്‍ഡ് കമ്മീഷണര്‍ എ നിസാമുദ്ദീന്‍, എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ ഡയറക്ടര്‍ ഹരികുമാര്‍, സുരേഷ്, ഹരിലാല്‍ എന്നിവര്‍ പങ്കെടുത്തു.
കാട്ടാക്കട മണ്ഡലത്തില്‍ 100 മിയാവാക്കി വനങ്ങള്‍ വെച്ചുപിടിപ്പിക്കുന്നതിനും പരിസ്ഥിതി ദിനത്തില്‍ തുടക്കമായി. മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിലായി അഞ്ച് വര്‍ഷത്തിനകം ഇത്തരത്തിലുള്ള നൂറ് മിയാവാക്കി കൃത്രിമ വനങ്ങള്‍ രൂപപ്പെടുത്തും. മാറനല്ലൂര്‍ പഞ്ചായത്തിലെ അരുവിക്കരയില്‍ ഐ ബി സതീഷ് എംഎല്‍എ വനവല്‍ക്കരണം ഉദ്ഘാടനം ചെയ്തു.
ജലസമൃദ്ധി പദ്ധതിയുടെ തുടര്‍ച്ചയായി മണ്ഡലത്തെ പരിസ്ഥിതി സൗഹൃദ മണ്ഡലമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ വര്‍ഷം തുടക്കമിടുന്നതെന്ന് ഐ.ബി സതീഷ് എം.എല്‍.എ പറഞ്ഞു.