തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ; സ്വീകരണകേന്ദ്രങ്ങളെ കൂടുതല്‍ മികച്ചതാക്കാന്‍ മത്സരിച്ച് ഇടത് പ്രവര്‍ത്തകര്‍ ; ഊര്‍ജ്ജം പകരാന്‍ നേതാക്കളുടെ ബൂത്ത് സന്ദര്‍ശനവുമായി യു ഡി എഫ്

 

കൊച്ചി:തൃക്കാക്കര നിയമസഭ മണ്ഡലത്തില്‍നിന്നുള്ള ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ അവസാനലാപ്പിലേക്ക് കടന്നതോടെ പഴുതടച്ച പ്രചാരണതന്ത്രങ്ങളുമായി മുന്നണികള്‍. ഇടതുമുന്നണി സ്ഥാനാര്‍ഥി ഡോ. ജോ ജോസഫിന്റെ ഓരോ സ്വീകരണ കേന്ദ്രങ്ങളും സ്ഥാനാര്‍ഥിക്കുള്ള സ്വീകരണങ്ങള്‍ മികച്ചതാക്കുന്നതിനായി പരസ്പരം മത്സരിക്കുന്നു. യു ഡി എഫ് സ്ഥാനാര്‍ഥി ഉമ തോമസിന് വോട്ട് അഭ്യര്‍ഥിച്ച് മുതിര്‍ന്ന നേതാക്കളെ തന്നെ രംഗത്തിറക്കി ബൂത്തുതല പ്രചാരണപ്രവര്‍ത്തനങ്ങളില്‍ പുത്തന്‍ ഊര്‍ജ്ജം സജ്ജമാക്കുന്ന തിരക്കിലാണ് യു ഡി എഫ്.

സ്വീകരണങ്ങളുടെ മാറ്റ് ഉയര്‍ത്താന്‍ മത്സരിച്ച്

പരസ്പരം മത്സരിച്ച് ഡോ.ജോ ജോസഫിന് മികച്ച സ്വീകരണമൊരുക്കുന്ന തിരക്കിലായിരുന്നു ചളിക്കവട്ടത്തെയും വൈറ്റിലയിലെയും ഓരോ കേന്ദ്രങ്ങളും. മണ്ണാറക്കര ജംഗ്ഷനില്‍ പൊതുപര്യടനമെത്തുമ്പോഴേക്കും ധന്യ ജംഗ്ഷനില്‍ നിന്നും ആളെത്തി മണ്ണാറക്കരയിലെ സ്വീകരണം വിലയിരുത്തും. ധന്യ ജംഗ്ഷനെത്തുമ്പോള്‍ തൃക്കോവിലില്‍ നിന്നും ആളെത്തും. പഴങ്ങളും പച്ചക്കറികളും മാലകളും കരിക്കുകളും കൊണ്ട് നിറഞ്ഞ സ്വീകരണ സ്ഥലങ്ങള്‍ മത്സരക്കളമായി… ഒരു കേന്ദ്രത്തില്‍ നാല് കരിക്കാണ് വെച്ചിരുന്നതെങ്കില്‍ അടുത്ത കേന്ദ്രത്തിലത് അഞ്ചാക്കും, അല്ലെങ്കിലത് വെട്ടി ഡോ. ജോയെ കുടിപ്പിക്കും. മുത്തുക്കുടകളും അരിവാള്‍ ചുറ്റിക നക്ഷത്രം പതിപ്പിച്ച ചുവന്ന കുടകളും ഉയര്‍ന്ന് പൊങ്ങി സ്വീകരണങ്ങളുടെ മാറ്റുയര്‍ത്തി. അങ്ങനെ പരസ്പരം മത്സരിച്ച് ആഘോഷിച്ച് ഒരു മനസ്സോടെ കൊട്ടിപ്പാടി മുദ്രാവാക്യം വിളിച്ചാണ് വ്യാഴാഴ്ച പര്യടനം നടന്നത്. പതിവുപോലെ ഡോക്ടറങ്കിളിനെ കാണാന്‍ കുട്ടി സ്‌ക്വാഡ് നേരത്തെ തന്നെ പാതയോരങ്ങളിലും സ്വീകരണ സ്ഥലങ്ങളിലുമായി സ്ഥലം പിടിച്ചിരുന്നു. തൃക്കാക്കരയ്ക്കായി നമ്മള്‍ തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കും, തൃക്കാക്കരയുടെ ഹൃദയപക്ഷമാണ് നമ്മള്‍… ഡോ. ജോ ജോസഫ് കുമ്പളപ്പിളളി ജംഗ്ഷനില്‍ തനിക്ക് നല്‍കിയ സ്വീകരണത്തിന് നന്ദി പറയുമ്പോഴെല്ലാം അദ്ദേഹത്തിന്റെ കൈകളിലിരുന്ന് ആവേശത്തോടെ ചുവന്ന പതാക വീശി തുളളിച്ചാടുകയായിരുന്നു ഒരു വയസ്സുകാരന്‍ അദ്വൈത്. ഇടയ്ക്ക് മൈക്ക് പിടിച്ചുവാങ്ങാന്‍ ശ്രമം നടത്തുന്നുണ്ടെങ്കിലും ആഗ്രഹിക്കുന്നത് പോലെ കൈകള്‍ ലക്ഷ്യ സ്ഥാനത്തേക്കെത്തുന്നില്ലെന്ന് മനസ്സിലാക്കി കൊടി വീശലില്‍ ശ്രദ്ധ പതിപ്പിച്ചു. അച്ഛന്‍ അഖിലിന്റെ മുദ്രാവാക്യം വിളിയില്‍ ആവേശം പൂണ്ട് ഡോക്ടറങ്കിളിന്റെ കൈകളിലിരുന്ന് കാഴ്ചകള്‍ വിശാലമായി കാണുകയും ചെയ്തു. കഴുത്തിലണിയിച്ചിരുന്ന മാല കിട്ടിയതോടെയാണ് അദ്വൈത് ഡോക്ടറങ്കിളിനെ പോകാന്‍ അനുവദിച്ചതും.

 


വഴികളിലുടനീളം കാത്ത് നിന്നവരോടൊപ്പമുണ്ടായിരുന്ന കുട്ടികള്‍ക്ക് പൂക്കളും മിഠായിയും നല്‍കിയാണ് ഡോ.ജോ ഓരോ കേന്ദ്രങ്ങളും പിന്നിട്ടത്. കാത്ത് നിന്നവരെയാരെയും വിട്ടുകളയാതെ പര്യടന വാഹനത്തില്‍ നിന്നിറങ്ങി നടന്നും ഓടിയുമെല്ലാം സര്‍വവ്യാപിയായി. ധന്യ ജംഗ്ഷനില്‍ ഒരു കൊട്ട നിറയെ പനിനീര്‍ ചാമ്പയ്ക്ക നല്‍കിയാണ് സ്വീകരിച്ചത്. ചളിക്കവട്ടം 1087ാം നമ്പര്‍ എസ്.എന്‍.ഡി.പി. ശാഖ നല്‍കിയ സ്വീകരണവുമേറ്റുവാങ്ങി. വടക്കിനേടത്ത് പളളി പരിസരത്ത് കുരുത്തോല തൊപ്പിയണിയിച്ച് വരവേറ്റപ്പോള്‍ കൊറ്റങ്കാവില്‍ കുരുത്തോല തൊപ്പിക്ക് പുറമെ സെഞ്ച്വറിയുറപ്പിച്ച് നൂറെന്ന് എഴുതിയ മാതൃകയ്ക്ക് മുന്നില്‍ ഡോ.ജോയും നാട്ടുകാരും അണിനിരന്ന് സെല്‍ഫിയെടുത്തു. കണിയാവേലിയില്‍ ബാലസംഘം ശാഖ സെക്രട്ടറിയായ സുഹാന സുധീര്‍ ജോ നൂറെന്ന് എഴുതിയ ടിഷര്‍ട്ട് കൈമാറി മുദ്രാവാക്യം വിളിച്ചതോടെ പരിപാടി വീണ്ടും ജോറായി. ചളിക്കവട്ടം കൃഷ്ണപിളള ജംഗ്ഷനില്‍ നിന്നും ആരംഭിച്ച പൊതു പര്യടനം സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. മണ്ണാറക്കര ജംഗ്ഷന്‍, കുമ്പളപ്പിളളി ജംഗ്ഷന്‍, ധന്യ ജംഗ്ഷന്‍, തൃക്കോവില്‍ ജംഗ്ഷന്‍, വടക്കിനേടത്ത് പളളി, വെണ്ണല ഹൈസ്‌ക്കൂള്‍ ജംഗ്ഷന്‍, ചാണേപ്പമ്പ്, കൊറ്റങ്കാവ്, ശാന്തി നഗര്‍, കണിയാവേലി തുടങ്ങിയ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച പര്യടനം ഉച്ചയ്ക്ക് ചക്കരപ്പറമ്പില്‍ സമാപിച്ചു.
ചക്കരപ്പറമ്പിലെ സമാപന ചടങ്ങില്‍ ശ്രദ്ധയാകര്‍ഷിച്ചത് തെയ്യവും കരിങ്കാളിയും പരുന്തുമായിരുന്നു.വൈറ്റില വെസ്റ്റില്‍ തൈക്കൂടം സെന്റ് ആന്റണീസ് കുരിശുപളളിക്ക് സമീപത്ത് നിന്നും ആരംഭിച്ച പൊതുപര്യടനം മണമേല്‍ ക്ഷേത്രം, കിട്ടാമ പണിക്കന്‍ ജംഗ്ഷന്‍, മേജര്‍ റോഡ് കുരിശുപളളി, മുണ്ടംപറമ്പ്, ജസ്റ്റിസ് ലൈന്‍, ജനതാ റോഡ്, ആമ്പേലിപാടം ജംഗ്ഷന്‍, കെ.ജെ. റോഡ്, കാച്ചപ്പിളളി റോഡ് ശുഭം ബേക്കറി, മഹിളാ സമാജം, എല്‍.പി.എസ്. റോഡ്, ലാല്‍ സലാം റോഡ്, സഹകരണ റോഡ്, ഭുവനേശ്വരി റോഡ്, കുഞ്ഞന്‍ ബാവ റോഡ് തുടങ്ങിയ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച് പാരഡൈസ് റോഡില്‍ സമീപിച്ചു. മന്ത്രി വി ശിവന്‍കുട്ടി, പന്ന്യന്‍ രവീന്ദ്രന്‍. കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങിയ ഇടതു നേതാക്കള്‍ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണ യോഗങ്ങളിലെത്തിയിരുന്നു.ചലടിത്രനടന്‍ ഇര്‍ഷാദും വൈറ്റിലയില്‍ സ്ഥാനാര്‍ഥിയോടൊപ്പ പര്യടനത്തില്‍ പങ്കാളിയായി.

വീടുകളില്‍ വോട്ട് അഭ്യര്‍ത്ഥനയുമായി യു ഡി എഫ് നേതാക്കള്‍

തെരഞ്ഞെടുപ്പ് പ്രചരണം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ബൂത്തുകളിലെ പ്രവര്‍ത്തനത്തിന് കൂടുതല്‍ ഊന്നല്‍ നല്കി യുഡിഎഫ്. യുഡിഎഫിന്റെ മുതിര്‍ന്ന മുഴുവന്‍ നേതാക്കളും ഇന്ന് തൃക്കാക്കര മണ്ഡലത്തിലെ ബൂത്തുകളില്‍ വീടുകള്‍ കയറി വോട്ട് അഭ്യര്‍ത്ഥിച്ചു.രാവിലെ 7 മുതല്‍ വൈകുന്നേരം 6 മണിവരെയായിരുന്നു പ്രചരണത്തിന്റെ ഭാഗമായുള്ള നേതാക്കളുടെ ഭവനസന്ദര്‍ശന പര്യടനം. യുഡിഎഫ് നേതാക്കളുടെ നേതൃത്വത്തിലുള്ള ബൂത്തുതല പര്യടനം പുത്തന്‍ ഊര്‍ജ്ജം നല്‍കി. പ്രവര്‍ത്തകര്‍ ആവേശത്തോടെയാണ് നേതാക്കളുടെ സന്ദര്‍ശനത്തെ ഏറ്റെടുത്തത്.

കോണ്‍ഗ്രസ് സംഘടനകാര്യ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ വെണ്ണല 19ആം നമ്പര്‍ ബൂത്തിലെ ആലിന്‍ ചുവട്ടില്‍ നിന്നാണ് പ്രചരണം തുടങ്ങിയത്.
മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തമ്മനം 17-ാം നമ്പര്‍ ബൂത്തിലും ,യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ തൃക്കാക്കര 17ആം നമ്പര്‍ ബൂത്തിലും കെപിസിസി പ്രചരണ സമിതി ചെയര്‍മാന്‍ കെ.മുരളീധരന്‍ ഇടപ്പള്ളി 15-ാം നമ്പര്‍ ബൂത്തിലും , ബെന്നി ബെഹനാന്‍ എം.പി ത്യക്കാ ക്കര വെസ്റ്റ് 12-ാം നമ്പര്‍ ബൂത്തിലും വീടുകയറി. എന്‍.കെ.പ്രേമചന്ദ്രന്‍,സിപി ജോണ്‍, ജി.ദേവരാജന്‍, മുസ് ലിം ംലീഗ് നേതാക്കള്‍,കേരള കോണ്‍ഗ്രസ് പിജെ ജോസഫ്, അനൂപ് ജേക്കബ് പാര്‍ട്ടികളുടെ നേതാക്കള്‍, മാണി.സി.കാപ്പന്‍,ആര്‍എസ്പി നേതാക്കള്‍,സിഎംപി നേതാക്കള്‍,ഭാരതീയ നാഷണല്‍ ജനതാ ദളിന്റെ നേതാക്കള്‍ തുടങ്ങിയവരും കെപിസിസി ഭാരവാഹികളും ഉള്‍പ്പെടെയുള്ള നേതാക്കളും മണ്ഡലത്തിലെ 164 ബൂത്തുകളിലായി യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസിന് വോട്ട് അഭ്യര്‍ത്ഥിച്ച് പ്രചരണത്തിന് നേതൃത്വം നല്‍കി.യൂത്ത് കോണ്‍ഗ്രസ്,കെഎസ് യു,മഹിളാ കോണ്‍ഗ്രസ്, ഐന്‍ റ്റിയുസി തുടങ്ങിയ സംഘടനകളുടെ നേതാക്കളും, മുന്‍ മന്ത്രിമാര്‍,മുന്‍ എംപിമാര്‍,മുന്‍ എംഎല്‍എമാര്‍ എന്നിവരും വിവിധ ബൂത്തുകളിലെ പ്രചരണ പരിപാടിയുടെ ഭാഗമായി പങ്കെടുത്തു.