ദക്ഷിണ മേഖലാ കുടുംബാരോഗ്യ സര്‍വെയില്‍ കേരളം മികച്ച നിലയില്‍

 

ദക്ഷിണ മേഖലാ കുടുംബാരോഗ്യ സര്‍വെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: കേരളമുള്‍പ്പെടെയുള്ള ദക്ഷിണ മേഖലാ സംസ്ഥാനങ്ങള്‍ ആരോഗ്യ വികസന സൂചികയില്‍ മികച്ച പുരോഗതി കൈവരിച്ചതായി കേന്ദ്ര ആരോഗ്യ സഹമന്ത്രി ഡോ. ഭാരതി പവാര്‍ പറഞ്ഞു. തിരുവനന്തപുരത്ത് മസ്‌കറ്റ് ഹോട്ടലില്‍ സംഘടിപ്പിച്ച ദക്ഷിണ മേഖലാ കുടുംബാരോഗ്യ സര്‍വെ 5 (2019-21) റിപ്പോര്‍ട്ട് പ്രകാശനവും ഏകദിന ശില്പശാലയും വെര്‍ച്വലായി ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്ര മന്ത്രി. കേരളം, കര്‍ണാടക, തമിഴ്‌നാട്, തെലങ്കാന, ആന്ധ്രാ പ്രദേശ്, പുതുച്ചേരി, ലക്ഷദ്വീപ്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലെ കുടുംബാരോഗ്യ സര്‍വെ റിപ്പോര്‍ട്ടുകളുടെ പ്രകാശനമാണ് കേന്ദ്ര സഹമന്ത്രി നിര്‍വഹിച്ചത്. കുട്ടികളുടെ ജനന രജിസ്‌ട്രേഷന്‍, വൈദ്യുതിയുള്ള വീടുകളില്‍ താമസിക്കുന്ന ജനസംഖ്യ, ആശുപത്രികളിലെ ജനനം, പ്രസവ സമയങ്ങളിള്‍ വൈദഗ്ധ്യമുള്ള ആരോഗ്യപ്രവര്‍ത്തകരുടെ പങ്കാളിത്തം, തുടങ്ങിയ സൂചകങ്ങളില്‍ തെക്കന്‍ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഇതിനകം 100 ശതമാനമോ സാര്‍വത്രികമോ നേടിയതായാണ് സര്‍വെ വ്യക്തമാക്കുന്നത്. രാജ്യത്തിന്റെ ആരോഗ്യമേഖലയിലെ ഘടനാപരമായ വിടവുകള്‍ തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യുക മാത്രമല്ല, വിടവുകള്‍ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണെന്നും ഭാരതി പ്രവിണ്‍ പവാര്‍ വ്യക്തമാക്കി. 2030 ഓടെ ആരോഗ്യ വികസന സൂചികകളില്‍ സുസ്ഥിര ലക്ഷ്യം കൈവരിക്കാനാകുമെന്നാണ് ദക്ഷിണ മേഖല ദേശീയ കുടുംബാരോഗ്യ സര്‍വെ5 റിപ്പോര്‍ട്ട് വ്യക്തമാക്കുന്നതെന്ന് കേന്ദ്ര സഹമന്ത്രി കൂട്ടിച്ചേര്‍ത്തു. കേരളം, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ പെണ്‍കുട്ടികളുടെ നേരത്തെയുള്ള വിവാഹനിരക്ക് കുറവുണ്ടായി.
രാജ്യത്തെ ആശുപത്രിയിലെ ജനനങ്ങള്‍ കഴിഞ്ഞ സര്‍വെയിലെ 79 ശതമാനത്തില്‍ നിന്ന് നിലവില്‍ 89 ശതമാനമായി ഗണ്യമായി വര്‍ധിച്ചു. എന്‍ എഫ് എച്ച് എസ് 5 ല്‍, 12-23 മാസത്തിനിടയില്‍ പ്രായമുള്ള കുട്ടികളില്‍ 77ശതമാന ത്തിലധികം പേര്‍ പൂര്‍ണ്ണമായി പ്രതിരോധ കുത്തിവയ്പ്പ് നേടിയവരാണ്, എല്ലാ സംസ്ഥാനങ്ങളിലും/യുടികളിലും എസ് ഡി ജി സൂചകങ്ങളില്‍ മൊത്തത്തിലുള്ള പുരോഗതി കാണിക്കുന്നു. ദക്ഷിണമേഖലയില്‍ നിന്ന് 1.12 ലക്ഷം സ്ത്രീകളും 15,000 പുരുഷന്മാരുമുള്ള ഏകദേശം 1.12 ലക്ഷം വീടുകളില്‍ നിന്ന് എന്‍ എഫ് എച്ച് എസ് 5 വിവരങ്ങള്‍ ശേഖരിച്ചത്. അതേസമയം മിക്ക സംസ്ഥാനങ്ങളിലെയും ജനങ്ങളില്‍ അമിത വണ്ണം വര്‍ധിച്ചതായി ദേശീയ കുടുംബാരോഗ്യ സര്‍വെ വ്യക്തമാക്കുന്നു. ദേശീയ തലത്തില്‍ അത് സ്ത്രീകള്‍ക്കിടയില്‍ 21 ല്‍ നിന്ന 24 ശതമാനമായും പുരുഷന്‍മാരില്‍ 19 ല്‍ നിന്ന് 23 ശതമാനമായും വര്‍ധിച്ചിട്ടുണ്ട്. കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ഗോവ, സിക്കിം, മണിപ്പൂര്‍, പ,ഞ്ചാബ്, ഡല്‍ഹി, ഛണ്ഡിഗഡ്, പുതുച്ചേരി, ലക്ഷദ്വീപ്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലെ 3446 വയസ്സിനിടയിലെ മൂന്നിലൊന്നിലധികം സ്ത്രീകള്‍ക്കും അമിതഭാരമാണുള്ളത്. ചടങ്ങില്‍ സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിച്ചു. കുറഞ്ഞ ചെലവില്‍ മെച്ചപ്പെട്ട ആരോഗ്യ സംവിധാനം ജനങ്ങള്‍ക്ക് നല്‍കാനാണ് ഗവണ്‍മെന്റ് ലക്ഷ്യമിടുന്നതെന്നും ആര്‍ദ്രം ദൗത്യത്തിലൂടെ ഈ ലക്ഷ്യം കൈവരിക്കാനാകുന്നുണ്ടെന്നും വീണാ ജോര്‍ജ് പറഞ്ഞു. ആരോഗ്യവകുപ്പ് പ്രന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ എന്‍.ഖോ ബ്രഗഡെ മുഖ്യ പ്രഭാഷണം നടത്തി. മുംബൈ ഐ ഐ പി എസ് ഡയറക്ടര്‍ പ്രൊഫ. കെ.എസ്.ജെയിംസ്, ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥരായ സന്ധ്യ കൃഷ്ണമൂര്‍ത്തി, പി. മനോജ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
ദേശീയ ആരോഗ്യ സര്‍വ്വെ5 ന്റെ കണ്ടെത്തലുകളം, പ്രസക്തിയും, മാതൃശിശു ആരോഗ്യവും പോഷണവും, കുടുംബാസൂത്രണം, കൗമാരക്കാരുടെ ആരോഗ്യം എന്നീ വിഷയങ്ങളില്‍ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ പോപ്പുലേഷന്‍ സയന്‍സിലെ വിദഗ്ധര്‍ അവതരണം നടത്തി. . ആരോഗ്യ രംഗത്ത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ പങ്ക്, ദക്ഷിണ സംസ്ഥാനങ്ങളിലെ മികച്ച ആരോഗ്യ മാതൃകകള്‍ എന്നീ വിഷയങ്ങളില്‍ ആരോഗ്യ രംഗത്തെ വിദഗ്ധര്‍ അവതരണം നടത്തി.