കൊല്ലം: ക്രിയാത്മകമായ വിമർശനം ഏതൊരു പ്രസ്ഥാനത്തെയും ശക്തിപ്പെടുത്തുകയേയുള്ളുവെന്നും അക്കാര്യത്തിൽ നീതിന്യായ വ്യവസ്ഥയും വ്യത്യസ്തമല്ലെന്ന് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് സി.ടി. രവികുമാർ. കൊല്ലം പ്രസ്ക്ലബ്ബ് ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളന ഉദ്ഘാടനവും നവീകരിച്ച മന്ദിര സമർപ്പണവും നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു ജസ്റ്റിസ് സി.ടി. രവികുമാർ.
മാധ്യമമേഖലയിലും ചില കാര്യങ്ങളിലെങ്കിലും ക്രിയാത്മകമായ വിമർശനം ആവശ്യമാണ്. വിചാരണ നടക്കുന്ന കേസുകളിൽ ഉൾപ്പെടെയുള്ള വാർത്താഅവതരണങ്ങളിൽ ഏതറ്റം വരെ പോകാം എന്നത് മാധ്യമപ്രവർത്തകർ സ്വയം ചിന്തിച്ച് അതിർത്തിനിർണയിക്കണം. കേസുകളിൽ ഉൾപ്പെടുന്നവർ കുറ്റാരോപിതർ മാത്രമാണ്. നീതിയുക്തമായ വിചാരണ അർഹിക്കുന്ന അത്തരം കുറ്റാരോപിതരുടെ പശ്ചാത്തലം കൂടി ഉൾക്കൊണ്ടാകണം വാർത്തകൾ എന്നും അദേഹം പറഞ്ഞു.
ജനാധിപത്യം നിലനിൽക്കുന്നത് മാധ്യമപ്രവർത്തകരുടെ കൂട്ടായപ്രവർത്തനത്തിന്‍റെ കൂടി കരുത്തിലാണ്. വാർത്തകളുടെ ഭൂതവും ഭാവിയും തേടിപ്പോകുന്ന മാധ്യമപ്രവർത്തനം ഏറ്റവും സുത്യർഹമായ സേവനമാണെന്നും ജസ്റ്റിസ് സി.ടി.രവികുമാർ പറഞ്ഞു.
നവീകരണത്തിനുൾപ്പെടെ സഹായസഹകരണങ്ങൾ നൽകിയ അസീസിയ മെഡിക്കൽ കോളജ് ചെയർമാൻ എം.അബ്ദുൽ അസീസ്, കെ.എം.എം.എൽ എം.ഡി ജെ. ചന്ദ്രബോസ്, വൈസ്രോയി ഹോസ്പിറ്റൽ ഡയറക്ടർ ഗോപിനാഥ പിള്ള, പ്രസ്ക്ലബ് കെട്ടിടം നവീകരണ രൂപകൽപന നിർവഹിച്ച ആർകിടെക്ട് ആബിദ് മുഹമ്മദ് ആസാദ് എന്നിവരെ ഉപഹാരം നൽകി ആദരിച്ചു. പ്രസ് ക്ലബ് പ്രസിഡന്‍റ് അജിത് ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. കെ.യു.ഡബ്ല്യു.ജെ സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ് സുഭാഷ്, പ്രസ് ക്ലബ് സെക്രട്ടറി ജി. ബിജു, ട്രഷറർ സുജിത് സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.