കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ആകെയുള്ള 239 ബൂത്തുകളില്‍ വേറിട്ട ബൂത്തില്‍ തന്നെ നിയോഗിക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് അഞ്ച് വനിതകള്‍. 119ാം നമ്പര്‍ ബൂത്തായ തൃക്കാക്കര ഇന്‍ഫന്റ് ജീസസ് എല്‍.പി.എസ് ആണ് അപൂര്‍വ്വ ബൂത്തായിട്ടുള്ളത്. മുഴുവന്‍ പോളിംഗ് ജീവനക്കാരും വനിതകളായിട്ടുള്ള ഒരേയൊരു ബൂത്ത് ഇവിടെയാണ്.
പോളിംഗ് ബൂത്തിന്റെയും ഉദ്യോഗസ്ഥരുടെയും ചുമതല നല്‍കിയിട്ടുള്ളതും ഒരു വനിതയ്ക്ക് തന്നെയാണ്.
ആലുവ യുസി കോളേജിലെ രസതന്ത്രം അധ്യാപിക ഡോ. നീതു മോള്‍ വര്‍ഗീസ്, മരട് നഗരസഭ ജൂനിയര്‍ സൂപ്രണ്ട് പി.പി ജൂഡി, അങ്കമാലി ബ്ലോക്ക് പഞ്ചായത്തില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറായ എ. ശീതള, സൗത്ത് വാഴക്കുളം ജി.എച്ച്.എസ്.എസിലെ ഇംഗ്ലീഷ് അധ്യാപികയായ എം.പി റൂബിയ എന്നിവരെയാണ് ഇവിടെ നിയോഗിച്ചിട്ടുള്ളത്. വനിത സെല്ലിലെ ഉദ്യോഗസ്ഥയായ പി.എസ് അമ്പിളിക്കാണ് സുരക്ഷാ ചുമതല.
മഹാരാജാസ് കോളേജിലെ വോട്ടെടുപ്പ് സാമഗ്രികളുടെ വിതരണ കേന്ദ്രത്തിലെത്തിയപ്പോഴായിരുന്നു ഒപ്പമുള്ളത് മുഴുവന്‍ വനിതകളാണെന്ന് അഞ്ച് പേരും അറിഞ്ഞത്. പ്രിസൈഡിങ്ങ് ഓഫീസറായ നീതു മോളും ഫസ്റ്റ് പോളിംഗ് ഓഫീസറായ ജൂഡിയും ചേര്‍ന്നായിരുന്നു വോട്ടിംഗ് യന്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഏറ്റുവാങ്ങിയത്. അപ്പോഴും മണ്ഡലത്തിലെ ഒരേയൊരു വനിതാ ബൂത്താണ് തങ്ങളുടേതെന്ന് ഇവര്‍ക്ക് അറിയില്ലായിരുന്നു. ഏക പിങ്ക് ബൂത്ത് ആണെന്ന് അറിഞ്ഞതോടെ ആദ്യം അമ്പരപ്പായിരുന്നു ഇവര്‍.