സര്‍ക്കാര്‍ ഒടിടി പ്ലാറ്റ് ഫോം ‘സിസ്‌പേസി’ല്‍ ജൂണ്‍ 1 മുതല്‍സിനിമ രജിസ്റ്റര്‍ ചെയ്യാം

 

തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി ഒരു സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ഒടിടി (ഓവര്‍-ദ-ടോപ്) പ്ലാറ്റ്‌ഫോമായ ‘സിസ്‌പേസി’ല്‍ പ്രദര്‍ശിപ്പിക്കാനുള്ള സിനിമകളുടെ രജിസ്‌ട്രേഷന്‍ ജൂണ്‍ 1 ന് ആരംഭിക്കും. കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ (കെഎസ്എഫ്ഡിസി) വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള ലിങ്കിലൂടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താവുന്നതണ്.
ഇക്കഴിഞ്ഞ 18 ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് കെഎസ്എഫ്ഡിസിയുടെ ആഭിമുഖ്യത്തിലുള്ള ഒടിടി പ്ലാറ്റ്‌ഫോമിന് നാമകരണം ചെയ്തത്. ഇഷ്ടാനുസരണം സിനിമകളും ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്ററികളും ആസ്വദിക്കാവുന്ന സംരംഭത്തിന് കേരളപ്പിറവി ദിനത്തില്‍ തുടക്കമാകും.
ലാഭവിഹിതം പങ്കുവയ്ക്കലും സുതാര്യതയും അത്യാധുനിക സാങ്കേതികമികവുമാണ് സിസ്‌പേസിന്റെ മുഖമുദ്ര. ബോക്‌സോഫീസിലെ പ്രകടനത്തിനതീതമായി കലാമൂല്യമുള്ളതും രാജ്യാന്തര അംഗീകാരം നേടിയതും ഐഎഫ്എഫ്‌കെയിലെ മികച്ച ചിത്രങ്ങളും ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്ററികളും സിസ്‌പേസില്‍ പ്രദര്‍ശിപ്പിക്കും.