തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് അടച്ചിട്ടിരുന്ന സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ പൂര്‍ണ അധ്യയനം തുടങ്ങി. സംസ്ഥാനമെമ്പാടുമുള്ള സ്‌കൂളുകളില്‍ നടന്ന വര്‍ണാഭമായ പ്രവേശനോത്സവത്തില്‍ പങ്കെടുത്ത് 42.9 ലക്ഷം വിദ്യാര്‍ഥികള്‍ വിദ്യാലയ മുറ്റത്തേക്കെത്തി. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കഴക്കൂട്ടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ഇതേ സമയം മറ്റു സ്‌കൂളുകളിലും പ്രവേശനോത്സവം നടന്നു. മധുരവും സമ്മാനങ്ങളും നല്‍കിയാണു വിദ്യാലയങ്ങള്‍ കുരുന്നുകളെ വരവേറ്റത്.
മതനിരപേക്ഷതയുടെ ഏറ്റവും വലിയ വിളനിലമാണു വിദ്യാലയങ്ങളെന്നു പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു മുഖ്യമന്ത്രി പറഞ്ഞു. വിദ്യാലയം നാടിന്റെ മതനിരപേക്ഷ കേന്ദ്രമാണ്. ജാതിയോ മതമോ വിദ്യാലയങ്ങളില്‍ കുഞ്ഞുങ്ങളെ വേര്‍തിരിക്കുന്നില്ല. എല്ലാ ജാതി മതസ്ഥരും ഒരേ കുടുംബത്തില്‍പ്പെട്ട സഹോദരങ്ങളെപ്പോലെയാണു സ്‌കൂളില്‍ കഴിയുന്നത്. അവര്‍ ഒന്നിച്ചു കളിക്കുകയും പഠിക്കുകയും ബഹളമുണ്ടാക്കുകയുമൊക്കെ ചെയ്യും. ഇത് അപകടപ്പെടുത്താനുള്ള ബോധപൂര്‍വമായ നീക്കങ്ങള്‍ പല കേന്ദ്രങ്ങളില്‍നിന്ന് ഉയരുന്നുണ്ട്. മതനിരപേക്ഷത സംരക്ഷിക്കാനുള്ള ജാഗ്രതയോടെയുള്ള ഇടപെടല്‍ ആവശ്യമാണ്. ഇതിനായി ശാസ്ത്രീയ ചിന്ത വളര്‍ത്തിയെടുക്കാന്‍ കഴിയണം. ശാസ്ത്രീയ ചിന്ത വളര്‍ത്തിയെടുക്കാന്‍ സ്‌കൂളുകള്‍ വലിയ തോതില്‍ സഹായിക്കും. പൂക്കളെയും ശലഭങ്ങളെയും പൂത്തുമ്പികളെയും കണ്ടും അവയുമായി സല്ലപിച്ചും വളരുന്ന കുട്ടികള്‍ ഇതിനെയെല്ലാം സ്നേഹിച്ചുകൊണ്ടാണു വളരുന്നത്. അതു നാളെ സഹജാതരോടുള്ള സ്നേഹമായി വളരും.
കുട്ടികള്‍ കളിക്കുന്നതിന് അവസരം നിഷേധിക്കുന്ന രക്ഷിതാക്കള്‍ അപൂര്‍വമായെങ്കിലുമുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇതു കുട്ടികളുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും. ഒന്നിച്ചു കൂട്ടുകാരോടൊത്തു കളിക്കുമ്പോഴും കൂട്ടുകൂടുമ്പോഴും കുട്ടികള്‍ പഠിക്കുന്ന നിരവധി കാര്യങ്ങളുണ്ട്. കുട്ടികളെ കളിക്കാന്‍ വിടാത്ത രക്ഷിതാക്കള്‍ അവരുടെ കുട്ടിക്കാലം ഓര്‍ക്കണം. അവര്‍ അക്കാലത്തു കളിച്ചു വളരാതിരുന്നവരാണെങ്കില്‍ അതിന്റേതായ കുറവുകള്‍ ഇപ്പോഴത്തെ ജീവിതത്തില്‍ കാണുന്നമുണ്ടാകും. അങ്ങനെയുള്ളവര്‍ തനിക്കുണ്ടായ ദുര്‍ഗതി കുഞ്ഞിനു വരരുതെന്നു ചിന്തിക്കണം.
നാട്ടില്‍ കളിസ്ഥലങ്ങള്‍ പരിമിതപ്പെടുന്ന സാഹചര്യമാണ് ഇന്ന്. സ്‌കൂളുകളോടനുബന്ധിച്ചുള്ള കളിസ്ഥലങ്ങള്‍ക്കു പുറമേ കുട്ടികള്‍ക്കും ചെറുപ്പക്കാര്‍ക്കും കളിക്കാനും മറ്റു വിനോദങ്ങള്‍ക്കുമായുള്ള പ്രത്യേക ഇടങ്ങള്‍ വേണം. കഴിയാവുന്നത്ര പൊതു ഇടങ്ങള്‍ നാട്ടിലുണ്ടാകണം. അതു സമൂഹത്തിന്റെ പൊതു ആരോഗ്യം വര്‍ധിപ്പിക്കുന്നതിനു സഹായിക്കും. പൊതു ഇടങ്ങള്‍ ആവശ്യമാണെന്ന പൊതുബോധത്തിലേക്കു സമൂഹം എത്തിച്ചേരണം. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും ഭിന്നശേഷി സൗഹൃദമാകുകയെന്നതു പ്രധാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒന്നര വര്‍ഷത്തോളമായി വീടുകളിലായിരുന്ന വിദ്യാര്‍ഥികള്‍ക്കു വിദ്യാലയത്തിന്റെ പുതുപരിസരം പരിചയപ്പെടുത്തുന്നതില്‍ അധ്യാപകര്‍ പ്രത്യേക ശ്രദ്ധവയ്ക്കണമെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. കോവിഡ് ഏല്‍പ്പിച്ച പരുക്കുകള്‍ ഭേദമാക്കലും, കോവിഡ് തുറന്നുതന്ന സാധ്യതകള്‍ ഉപയോഗിക്കലുമാണ് ലക്ഷ്യം. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി മുടങ്ങിക്കിടന്നിരുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവം, സ്‌കൂള്‍ കായികമേള, ശാസ്ത്ര ഗണിതശാസ്ത്ര പ്രവൃത്തിപരിചയ മേള എന്നിവ ഈ വര്‍ഷം പുനരാരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
കഴക്കൂട്ടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച വര്‍ണാഭമായ സ്വാഗത നൃത്തത്തോടെയാണു പ്രവേശനോത്സവ ചടങ്ങുകജള്‍ ആരംഭിച്ചത്. ചടങ്ങിനു ശേഷം പുതുതായി എത്തിയ കുരുന്നുകള്‍ക്കു മുഖ്യമന്ത്രിയും മന്ത്രിമാരും ബാഗും കുടയും സമ്മാനമായി നല്‍കി. ഈ അധ്യയന വര്‍ഷത്തെ അക്കാദമിക് കലണ്ടര്‍ മുഖ്യമന്ത്രി പ്രകാശനം ചെയ്തു. കഴക്കൂട്ടം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബിന്ദു കലണ്ടര്‍ ഏറ്റുവാങ്ങി. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ സ്നേഹ അനൂപിനെ പൊതുവിദ്യാഭ്യാസ മന്ത്രി ആദരിച്ചു.
ഓസ്‌കര്‍ പുരസ്‌കാര ജേതാവ് റസൂല്‍ പൂക്കുട്ടി മുഖ്യാതിഥിയായിരുന്നു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍, ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, എം.എല്‍.എമാരായ കടകംപള്ളി സുരേന്ദ്രന്‍, വി.കെ. പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ എല്‍.എസ്. കവിത, പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ ബാബു, ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.