കുട്ടികൾക്കൊപ്പം സ്കൂളിൽ ഉച്ച ഭക്ഷണം കഴിച്ച് മന്ത്രി വി ശിവൻകുട്ടി

വർത്തമാനം ബ്യുറോ

 

  • ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ സ്‌കൂളുകളിൽ ഉദ്യോഗസ്ഥ പരിശോധന തുടരുന്നു

തിരുവനന്തപുരം: കുട്ടികൾക്കൊപ്പം സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ച് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരം പൂജപ്പുര ഗവർമെന്റ് യു പി എസിൽ എത്തിയാണ് മന്ത്രി വിദ്യാർത്ഥികൾക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചത്. സ്കൂളിലെ പാചകപ്പുരയും ക്‌ളാസുകളും മന്ത്രി സന്ദർശിച്ചു.

കോഴിക്കോട് സിവിൽ സ്റ്റേഷൻ ഗവൺമെൻ്റ് യുപിഎസ് ,സെൻ്റ്.വിൻസെൻ്റ് എന്നീ സ്കൂളുകളിൽ വിദ്യാർത്ഥികൾക്ക് നൽകുന്ന ഉച്ചഭക്ഷണത്തിൻ്റെ ഗുണനിലവാരം ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ നേരിൽകണ്ട് വിലയിരുത്തി.

ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് സംസ്ഥാനത്തെ സ്കൂളുകളിൽ പരിശോധന നടന്നുവരികയാണ്. ജില്ലകളിലെ ന്യൂൺഫീഡിംഗ് സൂപ്പർവൈസർമാരും ഉപജില്ലാ തലങ്ങളിലെ ന്യൂൺമീൽ ഓഫീസർമാരും സ്‌കൂളുകളിൽ എത്തി ഉച്ചഭക്ഷണ പാചകപ്പുര, പാത്രങ്ങൾ,വാട്ടർടാങ്ക്,, ടോയ്‌ലറ്റുകൾ,ഉച്ച ഭക്ഷണ സാമഗ്രികൾ തുടങ്ങിയവ പരിശോധിക്കുകയാണ്. ഒരാഴ്ചയ്ക്കുള്ളിൽ സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലെയും കുടിവെള്ള പരിശോധന വാട്ടർ അതോറിറ്റിയുമായും മറ്റു വകുപ്പുകളുമായും ചേർന്ന് നടത്തും.